എന്താണ് മൃതദേഹങ്ങളോട് ചെയ്തത്, എന്തിനാണ് നമ്മൾ പ്രതിഷേധിക്കുന്നത്
text_fieldsദുബൈ: മൃതദേഹങ്ങളോടുള്ള അരുതായ്മക്കെതിരായ പ്രതിഷേധവുമായി സാമൂഹിക സംഘടനകളും വ്യക്തികളും മുന്നോട്ടു വന്നതോടെ പ്രവാസികൾ അന്യായമായ എന്തൊക്കെയോ ആവശ്യപ്പെടുകയാണ് എന്ന മട്ടിൽ സമൂഹ മാധ്യമങ്ങളിലും മറ്റും പ്രചാരണങ്ങളും ഉയരുന്നുണ്ട്. പ്രവാസ ലോകത്തെ ചില ‘നിഷ്കളങ്കരും’ ഇൗ സംശയം ഉന്നയിക്കുന്നുണ്ട്. അവർ അറിയാൻ ഒന്നു കൂടി ഒാർമപ്പെടുത്തെട്ട: മാന്യമായ മരണവും സംസ്കരണവും ഒാരോ വ്യക്തിയുടെയും മൗലികമായ മനുഷ്യാവകാശമാണ്.
നാടിനുവേണ്ടി പണിപ്പെടുന്ന മനുഷ്യർ മരിച്ചാൽ മൃതദേഹമെങ്കിലും സൗജന്യമായി ഉറ്റവർക്കരികിലെത്തിച്ചു കൊടുക്കുക എന്നത് സാമാന്യ മര്യാദയുമാണ്. സൗജന്യമായി എത്തിക്കണമെന്നും കുറഞ്ഞ പക്ഷം തൂക്കം നോക്കി നിരക്ക് കണക്കാക്കുന്ന കേമ്പാളത്തരം അവസാനിപ്പിക്കണമെന്നുമുള്ള ആവശ്യം നിലനിൽക്കുന്നതിനിടെയാണ് പ്രഖ്യാപനങ്ങളോ പ്രസ്താവനകളോ ഇല്ലാതെ സർക്കുലർ ഇറക്കി നിരക്ക് വർധിപ്പിച്ചത്. അധികൃതർ രഹസ്യമാക്കിവെച്ച ഇൗ വിവരം ‘ഗൾഫ് മാധ്യമം’ പുറത്തുവിടുകയായിരുന്നു.
ഒരു മൃതദേഹം നാട്ടിലെത്തിക്കാൻ കിലോവിന് 17 ദിർഹമായിരുന്നു നിരക്കെങ്കിൽ 30 ദിർഹമാക്കി ഉയർത്തിയിരിക്കുന്നു. പെട്ടിയുടെ തൂക്കത്തിനും പണം കൊടുക്കണം. ഒരു മൃതദേഹം നാട്ടിലെത്തിക്കണമെങ്കിൽ ഇപ്പോഴത്തെ നിരക്കനുസരിച്ച് 80000 രൂപയോളം ചെലവ് വരും. എംബാമിങ് കൂടി ആയാൽ 150000രൂപ വരും. ഇൗ തുക കണ്ടെത്താൻ സാധാരണക്കാർ പെടാപാടു തന്നെ അനുഭവിക്കേണ്ടി വരും. ഇത് പകൽക്കൊള്ളയാണ്, പെരുെങ്കാള്ളയാണ്. അതിനെതിരെ പ്രതിഷേധിക്കുക എന്നത് ഒാരോ മനുഷ്യരുടെയും അവകാശവുമാണ്.
