സ്വവര്‍ഗരതി
text_fields2012 ഫെബ്രുവരി 19ന് ആയിരുന്നു അഷ്കറിന്‍െറ നിക്കാഹ്. തുടര്‍ന്ന് ആര്‍ഭാടത്തോടെ വിവാഹം. വധു പേരും പെരുമയുമുള്ള തറവാട്ടിലെ ഏറ്റവും ഇളയ മകള്‍ രഹ്ന. ഹണിമൂണ്‍ സിംഗപ്പൂരിലായിരുന്നു. രണ്ടു മൂന്നു മാസമായപ്പോഴേക്കും ബന്ധുക്കളും കൂട്ടുകാരുമൊക്കെ രഹ്നയോട് ചോദിച്ചു ‘വിശേഷമൊന്നും ആയില്ളേ’? മറുപടി ഒരു പുഞ്ചിരിയിലൊതുക്കി ഒഴിഞ്ഞുമാറിയെങ്കിലും രഹ്നയുടെ ഉള്ളം നീറിപ്പുകയുകയായിരുന്നു. മൂന്നു മാസമായിട്ടും ഒന്നും സംഭവിച്ചിട്ടില്ളെന്ന് അവള്‍ക്കും അഷ്കറിനും മാത്രമേ അറിയാമായിരുന്നുള്ളൂ. ഓരോ രാത്രിയിലും പ്രതീക്ഷയോടെ രഹ്ന കാത്തിരുന്നെങ്കിലും ഓരോരോ കാരണങ്ങള്‍ പറഞ്ഞ് അഷ്കര്‍ ഒഴിഞ്ഞുമാറുകയായിരുന്നു. എല്ലാവരുടെയും ചോദ്യശരങ്ങള്‍ കൊണ്ട് വീര്‍പ്പ് മുട്ടിയപ്പോള്‍ അവള് അഷ്കറിനോട് പൊട്ടിത്തെറിച്ചു. നിറകണ്ണുകളോടെ അഷ്കര്‍ അവളുടെ മുന്നില്‍ കൈകൂപ്പിനിന്നു. ‘മോളെ എന്നെ കുറ്റപ്പെടുത്തരുത്. മനപ്പൂര്‍വമല്ല. കഴിയാത്തതുകൊണ്ടാണ്’ രഹ്ന അയാളെ ആശ്വസിപ്പിച്ചു. ‘നമുക്ക് ഒരു ഡോക്ടറെ കാണാം.’ അടുത്ത ദിവസം തന്നെ ചികിത്സ ആരംഭിച്ചു. മൂന്നു നാല് ആശുപത്രികളില്‍ കയറിയിറങ്ങി പല ഡോക്ടര്‍മാരെയും കണ്ടു വയാഗ്ര ഉള്‍പ്പെടെ ഗുളികകള്‍ കഴിച്ചു. ഒരു ഫലവും ഉണ്ടായില്ല. അവസാനം ആ ബന്ധം വിവാഹ മോചനത്തില്‍ കലാശിച്ചു.
കഴിഞ്ഞ നവംബര്‍ 5ാം തീയതിയാണ് ജ്യേഷ്ഠ സഹോദരനും സുഹൃത്തും അഷ്കറിനെയും കൊണ്ട് എന്നെ കാണാന്‍ വന്നത്. ‘ഡോക്ടര്‍, ഇവന് ആദ്യം ഒരു നിക്കാഹ് കഴിച്ചിരുന്നു. വാപ്പക്കും ഉമ്മക്കും പ്രായമായി. അവരെ നോക്കാന്‍ ആളില്ല. ഇവനാണ് കുടുംബം നോക്കേണ്ടത്. പല നല്ല ആലോചനകളും വരുന്നു. പക്ഷേ, ഇവന് സമ്മതിക്കുന്നില്ല. എന്താ കുഴപ്പമെന്ന് ഡോക്ടര്‍ അവനോട് ചോദിക്കണം, എങ്ങനെയെങ്കിലും അവനെയൊന്ന് ശരിയാക്കിത്തരണം.’ ഇതായിരുന്നു ജ്യേഷ്ഠനായ അന്‍വറിന്‍െറ ആവശ്യം.
