അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ ഇസ്രായേൽ കുടിയേറ്റ പദ്ധതിയെ അപലപിച്ച് യു.എ.ഇ
text_fieldsദുബൈ: അധിനിവിഷ്ട വെസ്റ്റ് ബാങ്കിൽ ഇസ്രായേൽ നടപ്പിലാക്കുന്ന പുതിയ കുടിയേറ്റ പദ്ധതിയെയും ഗസ്സയിൽ തുടരുന്ന വലിയ തോതിലുള്ള സൈനിക നടപടികളെയും ശക്തമായി അപലപിക്കുകയും തള്ളിക്കളയുകയും ചെയ്ത് യു.എ.ഇ. വിദേശ കാര്യ മന്ത്രാലയമാണ് പ്രസ്താവനയിൽ ഇക്കാര്യം വ്യക്തമാക്കിയത്. ഇത്തരം നടപടികൾ അന്താരാഷ്ട്ര നിയമങ്ങളുടെയും ഐക്യരാഷ്ട്ര സഭ പ്രമേയങ്ങളുടെയും ഗുരുതര ലംഘനമാണെന്നും നീതിയുക്തവും സമഗ്രവുമായ സമാധാനം കൈവരിക്കാനും സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം രൂപീകരിക്കാനുമുള്ള പ്രദേശികവും അന്തർദേശീയവുമായ ശ്രമങ്ങളെ തുരങ്കംവെക്കുന്നതുമാണെന്നും പ്രസ്താവന ചൂണ്ടിക്കാട്ടി.
വർധിച്ചുവരുന്ന മാനുഷിക ദുരിതവും പ്രാദേശിക സുരക്ഷക്കും സ്ഥിരതക്കും ഉയർത്തുന്ന ഭീഷണിയും ഉൾപ്പെടെ, തുടർച്ചയായ ആക്രമണത്തിന്റെ വിനാശകരമായ പ്രത്യാഘാതങ്ങളെക്കുറിച്ച് മന്ത്രാലയം മുന്നറിയിപ്പ് നൽകി. കുടിയേറ്റ വ്യാപനവും സൈനിക നടപടികളും ഉടനടി നിർത്തലാക്കണമെന്ന് യു.എ.ഇ പ്രസ്താവനയിൽ വീണ്ടും ആവശ്യപ്പെട്ടു. ഈ നിയമ ലംഘനങ്ങൾ അവസാനിപ്പിക്കുന്നതിൽ അന്താരാഷ്ട്ര സമൂഹം തങ്ങളുടെ ഉത്തരവാദിത്തം ഉയർത്തിപ്പിടിക്കണമെന്നും അന്താരാഷ്ട്ര നിയമസാധുതയെ അടിസ്ഥാനമാക്കി നീതിയുക്തവും സമഗ്രവും ശാശ്വതവുമായ സമാധാനത്തിലേക്ക് നയിക്കുന്ന വിശ്വസനീയമായ ഒരു രാഷ്ട്രീയ പ്രക്രിയക്ക് വേണ്ടി പ്രവർത്തിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.