മൃതദേഹത്തോട് കാണിക്കുന്ന അനാദരവ് അവസാനിപ്പിക്കണം
ദുബൈ: പ്രവാസികളുടെ മൃതദേഹത്തോട് എയർ ഇന്ത്യ കാണിക്കുന്ന അനാദരവ് അവസാനിപ്പിക്കണമെന്നും, മൃതദേഹം കൊണ്ടു പോകുന്നതിനുള്ള വർധിപ്പിച്ച ചാർജ്ജ് പിൻവലിക്കണമെന്നും ഇൻകാസ് യു.എ.ഇ.കമ്മിറ്റി ജനറൽ സെക്രട്ടറി പുന്നക്കൻ മുഹമ്മദലി ആവശ്യപ്പെട്ടു. വിമാനകമ്പനികൾ പ്രവാസികളോട് ചെയ്യുന്ന കഴുത്തറുപ്പൻ കൊള്ളയ്ക്ക് കൈയും കണക്കുമില്ല. മരിച്ചാലെങ്കിലും സമാധാനത്തില്‍ പറക്കാമെന്നുവച്ചാല്‍ പോലും സാധാരണക്കാര്‍ ആശ്രയിക്കുന്ന എയര്‍ ഇന്ത്യ സമ്മതിക്കില്ലെന്നത് ക്രൂരമാണ്. 4.25 ലക്ഷം കോടി രൂപയാണ് കഴിഞ്ഞ വര്‍ഷം പ്രവാസികള്‍ നമ്മുടെ രാജ്യത്തേക്കയച്ചത്. എന്നിട്ടും അധികൃതര്‍ പ്രവാസികളുടെ കാതലായ വിഷയങ്ങളോട് മുഖം തിരിക്കുകയാണെന്നും പുന്നക്കൻ മുഹമ്മദലി കുറ്റപ്പെടുത്തി.
നിരക്ക് ഇരട്ടിയാക്കിയത് പ്രതിഷേധാർഹം
ഷാർജ: യു.എ.ഇ.യിൽനിന്ന് മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നിരക്ക് എയർ ഇന്ത്യ ഇരട്ടിയാക്കിയതിൽ വടകര എൻ.ആർ.ഐ ഫോറം ശക്‌തമായ പ്രതിഷേധം രേഖപ്പെടുത്തി. എൻ.ആർ.ഐ ഫോറം പ്രസിഡൻറ് സഹദ് പുറക്കാട് ,ജന.സെക്രട്ടറി സുജിത്ത് ചന്ദ്രൻ, ട്രഷറർ മുഹമ്മദ് കുറ്റ്യാടി എന്നിവർ പറഞ്ഞു .
എയർ ഇന്ത്യ ശവത്തിൽ കുത്തുന്നു
ഫുജൈറ: ജീവിതകാലം മുഴുവൻ പ്രവാസി സമൂഹത്തെ യാത്ര കൂലിയുടെ പേരിൽ ചൂഷണം ചെയ്യുന്ന ഇന്ത്യയുടെ േദശീയ വിമാന കമ്പനി പ്രവാസി മരണപെട്ടാലും ആ ചൂഷണം കൂടുതൽ ശക്തിയായി തുടരുന്നത് ക്രൂരവും അപലനീയവുമാണെന്ന് ഇൻകാസ് ഫുജൈറ പ്രസിഡൻറ് കെ.സി അബൂബക്കർ പറഞ്ഞു. നാടൻ ഭാഷയിൽ പറഞ്ഞാൽ ശവത്തിൽ കുത്തുകയാണ് എയർ ഇന്ത്യ. ഇതിനെതിരെ പ്രവാസി സമൂഹവും സംഘടനകളും ശക്‌തിയായി പ്രതികരിക്കണം. സംസ്ഥാന മുഖ്യമന്ത്രി കേന്ദ്ര സർക്കാരിൽ സമ്മർദ്ദം ചെലുത്തി തീരുമാനം പിൻവലിപ്പിക്കണം.
നവകേരള സൃഷ്ടിക്കായി പ്രവാസികളോട് ഒരു മാസത്തെ ശമ്പളം തന്നു സഹകരിക്കണമെന്നു ആവശ്യപ്പെടുമ്പോൾ ഇത്തരം ചില ഉത്തരവാദിത്വങ്ങൾ കൂടി നിർവഹിക്കാൻ ഭരണാധികാരികൾ തയ്യാറാവണം.
