ഗസ്സയിലേക്ക് സഹായവുമായി യു.എ.ഇ; ഒമ്പതാമത്തെ കപ്പൽ പുറപ്പെട്ടു
text_fieldsഹംദാൻ ഹ്യുമാനിറ്റേറിയൻ കപ്പൽ അബൂദബിയിലെ ഖലീഫ തുറമുഖത്ത് പുറപ്പെടുന്നതിന് മുമ്പ്
ദുബൈ: യുദ്ധത്തെ തുടർന്ന് ദുരിതത്തിലായ ഗസ്സയിലേക്ക് യു.എ.ഇയുടെ ഒമ്പതാമത് സഹായക്കപ്പൽ പുറപ്പെട്ടു. ‘ഗാലൻറ് നൈറ്റ് 3’ പദ്ധതിയുടെ ഭാഗമായാണ് ഹംദാൻ ഹ്യുമാനിറ്റേറിയൻ കപ്പൽ അബൂദബിയിലെ ഖലീഫ തുറമുഖത്തുനിന്ന് ശനിയാഴ്ച പുറപ്പെട്ടത്. എമിറേറ്റ്സ് റെഡ് ക്രസൻറ് അതോറിറ്റിയുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. ഈജിപ്തിലെ അൽ ആരിഷ് തുറമുഖത്തെത്തുന്ന കപ്പലിൽ നിന്ന് സഹായ വസ്തുക്കൾ കരമാർഗം ഗസ്സയിലെത്തിക്കാനാണ് തീരുമാനം.
ഫലസ്തീൻ ജനതക്ക് യു.എ.ഇ നൽകിവരുന്ന മാനുഷിക സഹായത്തിൻറെ തുടർച്ചയായാണ് സഹായക്കൽ പുറപ്പെട്ടത്. ഭക്ഷണം, മെഡിക്കൽ ഉൽപന്നങ്ങൾ, മറ്റു റിലീഫ് വസ്തുക്കൾ എന്നിവയടക്കം 7,000 ടൺ സാധനങ്ങളാണ് കപ്പലിലുള്ളത്. 5,000 ടൺ ഭക്ഷ്യ പാർസലുകൾ, കമ്മ്യൂണിറ്റി കിച്ചണുകൾക്ക് ആവശ്യമായ 1,900 ടൺ ഭക്ഷ്യ വസ്തുക്കൾ, 100 ടൺ മെഡിക്കൽ ടെൻറുകൾ, അഞ്ച് ആംബുലൻസുകൾ എന്നിവ ഇതിൽ ഉൾപ്പെടും.
യു.എ.ഇയിലെ വിവിധ ജീവകാരുണ്യ, മാനുഷിക സ്ഥാപനങ്ങളുടെ സഹകരണത്തിലാണ് സഹായവസ്തുക്കൾ എത്തിക്കുന്നത്. കഴിഞ്ഞ നാലു ദിവസങ്ങളിലായാണ് സാധനങ്ങൾ കപ്പലിൽ നിറച്ചിരിക്കുന്നത്. അൽ ദഫ്റ മേഖലയിലെ ഭരണാധികാരിയുടെ പ്രതിനിധിയും എമിറേറ്റ്സ് റെഡ് ക്രസൻറ് അതോറിറ്റി ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ സായിദ് ആൽ നഹ്യാൻറെ നിർദേശപ്രകാരമാണ് കപ്പൽ ഗസ്സയിലേക്ക് അയച്ചത്.
കഴിഞ്ഞ മാസം ഗസ്സയിൽ ദുരിതമനുഭവിക്കുന്നവർക്ക് 7,166 ടൺ സഹായ വസ്തുക്കളുമായി യു.എ.ഇയിൽ നിന്നുള്ള ഏറ്റവും വലിയ കപ്പൽ ‘ഖലീഫ’ ഗസ്സയിലേക്ക് അയച്ചിരുന്നു. 4,372 ടൺ ഭക്ഷ്യവസ്തുക്കൾ, 1,433 ടെൻറുകൾ അടക്കമുള്ള താമസസൗകര്യങ്ങൾ, 860 ടൺ മെഡിക്കൽ വസ്തുക്കൾ, വസ്ത്രങ്ങൾ, കിടക്കകൾ, ഹൈജീൻ കിറ്റുകൾ, മറ്റു അവശ്യ വസ്തുക്കൾ എന്നിവയാണ് കപ്പലിൽ കൊണ്ടുപോയത്. അതോടൊപ്പം ഗസ്സയിലെ ആരോഗ്യ മേഖലക്ക് വലിയ സഹായമാകുന്ന ഫീൽഡ് ആശുപത്രിയും എത്തിച്ചിരുന്നു. ഗസ്സയിലെ ജനങ്ങൾക്ക് ശുദ്ധജലം എത്തിക്കുന്നതിന് 20 ടാങ്കുകളും എത്തിച്ചു. 2023 മുതൽ ഗസ്സയിലേക്ക് യു.എ.ഇ തുടർച്ചയായി സഹായം എത്തിക്കുന്നുണ്ട്. കഴിഞ്ഞ ആഴ്ചയും യു.എ.ഇ സഹായട്രക്കുകൾ ഗസ്സയിൽ ആവിശ്യ സാധങ്ങൾ വിതരണം ചെയ്തിരുന്നു. ഗസ്സയിൽ പരിക്കേറ്റ നിരവധിപേരെ അബൂദബിയിൽ എത്തിച്ച് ചികിൽസ നൽകുന്ന പദ്ധതിയും നടപ്പിലാകിവരുന്നുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.