അനധികൃത തൊഴിലാളി നിയമനം; 77 സമൂഹ മാധ്യമ അക്കൗണ്ടുകൾ പൂട്ടിച്ചു
text_fieldsദുബൈ: ലൈസൻസില്ലാതെ ഗാർഹിക തൊഴിലാളി റിക്രൂട്ട്മെന്റ് സേവനം നടത്തിവന്ന 77 സമൂഹ മാധ്യമ അക്കൗണ്ടുകൾ പൂട്ടിച്ച് മാനവ വിഭവശേഷി, സ്വദേശിവത്കരണ മന്ത്രാലയം. കഴിഞ്ഞ ആറുമാസത്തിനിടെ നടത്തിയ പരിശോധനയിൽ നിയമലംഘനം കണ്ടെത്തിയ സമൂഹമാധ്യമ അക്കൗണ്ടുകൾക്കെതിരെയാണ് നടപടി സ്വീകരിച്ചത്. ബന്ധപ്പെട്ട അതോറിറ്റികളിൽനിന്നുള്ള ലൈസൻസ് ഇല്ലാതെ ഗാർഹിക തൊഴിലാളികളുടെ റിക്രൂട്ട്മെന്റ് സേവനങ്ങളെ ഈ അക്കൗണ്ടുകൾ പ്രോത്സാഹിപ്പിച്ചിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
ഗാർഹിക തൊഴിലാളി സേവനങ്ങൾക്കായി ലൈസൻസും അംഗീകാരവുമുള്ള റിക്രൂട്ട്മെന്റ് ഏജൻസികളെ മാത്രം സമീപിക്കണമെന്ന് കുടുംബങ്ങളോടും തൊഴിൽ ഉടമകളോടും മന്ത്രാലയം അഭ്യർഥിച്ചു. യു.എ.ഇയിലുടനീളം ലൈസൻസുള്ള ഗാർഹിക തൊഴിലാളി റിക്രൂട്ട്മെന്റ് സ്ഥാപനങ്ങളുടെ പേരും സ്ഥലവും മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രദർശിപ്പിച്ചിട്ടുണ്ടെന്നും ബന്ധപ്പെട്ടവർ വ്യക്തമാക്കി. അംഗീകാരമില്ലാത്ത ഗാർഹിക തൊഴിലാളി റിക്രൂട്ട്മെന്റ് ഏജൻസികളുമായും ഇത്തരം സേവനങ്ങൾ നൽകുന്നുവെന്ന് കാണിച്ച് പരസ്യം ചെയ്യുന്ന വിശ്വസനീയമല്ലാത്ത സമൂഹമാധ്യമങ്ങളുമായും ഇടപാട് നടത്തുന്നത് വഞ്ചിക്കപ്പെടാനും തൊഴിലാളികളുടെ അവകാശങ്ങൾ ഹനിക്കപ്പെടാനും ഇടയാക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി. മന്ത്രാലയത്തിന്റെ ലൈസൻസും അംഗീകാരവും ഉണ്ടെന്ന് ഉറപ്പ് നൽകിയാണ് ഇത്തരം സമൂഹമാധ്യമ അക്കൗണ്ടുകൾ തൊഴിലാളികളെയും തൊഴിലുടമകളെയും വഞ്ചിക്കുന്നത്. ഇവർക്കെതിരെ ശക്തമായ നടപടി തുടരുമെന്നും മന്ത്രാലയം വൃത്തങ്ങൾ മുന്നറിയിപ്പു നൽകി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.