ഞാന്‍ അഷ്കറിനോട് വിവരങ്ങള്‍ ചോദിച്ചു മനസ്സിലാക്കി. ആന്‍ഡ്രോളജിസ്റ്റിനെ കാണിച്ചു. ആവശ്യമുള്ള പരിശോധനകള്‍ നടത്തി നോക്കി. അഷ്കറിന് ശാരീരികമായി ഒരു കുഴപ്പവും ഇല്ല. പ്രത്യുല്പാദന ശേഷിയുമുണ്ട്. പിന്നെന്താണ് ഇയാള്‍ വിവാഹം വേണ്ടെന്നുവെക്കുന്നത്. അതിനുള്ള ഉത്തരം തേടി അയാളുടെ അനുഭവങ്ങളിലേക്ക് ഞാന്‍ ഇറങ്ങിച്ചെന്നു. അഷ്കറിന്‍െറ ഓര്മ ശരിയാണെങ്കില്‍ നാലാം ക്ളാസില്‍ പഠിച്ചുകൊണ്ടിരുന്നപ്പോഴാണ് ആദ്യമായി മനസ്സിലൊരു അനുരാഗം തളിരിട്ടത്. അത് പെണ്‍കുട്ടികളോടായിരുന്നില്ല. സ്ഥിരമായി വീട്ടില്‍ വരാറുള്ള അടുത്ത വീട്ടിലെ ഇക്കയോട്. കുറച്ചു നാളുകള്‍ക്കുള്ളില്‍ അവര്‍ പരസ്പരം അടുത്തു. 10ാം വയസ്സില്‍ തുടങ്ങിയ സ്വവര്‍ഗരതി 18ാം വയസ്സില്‍ സൗദി അറേബ്യയിലേക്ക് പോകുന്നതുവരെ തുടര്‍ന്നു. ക്രമേണ പങ്കാളികളുടെ എണ്ണം വര്‍ധിച്ചു. 27ാം വയസ്സില്‍ രഹ്നയെ വിവാഹം കഴിക്കുന്നതിനുമുമ്പു വരെ ഏകദേശം 25ല്‍ അധികം പുരുഷന്മാരോടെങ്കിലും അയാള്‍ സ്വവര്‍ഗരതിയില്‍ ഏര്‍പ്പെട്ടുകഴിഞ്ഞിരുന്നു. വിവാഹത്തിന് ഒരു താല്പര്യവുമില്ലായിരുന്നു. പക്ഷേ, വീട്ടുകാരുടെ നിര്‍ബന്ധത്തിന് വഴങ്ങേണ്ടിവന്നു. അവരുടെ ശല്യം സഹിക്കാതായപ്പോള്‍ സ്വവര്‍ഗരതി ഉള്‍പ്പെടെ എല്ലാം മാറ്റിക്കൊടുക്കുമെന്ന് അവകാശപ്പെടുന്ന ഒരു ‘ഡോക്ടറുടെ’ ചികിത്സ തേടി. മൂന്നു മാസം മരുന്നു കഴിച്ചു. എല്ലാം മാറി, ഇനി ധൈര്യമായി വിവാഹം കഴിച്ചോളൂ എന്ന ഉപദേശപ്രകാരമാണ് അഷ്കര്‍ വിവാഹത്തിന് തയാറായത്.
ആറുമാസം ഒരേ കട്ടിലില്‍ ഒരുമിച്ച് ഉറങ്ങിയെങ്കിലും അയാള്‍ക്ക് ഒരിക്കല്‍പോലും രഹ്നയോട് ഒരു വിധത്തിലുമുള്ള ആകര്‍ഷണവും തോന്നിയില്ല. രഹ്ന അയാളെ ഉണര്‍ത്താന്‍ ശ്രമിച്ചെങ്കിലും അത് അയാളുടെ ശരീരത്തില്‍ ഒരു ചലനവും ഉണ്ടാക്കിയില്ല. വിവരങ്ങള്‍ മനസ്സിലാക്കിയശേഷം അഷ്കറിന്‍െറ ജ്യേഷ്ഠനോടും സുഹൃത്തിനോടും ഞാന്‍ പറഞ്ഞു: ‘ഒരു കാരണവശാലും അഷ്കറിനെ വിവാഹത്തിന് നിര്‍ബന്ധിക്കരുത്. നിരപരാധിയായ ഒരു പെണ്‍കുട്ടിയുടെ ജീവിതം ഒരിക്കല്‍ താറുമാറാക്കി. ഇനിയും ഒരു പരീക്ഷണം വേണ്ട. മറ്റൊരു പെണ്‍കുട്ടിയുടെ ജീവിതം കൂടി തകര്‍ക്കരുത്. ഇയാള്‍ സാധാരണ വിവാഹ ജീവിതം ആഗ്രഹിക്കുന്ന വ്യക്തിയല്ല. നിര്‍ബന്ധിച്ചിട്ട് കാര്യമില്ല, അയാളെ അയാളുടെ വഴിക്ക് വിട്ടേക്കൂ’.
ഇവിടെ ചര്‍ച്ച ചെയ്യേണ്ട ഒരു പ്രധാന വിഷയം രഹ്നയുടെ ദുരന്തത്തിന് ഉത്തരവാദി ആരാണ്? രഹ്നയോ അഷ്കറോ? അല്ല. രണ്ടു പേരുമല്ല. ആഗ്രഹമില്ലാതിരുന്ന അഷ്കറിനെ നിര്‍ബന്ധിച്ചു വിവാഹം കഴിപ്പിച്ച വീട്ടുകാര്‍ തന്നെ! ‘എനിക്ക് വിവാഹം വേണ്ട’ എന്നൊരു യുവതിയോ യുവാവോ പറഞ്ഞാല്‍ അതൊരു ഭംഗിവാക്കായി അവഗണിക്കരുത്. അതിനുപിന്നില്‍ എന്തെങ്കിലുമൊരു കാരണമുണ്ടാകും എന്നു വേണം കരുതാന്‍. വിശദാംശങ്ങള്‍ മനസ്സിലാക്കി മാത്രമേ തീരുമാനമെടുക്കാവൂ. ആവശ്യമെങ്കില്‍ വിദഗ്ധരുടെ സേവനം സ്വീകരിക്കാവുന്നതാണ്.
