അവധിയെടുക്കാൻ നിയമമുണ്ട്; നിർദേശം നൽകി അബൂദബിയിലെ സ്വകാര്യ സ്‌കൂളുകൾ
text_fieldsഅബൂദബി: എമിറേറ്റിലെ സ്വകാര്യ സ്‌കൂളുകൾ വിദ്യാര്‍ഥികള്‍ക്കായി അബൂദബി വിദ്യാഭ്യാസ, വിജ്ഞാന വകുപ്പ്(അഡെക്) പ്രഖ്യാപിച്ച നയമനുസരിച്ച് പുതിയ ഹാജര്‍ നിയമം നടപ്പിലാക്കുന്നത് ആരംഭിച്ചു. അക്കാദമിക് വര്‍ഷത്തില്‍ വിദ്യാര്‍ഥികള്‍ക്ക് അനുവദനീയമായ ലീവുകൾ അടക്കമുള്ള കാര്യങ്ങൾ വ്യക്തമാക്കുന്ന നയം സംബന്ധിച്ച് രക്ഷിതാക്കൾക്ക് സ്കൂളുകൾ അറിയിപ്പ് നൽകിയിട്ടുണ്ട്. അക്കാദമിക് വര്‍ഷത്തില്‍ മൊത്തം പ്രവൃത്തിദിനങ്ങളുടെ അഞ്ച് ശതമാനത്തില്‍ കൂടുതല്‍ ഒരു വിദ്യാര്‍ഥി ക്ലാസിലെത്താതിരുന്നാല്‍ വിദ്യാര്‍ഥിയെ ആശങ്കയുള്ള കുട്ടികളുടെ ഗണത്തില്‍ ഉള്‍പ്പെടുത്തും. ഒരു വര്‍ഷത്തില്‍ മൂന്നു തവണയോ അതില്‍ കൂടുതലോ പ്രാവശ്യം സ്‌കൂളില്‍ വൈകിയെത്തിയാല്‍ വിദ്യാര്‍ഥിക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാം. സ്റ്റുഡൻറ് ബിഹേവിയർ പോളിസി അനുസരിച്ചുള്ള നടപടിയായിരിക്കണം സ്വീകരിക്കേണ്ടത്.
മാതാപിതാക്കൾ ഒപ്പുവച്ച കത്തോ അല്ലെങ്കില്‍ ബന്ധപ്പെട്ട അധികൃതരില്‍ നിന്നുള്ള അംഗീകൃത രേഖകളോടെയും മാത്രമേ വിദ്യാര്‍ഥികള്‍ക്ക് ലീവ് അനുവദിക്കൂ. മെഡിക്കല്‍ ലീവ്, അടുത്ത ബന്ധുക്കളുടെ മരണം, മുന്‍കൂട്ടി നിശ്ചയിച്ച മെഡിക്കൽ അപ്പോയ്മെന്റ്, ഔദ്യോഗിക സാമൂഹിക സേവനാവധി, ഔദ്യോഗിക സ്ഥാപനങ്ങളിൽ നിർബന്ധിതമായി ഹാജരാകേണ്ടി വരുന്നത്, കുടുംബാംഗങ്ങളുടെ ചികില്‍സയുമായും മറ്റും ബന്ധപ്പെട്ട അടിയന്തര യാത്രകള്‍, കുടുംബാംഗത്തിന്‍റെ മരണം മുതലായ സാഹചര്യങ്ങളിലാണ് മാതാപിതാക്കളുടെയോ ഔദ്യോഗിക കേന്ദ്രങ്ങളില്‍ നിന്നോ ഉള്ള രേഖകളുടെ പിന്‍ബലത്തില്‍ ലീവ് അനുവദിക്കുക.
പ്രിന്‍സിപ്പലിന്റെ അനുമതിയോടു കൂടി കോൺഫറൻസുകളിലോ കായിക മല്‍സരങ്ങളിലോ, യു.എ.ഇയില്‍ പൊതു അവധി പ്രഖ്യാപിച്ചിട്ടില്ലാത്ത മതപരമായ അവധി ദിനങ്ങളിലോ ലീവെടുക്കാനും ഇളവുണ്ട്. പൊതു പരീക്ഷകള്‍ക്ക് ഒരുങ്ങുന്നതിനായുള്ള ലീവും അനുവദിക്കും. ബോര്‍ഡ് പരീക്ഷകള്‍ക്കൊരുങ്ങുന്ന വിദ്യാര്‍ഥികള്‍ക്ക് ഓരോ വര്‍ഷവും നാലാഴ്ച പഠനാവധി നല്‍കണമെന്നാണ് വ്യവസ്ഥ. സ്റ്റഡി ലീവ് അനുവദിച്ചിരിക്കുന്ന സമയങ്ങളില്‍ സ്‌കൂളുകള്‍ പഠനത്തിനായി തുറന്നിരിക്കണമെന്നും ക്ലാസിലെത്തുന്ന വിദ്യാര്‍ഥികള്‍ക്ക് വേണ്ട പിന്തുണ നല്‍കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.
ഓരോ അക്കാദമിക് വര്‍ഷത്തിന്റെ ആരംഭത്തിലും സ്‌കൂളുകള്‍ അറ്റന്‍ഡന്‍സ് നയം നടപ്പാക്കുകയും നിരീക്ഷിക്കുകയും അവ മാതാപിതാക്കളെ അറിയിക്കുകയും വേണം. ഇത് സ്ഥിരമായി വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കണം. വിദ്യാര്‍ഥി അകാരണമായി ഹാജരാകാതിരുന്നാല്‍ രണ്ട് മണിക്കൂറിനുള്ളില്‍ ഇതിന്റെ ഫോളോഅപ്പ് സ്‌കൂള്‍ അധികൃതര്‍ നടത്തണം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.