യു.എ.ഇ തൊഴിൽ വിസ: സ്വഭാവ സർട്ടിഫിക്കറ്റ് താൽകാലികമായി ഒഴിവാക്കി
text_fieldsദുബൈ: വിദേശികൾക്ക് യു.എ.ഇയിൽ തൊഴിൽവിസക്ക് അപേക്ഷിക്കുന്നതിന് നാട്ടിൽ നിന്ന് സ്വഭാവസർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ നടപടി താൽക്കാലികമായി വേണ്ടെന്നുവെച്ചു. ഏപ്രിൽ ഒന്നു മുതൽ ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ സർട്ടിഫിക്കറ്റ് നിബന്ധന ഒഴിവാക്കിയതായി യു.എ.ഇ മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയമാണ് അറിയിച്ചത്. എല്ലാ രാജ്യങ്ങളിലെയും പൗരന്മാർക്ക് ഇൗ ഇളവ് ബാധകമാണ്.
കുറ്റകൃത്യങ്ങൾ പ്രതിരോധിക്കുന്നതിനും പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനും ലക്ഷ്യമിട്ട് ഇൗ വർഷം ഫെബ്രുവരി മുതലാണ് അതത് രാജ്യങ്ങളിലെ യു.എ.ഇ മിഷൻ സാക്ഷ്യപ്പെടുത്തിയ സ്വഭാവ സർട്ടിഫിക്കറ്റ് തൊഴിൽ വിസ അപേക്ഷക്കൊപ്പം നിർബന്ധമാക്കിയത്.
എന്നാൽ, സർട്ടിഫിക്കറ്റ് ലഭിക്കുന്നതിലെ സാേങ്കതികപ്രശ്നങ്ങളും കാലതാമസവും ഇന്ത്യക്കാരുൾപ്പെടെ ഒേട്ടറെ ഉദ്യോഗാർഥികൾക്ക് പ്രയാസം സൃഷ്ടിച്ചിരുന്നു. തുടർന്ന് വിവിധ രാജ്യങ്ങളുടെ നയതന്ത്ര അധികാരികൾ ഇക്കാര്യം മന്ത്രാലയത്തെ ബോധ്യപ്പെടുത്തുകയും ചെയ്തു. ഇൗയിടെ ഒമ്പത് രാജ്യക്കാർക്ക് സർട്ടിഫിക്കറ്റ് നിബന്ധന ഒഴിവാക്കിയെന്ന അനൗദ്യോഗിക വിവരം തൊഴിലന്വേഷകരിലും സാമൂഹികപ്രവർത്തകരിലും മാധ്യമങ്ങൾക്കിടയിലും ആശയക്കുഴപ്പം സൃഷ്ടിച്ചിരുന്നു. പ്രചാരണം തുടരുന്നതിനിടെ ഇക്കാര്യം അന്വേഷിച്ചവരോട് നിലവിൽ സർട്ടിഫിക്കറ്റ് നിർബന്ധമാണെന്നും മാറ്റമുണ്ടെങ്കിൽ ഒൗദ്യോഗികസംവിധാനങ്ങളും ചാനലുകളും മുഖേന അറിയിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കിയിരുന്നു. അതിനുപിന്നാലെയാണ് സർട്ടിഫിക്കറ്റ് വേണമെന്ന നിബന്ധന ഇനി ഒരു അറിയിപ്പുണ്ടാവുന്നതുവരെ മാറ്റിവെച്ച വിവരം മന്ത്രാലയം വെളിപ്പെടുത്തിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.