Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യു.എ.ഇയിൽ എണ്ണച്ചോർച്ച സ്ഥിരീകരിച്ചു; ഉമ്മുൽ ഖുവൈൻ ബീച്ചുകൾ അടച്ചു, ദുബൈയിലും ഇന്ധനഗന്ധം

text_fields
bookmark_border
യു.എ.ഇയിൽ എണ്ണച്ചോർച്ച സ്ഥിരീകരിച്ചു; ഉമ്മുൽ ഖുവൈൻ ബീച്ചുകൾ അടച്ചു, ദുബൈയിലും ഇന്ധനഗന്ധം
cancel

ദുബൈ: യു.എ.ഇയിലെ ഉമ്മുൽ ഖുവൈൻ തീരത്ത് എണ്ണച്ചോർച്ചയുണ്ടായതായി കാലാവസ്ഥാ വ്യതിയാന-പരിസ്ഥിതി മന്ത്രാലയം സ്ഥിരീകരിച്ചു. ദുബൈ ഉൾപ്പെടെയുള്ള വടക്കൻ എമിറേറ്റുകളിൽ കഴിഞ്ഞ ദിവസങ്ങളിൽ അനുഭവപ്പെട്ട ഇന്ധനഗന്ധത്തിന് കാരണം എണ്ണച്ചോർച്ചയാണെന്നാണ് അധികൃതർ വ്യക്തമാക്കിയത്. മുൻകരുതൽ നടപടിയുടെ ഭാഗമായി ഉമ്മുൽ ഖുവൈനിലെ ബീച്ചുകളും തീരപ്രദേശങ്ങളും താൽക്കാലികമായി അടച്ചു.

എണ്ണച്ചോർച്ച കണ്ടെത്തിയതിനെ തുടർന്ന് ഫെഡറൽ, പ്രാദേശിക അധികൃതർ ചേർന്ന് എണ്ണപ്പാടുകൾ നിയന്ത്രിക്കാനും ശുചീകരിക്കാനും നടപടികൾ ആരംഭിച്ചിട്ടുണ്ട്. കടൽപരിസ്ഥിതിക്ക് ഉണ്ടായേക്കാവുന്ന ആഘാതം വിലയിരുത്തുന്നതിനായി തീരപ്രദേശങ്ങളിൽ പരിശോധനയും നിരീക്ഷണവും തുടരുകയാണ്. സാങ്കേതിക പരിശോധനകൾ പൂർത്തിയാക്കി സുരക്ഷാ നടപടികൾ നിർണയിക്കുന്നതുവരെ ഉമ്മുൽ ഖുവൈനിലെ ബീച്ചുകളിലും തീരപ്രദേശങ്ങളിലും പ്രവേശനം താൽക്കാലികമായി നിരോധിച്ചതായാണ് മന്ത്രാലയം അറിയിച്ചത്.

അന്താരാഷ്ട്ര സമുദ്ര ഏജൻസികളുടെ റിപ്പോർട്ടുകൾ പ്രകാരം, ഒക്ടോബർ 9,10 തീയതികളിൽ ഒരു സൂപ്പർ ടാങ്കർ കപ്പലിന് നേരെ ഇറാനിയൻ ഡ്രോൺ ആക്രമണം നടന്നതായി സംശയിക്കുന്നുണ്ട്. 330 മീറ്റർ നീളമുള്ള കപ്പലിലുണ്ടായിരുന്ന 22 ഇന്ത്യൻ നാവികരെ അന്ന് രക്ഷപ്പെടുത്തിയിരുന്നു. എന്നാൽ എണ്ണച്ചോർച്ചയുമായി ബന്ധപ്പെട്ട് ഏതെങ്കിലും കപ്പലിന്റെ പേര് യു.എ.ഇ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

ഷാർജ, അജ്മാൻ, ഉമ്മുൽ ഖുവൈൻ എന്നിവിടങ്ങളിൽ അനുഭവപ്പെട്ട ഇന്ധനഗന്ധം നിലവിൽ പൊതുജനാരോഗ്യത്തിന് ഭീഷണിയല്ലെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. എങ്കിലും തീരത്ത് അടിഞ്ഞുകൂടുന്ന എണ്ണയുമായി സമ്പർക്കം പുലർത്തരുതെന്ന് ജനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്. ബാധിത പ്രദേശങ്ങളിൽ മത്സ്യബന്ധനം നടത്തരുതെന്നും കടലുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർ അധികൃതരുടെ നിർദേശങ്ങൾ പാലിക്കണമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.

ഇറാൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഗൾഫ് മേഖലയിലും അറബിക്കടലിലും ഉണ്ടാകാനിടയുള്ള പരിസ്ഥിതി ആഘാതങ്ങളെക്കുറിച്ച് ആശങ്കകൾ വർധിച്ചുവരുന്നതിനിടെയാണ് എണ്ണച്ചോർച്ച സ്ഥിരീകരിച്ചിരിക്കുന്നത്. എണ്ണപ്പാടിന്റെ വ്യാപ്തിയും സമുദ്രജീവികൾക്കും തീരദേശ പരിസ്ഥിതിക്കും ഉണ്ടായേക്കാവുന്ന ആഘാതവും സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അധികൃതരുടെ പരിശോധനകൾക്ക് ശേഷമേ വ്യക്തമാകൂ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - UAE confirms oil spill off coast causing strong fuel smell, Umm Al Quwain beaches shut
Next Story