നിയമലംഘനം; 40 ഗാർഹിക തൊഴിൽ റിക്രൂട്ട്മെന്റ് സ്ഥാപനങ്ങൾക്ക് പിഴ
text_fieldsദുബൈ: നിയമം ലംഘിച്ച് പ്രവർത്തിച്ച 40 ഗാർഹിക തൊഴിൽ റിക്രൂട്ട്മെന്റ് സ്ഥാപനങ്ങൾക്കെതിരെ പിഴ ചുമത്തുന്നതുൾപ്പെടെ ശക്തമായ നടപടിയെടുത്ത് മാനവ വിഭവ ശേഷി, സ്വദേശിവത്കരണ മന്ത്രാലയം. ഈ വർഷം ആദ്യ പകുതിയിലെ കണക്കുകളാണ് മന്ത്രാലയം കഴിഞ്ഞ ദിവസം പുറത്തുവിട്ടത്. പരിശോധനയിൽ ഗാർഹിക തൊഴിൽ റിക്രൂട്ട്മെന്റുമായി ബന്ധപ്പെട്ട് 140 നിയമലംഘനങ്ങൾ കണ്ടെത്തിയതായി സ്ഥിരീകരിച്ചതിനെ തുടർന്നാണ് നടപടി. നിയമം ലംഘിച്ച സ്ഥാനപങ്ങൾക്കെതിരെ ഭരണപരവും സാമ്പത്തികവുമായി നിയമനടപടികൾ സ്വീകരിക്കുമെന്ന് മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. എന്നാൽ, ഏതെല്ലാം സ്ഥാപനങ്ങളാണ് നടപടി നേരിട്ടതെന്ന് മന്ത്രാലയം വെളിപ്പെടുത്തിയിട്ടില്ല. നിയമലംഘനം ആവർത്തിച്ചാൽ അത്തരം സ്ഥാപനങ്ങൾക്ക് വലിയ പിഴ ചുമത്തുകയും ലൈസൻസ് റദ്ദാക്കുകയും ചെയ്യുമെന്ന് മന്ത്രാലയം മുന്നറിയിപ്പു നൽകി.
രാജ്യത്ത് പ്രവർത്തിക്കുന്ന മുഴുവൻ ഗാർഹിക തൊഴിൽ റിക്രൂട്ട്മെന്റ് സ്ഥാപനങ്ങളെയും സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് മന്ത്രാലയം വാർത്താകുറിപ്പിൽ അറിയിച്ചു. തൊഴിൽ വിപണിയിലെ നിയന്ത്രണങ്ങളും മാർഗനിർദേശങ്ങളും എല്ലാ സ്ഥാപനങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിന്‍റെ ഭാഗായാണ് ഇത്തരം പരിശോധനകൾ. നിയമലംഘനം കണ്ടെത്തുന്നതിനും നിയന്ത്രിക്കുന്നതിനും ഫീൽഡ് പരിശോധനകളും കാര്യക്ഷമമായ ഡിജിറ്റൽ നിരീക്ഷണ സംവിധാനങ്ങളും ഉപയോഗപ്പെടുത്തും. ഗാർഹിക തൊഴിലാളികൾ ജോലി ഉപേക്ഷിക്കുകയോ തിരികെ റിക്രൂട്ട്മെന്റ് ഓഫിസിൽ ഹാജരാകുകയോ ചെയ്താൽ തൊഴിലുടമയിൽ നിന്ന് റിക്രൂട്ട്മെന്റ് ഫീസിനത്തിൽ വാങ്ങിയ തുക രണ്ടാഴ്ചക്കുള്ളിൽ ഏജൻസികൾ തിരികെ നൽകണമെന്നാണ് നിയമം. നടപടി നേരിട്ട ഭൂരിഭാഗം റിക്രൂട്ട്മെന്റ് സ്ഥാപനങ്ങളും ഇതിൽ വീഴ്ചവരുത്തിയതായി കണ്ടെത്തിയതായി മന്ത്രാലയം വെളിപ്പെടുത്തി. കൂടാതെ മന്ത്രാലയം അംഗീകരിച്ച സേവന പാക്കേജ് നിരക്കുകൾ വ്യക്തമായി ഉപഭോക്താക്കൾക്ക് പ്രദർശിപ്പിക്കുന്നതിലും ഈ സ്ഥാപനങ്ങൾ വീഴ്ചവരുത്തി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.