ജോലി സ്ഥലത്തെ സുരക്ഷ; ആർ.ടി.എക്ക് ആഗോള പുരസ്കാരം
text_fieldsആർ.ടി.എ ജീവനക്കാർ നിർമാണസ്ഥലത്ത്
ദുബൈ: ജോലി സ്ഥലങ്ങളിൽ സുരക്ഷയും ആരോഗ്യ മാനദണ്ഡങ്ങളും കർശനമായി പാലിക്കുന്ന റോഡ് ഗതാഗത അതോറിറ്റി(ആർ.ടി.എ)ക്ക് ആഗോള അംഗീകാരം. ബ്രിട്ടീഷ് സേഫ്റ്റി കൗൺസിലിന്റെ ഇന്റർനാഷനൽ സേഫ്റ്റി അവാർഡാണ് ആർ.ടി.എക്ക് ലഭിച്ചിരിക്കുന്നത്.തൊഴിലാളികളെ സുരക്ഷിതമാക്കുന്നതിലും വസ്തുവകകൾ സംരക്ഷിക്കുന്നതിലും തൊഴിലിടങ്ങളിലെ ക്ഷേമം ഉറപ്പുവരുത്തുന്നതിലുമുള്ള ആർ.ടി.എയുടെ പരിശ്രമങ്ങൾക്ക് ലഭിച്ച അംഗീകാരമാണിത്. ആഗോളതലത്തിൽ അവാർഡിനായി സമർപ്പിക്കപ്പെട്ട നൂറുകണക്കിന് അപേക്ഷകരിൽനിന്നാണ് ജേതാവിനെ തിരഞ്ഞെടുത്തത്. എല്ലാ മേഖലകളിലും ആർ.ടി.എ തുടരുന്ന മികവിനെയും ഏറ്റവും ഉയർന്ന സുരക്ഷയെയും ക്ഷേമത്തെയും പ്രതിഫലിപ്പിക്കുന്നതാണ് അവാർഡ് നേട്ടമെന്ന് അധികൃതർ പ്രസ്താവനയിൽ പറഞ്ഞു.
എല്ലാ വർഷവും ലോകത്തെ ഏറ്റവും മികച്ച തൊഴിൽ സുരക്ഷിതയിടങ്ങളെ കണ്ടെത്തി നൽകുന്നതാണ് ഇന്റർനാഷനൽ സേഫ്റ്റി അവാർഡ്. ഈ വർഷം വ്യത്യസ്ത മേഖലകളിൽനിന്നായി ആകെ 874 സ്ഥാപനങ്ങൾ അവാർഡിന് അപേക്ഷിച്ചിരുന്നു. നിർമാണം, ഉൽപാദനം, ഇന്ധനം, ഗ്യാസ്, മൈനിങ്, ഊർജം, അവശ്യസേവനങ്ങൾ എന്നിങ്ങനെ വിവിധ മേഖലകളിലെ സ്ഥാപനങ്ങളാണ് അപേക്ഷിച്ചിരുന്നത്. 67ാമത് വർഷമാണ് ബ്രിട്ടീഷ് സേഫ്റ്റി കൗൺസിൽ അവാർഡ് സംഘടിപ്പിക്കുന്നത്.ജോലി സ്ഥലങ്ങളിലെ പരിക്കുകളും തൊഴിൽപരമായ രോഗങ്ങളും തടയുന്നതിന് നടപടി സ്വീകരിക്കുന്ന സ്ഥാപനങ്ങളെയാണ് ആദരിച്ചുവരുന്നത്. അതോടൊപ്പം ജോലിസ്ഥലത്തെ ക്ഷേമവും മാനസികാരോഗ്യവും പരിഗണിക്കുന്ന സംവിധാനങ്ങളെയും പരിഗണിക്കുന്നുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.