വിപഞ്ചിക, വൈഭവി...ഇപ്പോൾ അതുല്യ; രണ്ടാഴ്ചക്കിടെ മൂന്നു മരണം, ഞെട്ടലിൽ പ്രവാസി മലയാളികൾ
text_fieldsഷാർജ: കൊല്ലം കേരളപുരം സ്വദേശി വിപഞ്ചികയുടെയും ഒന്നര വയസ്സുകാരി മകളുടെയും മരണത്തിന്‍റെ ഞെട്ടൽ മാറും മുമ്പേ യു.എ.ഇയിൽനിന്ന് ദാരുണമായ മറ്റൊരു മരണ വാർത്ത കൂടി.
കൊല്ലം ചവറ തെക്കുംഭാഗം കോയിവിളയിൽ അതുല്യഭവനിൽ അതുല്യ സതീഷിനെ (30) യാണ് ഷാർജ റോളയിലെ ഫ്ലാറ്റിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. കെട്ടിടനിർമാണക്കമ്പനിയിൽ എൻജിനീയറായ ഭർത്താവ് സതീഷ് ശങ്കർ അജ്മാനിൽ പോയി പുലർച്ചെ നാലോടെ തിരിച്ചെത്തിയപ്പോഴാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സതീഷ് സ്ഥിരം മദ്യപാനിയാണെന്നും മദ്യപിച്ച് അതുല്യയെ ദേഹോപദ്രവം ഏൽപിക്കാറുണ്ടെന്നുമാണ് ബന്ധുക്കളുടെ ആരോപണം. ഇതുസംബന്ധമായി ഷാർജ പൊലീസിൽ മുമ്പ് പരാതി നൽകിയിട്ടുമുണ്ട്.
വർഷങ്ങളായി യു.എ.ഇയിലുള്ള ഭർത്താവ് ഒന്നര വർഷം മുമ്പാണ് അതുല്യയെ ഇങ്ങോട്ടു കൊണ്ടുവന്നത്. നേരത്തെ ദുബൈയിലായിരുന്നു ഇരുവരുടെയും താമസം. ദമ്പതികളുടെ ഏക മകൾ ആരാധിക (10) അതുല്യയുടെ പിതാവ് രാജശേഖരൻ പിള്ളയുടെയും മാതാവ് തുളസിഭായ് പിള്ളയുടെയും കൂടെ നാട്ടിലെ സ്കൂളിലാണ്. ഏക സഹോദരി അഖില ഗോകുൽ ഷാർജയിൽ ഇവരുടെ ഫ്ലാറ്റിനടുത്ത് തന്നെയാണ് താമസം. ചേച്ചിയുടെ മാനസിക പ്രയാസങ്ങൾ പലപ്പോഴായി പറയാറുണ്ടെന്ന് അഖില പറഞ്ഞു.
ഷാർജ ഫോറൻസിക് വിഭാഗത്തിലുള്ള മൃതദേഹം നടപടികൾക്കു ശേഷം നാട്ടിലേക്ക് കൊണ്ടുപോകും. കഴിഞ്ഞ ചൊവ്വാഴ്ച ഷാർജ അൽ നഹ്ദയിൽ കൊല്ലം കേരളപുരം സ്വദേശിനി വിപഞ്ചിക (33) തൂങ്ങി മരിച്ച നിലയിലും ഒന്നര വയസ്സുള്ള മകൾ വൈഭവിയെ മരിച്ച നിലയിലും കണ്ടെത്തിയിരുന്നു. ഭർത്താവുമായുള്ള പിണക്കത്തെ തുടർന്ന് മകളെ കൊലപ്പെടുത്തിയ ശേഷം ഒരേ കയറിൽ കെട്ടിത്തൂങ്ങുകയായിരുന്നെന്നാണ് പൊലീസ് റിപോർട്ട്. വൈഭവിയുടെ മൃതദേഹം വ്യാഴാഴ്ച ദുബൈ ജബൽ അലിയിൽ സംസ്കരിച്ചു. ഷാർജ ഫോറൻസിക് വിഭാഗത്തിലുള്ള വിപഞ്ചികയുടെ മൃതദേഹം തിങ്കളാഴ്ച നാട്ടിലേക്ക് കൊണ്ടുപോകുമെന്നാണ് ബന്ധുക്കൾ അറിയിച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.