ദുബൈ സാമ്പത്തികരംഗത്തിന് 4 ശതമാനം വളർച്ച
text_fieldsദുബൈയുടെ ആകാശ ദൃശ്യം
ദുബൈ: വിവിധ മേഖലകളിൽ വലിയ മുന്നേറ്റം കാഴ്ചവെക്കുന്ന ദുബൈയിലെ സാമ്പത്തികരംഗം ഈ വർഷം ആദ്യ പാദത്തിൽ 4 ശതമാനം വളർച്ച രേഖപ്പെടുത്തി. ജനുവരി മുതൽ മാർച്ച് വരെയുള്ള മൂന്നുമാസത്തിൽ നിക്ഷേപകരുടെ ആകർഷണ കേന്ദ്രമായ എമിറേറ്റിലെ ജി.ഡി.പി 32.6 ശതകോടി ഡോളറായി വർധിച്ചതായും ദുബൈ മീഡിയ ഓഫീസ് വ്യാഴാഴ്ച വെളിപ്പെടുത്തി. നിർണായകമായ വിവിധ മേഖലകളിലെ മികച്ച പ്രകടനമാണ് ദുബൈയുടെ നേട്ടത്തിന് കാരണമായിരിക്കുന്നത്.
ആരോഗ്യ, സാമൂഹിക സേവന മേഖല കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനേക്കാൾ 26 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്. മൂല്യം അടിസ്ഥാനമാക്കിയാൽ മൊത്ത, ചില്ലറ വ്യാപാര രംഗം 27.5 ശതകോടിയുമായി മുന്നിട്ടുനിൽക്കുകയാണ്. മുൻവർഷത്തേക്കാൾ ഈ മേഖല 4.5 ശതമാനം വളർച്ചയാണ് കൈവരിച്ചിരിക്കുന്നത്. ദുബൈയിലെ സുപ്രധാന മേഖലയായ റിയൽ എസ്റ്റേറ്റിന്റെ സംഭാവന 900 കോടി ദിർഹമാണ്.
ഇത് മുൻ വർഷത്തെ അപേക്ഷിച്ച് 7.8 ശതമാനം വളർച്ചയാണ് നേടിയിരിക്കുന്നത്. ദുബൈ ലാൻഡ് ഡിപ്പാർട്ട്‌മെന്റിന്റെ ഡാറ്റ പ്രകാരം ദുബൈ വിപണിയിലേക്ക് 59,000ത്തിലധികം പുതിയ നിക്ഷേപകർ പ്രവേശിച്ചതോടെ ഈ വർഷം ആദ്യ പകുതിയിൽ ദുബൈയിലെ റിയൽ എസ്റ്റേറ്റ് ഇടപാടുകളുടെ അളവും മൂല്യവും കുത്തനെ ഉയർന്നിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ ആദ്യ ആറ് മാസങ്ങളിൽ ആകെ ഇടപാട് 99,947 ആയിരുന്നത് ഇത്തവണ ഏകദേശം 26 ശതമാനം വർധിച്ച് 125,538 ആയിട്ടുണ്ട്. ഇടപാടുകളുടെ മൂല്യം ഏകദേശം 25 ശതമാനം ഉയർന്ന് ഏകദേശം 431 ശതകോടി ദിർഹമായിട്ടുമുണ്ട്.
ദുബൈയിലെ മറ്റൊരു പ്രധാന മേഖലയായ ഫിനാൻഷ്യൽ, ഇൻഷുറൻസ് രംഗം ആദ്യ പാദത്തിൽ 5.9 ശതമാനം വളർച്ചയോടെ 16 ബില്യൺ ദിർഹമായിട്ടുണ്ട്. നിർമ്മാണ മേഖല 3.3 ശതമാനം വളർച്ചയോടെ 8.7 ശതകോടി ദിർഹമിലുമെത്തി.ദുബൈ സാമ്പത്തിക, ടൂറിസം വകുപ്പ് പുറത്തുവിട്ട കണക്കുകൾ പ്രകാരം, കഴിഞ്ഞ വർഷം ദുബൈ 1.87 കോടി അന്താരാഷ്ട്ര സന്ദർശകരെ സ്വീകരിച്ചിട്ടുണ്ട്. ഇതടക്കം എല്ലാ മേഖലയിലും മുൻ വർഷത്തെ അപേക്ഷിച്ച് നേട്ടം കൈവരിക്കാൻ ദുബൈക്ക് സാധിച്ചിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.