കേരളാ പ്രവാസി ഫോറം ഷാർജ അപലപിച്ചു
ഷാർജ: പ്രവാസികളുടെ മൃതദേഹം തൂക്കി വിലയിടുന്നതു നിർത്താതെ ഇപ്പോൾ നിരക്ക് ഇരട്ടിയാക്കുകയും ചെയ്ത എയർ ഇന്ത്യയുടെ നടപടി അങ്ങേയറ്റം ഖേദകരമാണെന്ന് കേരളാ പ്രവാസി ഫോറം ഷാർജ അഭിപ്രായപ്പെട്ടു. പ്രവാസി സമൂഹം ഇന്ത്യക്ക് ചെയ്യുന്ന സേവനങ്ങൾ മുൻനിർത്തി മൃതദേഹങ്ങൾ സൗജന്യമായി നാട്ടിലെത്തിക്കാൻ ഇന്ത്യൻ സർക്കാറിന് ബാധ്യതയുണ്ട്. തീരുമാനം തിരുത്താത്ത പക്ഷം സമരപരിപാടികൾ ആലോചിക്കുമെന്നും അറിയിച്ചു. പ്രസിഡൻറ് അബൂബക്കർ പോത്തന്നൂർ അധ്യക്ഷത വഹിച്ച യോഗത്തിൽ, നിയാസ് തിരൂർക്കാട് സ്വാഗതം പറഞ്ഞു. നസീർ ചുങ്കത്ത്, സഫറുല്ല ഖാൻ, സഹദുല്ലാഹ് തിരൂർ, ഡോ. സാജിദ് കടക്കൽ എന്നിവർ സംസാരിച്ചു. ഹാഷിം പാറക്കൽ നന്ദി പറഞ്ഞു.
ദുബൈ കെ.എം.സി.സി നേതാക്കൾ എയർ ഇന്ത്യ അധികൃതരെ കണ്ടു
ദുബൈ: മൃതദേഹങ്ങൾ കൊണ്ടു പോകുന്നതിന് നിരക്ക് ഇരട്ടിയാക്കിയ എയർ ഇന്ത്യ നടപടി പ്രവാസികളുടെ നേരെയുള്ള ഇരുട്ടടിയാണെന്ന് ദുബൈ കെ.എം.സി.സി. പ്രസിഡൻറ് പി.കെ. അൻവർ നഹ ആരോപിച്ചു. പ്രവാസികളോടുള്ള ഈ ക്രൂരത അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് അൻവർ നഹ, ജനറൽ സെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടി, സെക്രട്ടറി അഡ്വ: സാജിദ് അബൂബക്കർ തുടങ്ങിയവർ എയർ ഇന്ത്യ റീജ്യണൽ മാനേജർ മോഹിത് സെൻ, കൺട്രി മാനേജർ സാകേത് സരൺ എന്നിവരെ കണ്ടു. പ്രവാസികളെ ചൂഷണം ചെയ്യുന്ന നിലപാടിന് കൂട്ടു നിൽക്കില്ലെന്ന് അറിയിച്ച എയർ ഇന്ത്യ ഉദ്യോഗസ്ഥർ ഇതു സംബന്ധിച്ച് ഡൽഹിയിലേക്ക് നിർദ്ദേശം നൽകിയതായും വ്യക്തമാക്കി. 29 ന് യു.എ.ഇ.സന്ദർശിക്കുന്ന കേന്ദ്ര മന്ത്രി വി.കെ. സിങിനോടും ഇക്കാര്യം ഉന്നയിക്കുമെന്ന് ദുബൈ കെ.എം.സി.സി. ഭാരവാഹികൾ പറഞ്ഞു.
ശക്തി തിയറ്റേഴ്‌സ് പ്രതിഷേധിച്ചു
അബൂദബി: ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ നാട്ടില്‍ കൊണ്ടുപോകുന്നതിനുള്ള വിമാനക്കൂലി ഭീമമായി വര്‍ദ്ധിപ്പിച്ച എയര്‍ ഇന്ത്യ തീരുമാനത്തിൽ അബൂദബി ശക്തി തിയറ്റേഴ്‌സ് പ്രതിഷേധിച്ചു. ഇത്തരത്തിലുള്ള കടുത്ത അവഗണനക്കെതിരെ പ്രവാസി സമൂഹം ഒറ്റക്കെട്ടായി പ്രതികരിക്കണമെന്നും, കേന്ദ്ര വ്യോമയാന മന്ത്രി ഇക്കാര്യത്തില്‍ ഇടപെടണമെന്നും അബൂദബി ശക്തി തിയറ്റേഴ്‌സ് പ്രസിഡൻറ് കൃഷ്ണകുമാര്‍, ജനറല്‍ സെക്രട്ടറി സുരേഷ് പാടൂര്‍ എന്നിവര്‍ സംയുക്ത പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.