നബിദിനം; സെപ്റ്റംബർ അഞ്ചിന് യു.എ.ഇയിൽ പൊതു അവധി
text_fieldsദുബൈ: നബിദിനം പ്രമാണിച്ച് രാജ്യത്തെ പൊതു, സ്വകാര്യ മേഖലകൾക്ക് സെപ്റ്റംബർ അഞ്ച് വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചു. ഹിജ്റ കലണ്ടറിലെ റബീഉൽ അവ്വൽ 12നാണ് നബിദിനം ആചരിച്ചുവരുന്നത്. വാരാന്ത്യ അവധികളുമായി ചേർന്നു വരുന്നതിനാൽ സർക്കാർ ജീവനക്കാർ അടക്കമുള്ളവർക്ക് മൂന്ന് ദിവസം തുടർച്ചയായി അവധി ലഭിക്കും.
ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെന്റ് ഹ്യൂമൻ റിസോഴ്‌സസ് സർക്കാർ ജീവനക്കാരുടെ അവധി സംബന്ധിച്ച് എല്ലാ മന്ത്രാലയങ്ങൾക്കും ഫെഡറൽ സ്ഥാപനങ്ങൾക്കും സർക്കുലർ അയച്ചിട്ടുണ്ട്. സ്വകാര്യ മേഖലയിലെ ജീവനക്കാരുടെ അവധി മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയമാണ് പ്രഖ്യാപിച്ചത്.
നേരത്തെ രാജ്യത്ത് മാസപ്പിറ ദർശിക്കാത്തതിനാൽ സഫർ മാസം പൂർത്തിയായ ശേഷം തിങ്കളാഴ്ചയാണ് രാജ്യത്ത് റബീഉൽ അവ്വൽ മാസമാരംഭിച്ചത്. അതേസമയം അറബ് ലോകത്ത് തന്നെ വിവിധ രാജ്യങ്ങളിൽ ശനിയാഴ്ച മാസപ്പിറവി കണ്ടിട്ടുണ്ട്. സൗദി അറേബ്യ, ഖത്തർ, ബഹ്റൈൻ, കുവൈത്ത് എന്നിവിടങ്ങളിൽ ഞായറാഴ്ച റബീഉൽ അവ്വൽ ഒന്നായിരുന്നു. യു.എ.ഇക്ക് പുറമെ ഒമാനിലും മാസപ്പിറവി കാണാത്തതിനാൽ തിങ്കളാഴ്ചയാണ് ഹിജ്റ കലണ്ടറിലെ മൂന്നാമത്തെ മാസം ആരംഭിക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.