സ്വവര്‍ഗാനുരാഗം സംബന്ധിച്ച് സമീപകാലത്തുണ്ടായ സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ശാസ്ത്ര സമൂഹം എങ്ങനെയാണ് ഇതിനെ വീക്ഷിക്കുന്നത് എന്ന് നോക്കാം. മനുഷ്യരില്‍ ഭൂരിഭാഗവും സ്ത്രീ-പുരുഷ ബന്ധം ആഗ്രഹിക്കുന്നവരാണ് (Hetero Sexuals). ചെറിയ ഒരു ശതമാനം സ്വവര്‍ഗാനുരാഗികളും (Homosexuals), മറ്റൊരു വളരെ ചെറിയ ശതമാനം ഇതു രണ്ടും ഒരുപോലെ ആസ്വാദിക്കുന്നവരുമാണ് (Bi sexuals).
അമേരിക്കന്‍ സൈക്യാട്രിക് അസോസിയേഷന് 1973ല്‍ സ്വവര്‍ഗരതിയെ മനോരോഗങ്ങളുടെ ഗണത്തില്‍നിന്നും 1980ല്‍ മനോരോഗ വിവവര പട്ടികയായ ‘ഡയഗ്നോസ്റ്റിക് സ്റ്റാറ്റിസ്റ്റിക്കല്‍ മാന്വല്‍ ഓഫ് മെന്റല്‍ ഡിസോഡേഴ്സ്’ല്‍ (Diagnostic Statistical Mnual of Mental Disorders) നിന്നും ഒഴിവാക്കിയിരുന്നു. 1992ല്‍ പുറത്തിറങ്ങിയ ലോകാരോഗ്യ സംഘടനയുടെ മാനസികരോഗ പെരുമാറ്റ വൈകല്യ വിവര പട്ടികയില്‍ സ്വവര്‍ഗാനുരാഗം രോഗമായി പരിഗണിച്ചിട്ടില്ല. നാളിതുവരെയുള്ള ആധുനിക വൈദ്യശാസ്ത്ര ഗവേഷണഫലങ്ങള്‍ കാണിക്കുന്നത് സ്വവര്‍ഗാനുരാഗം ഒരു മനോരോഗം അല്ളെന്നാണ്. മറിച്ച്, ഒരു ജീവിത രീതിയാണ്. അതിന് ചികിത്സ ആവശ്യവുമില്ല. എന്നാല്‍, ഒരു വ്യക്തി തനിക്കിഷ്ടമില്ലാതെ സാഹചര്യങ്ങളുടെ സമ്മര്‍ദംമൂലം സ്വവര്‍ഗാനുരാഗത്തില്‍ പെട്ടുപോവുകയും അത് അയാള്‍ക്ക് മനോവിഷമം ഉണ്ടാക്കുകയും അതില്‍നിന്ന് രക്ഷപ്പെടണമെന്ന് ആത്മാര്‍ഥമായി ആഗ്രഹിക്കുകയും ചെയ്യുന്നുണ്ടെങ്കില്‍ അയാളെ സഹായിക്കാവുന്നതാണ്. ഏതെങ്കിലുമൊരു വ്യക്തിയെ അയാളുടെ താല്പര്യത്തിന് വിരുദ്ധമായി സ്വവര്‍ഗരതിക്ക് പ്രേരിപ്പിക്കുന്നത് കുറ്റകരമാണ്. ലോകത്ത് 30ല്‍ പരം രാജ്യങ്ങളില്‍ സ്വവര്‍ഗ വിവാഹത്തിന് നിയമ സാധുത നല്‍കിയിട്ടുണ്ട്. സ്വവര്‍ഗരതിയുടെ പേരിലുള്ള വിവേചനത്തിനും ഇതൊരു കുറ്റകൃത്യമായി കണക്കാക്കുന്നതിനുമെതിരെ ഐക്യരാഷ്ട്ര മനുഷ്യാവകാശ കൗണ്‍സില്‍ (United Nations Human rights Council) 2011ല്‍ ‘ലെസ്ബിയന്‍, ഗേ, ബൈസെക്ഷ്വല്‍, ട്രാന്‍സ്ജെന്‍ഡര്‍ (Lesbian, Gay, Bisexual & Transgender -LGBT) ഗ്രൂപ്പുകളെ അംഗീകരിച്ചുകൊണ്ട് പ്രമേയം പാസാക്കിയിട്ടുണ്ട്. ഇതുവരെ ഇത് നിയമ വിധേയമാക്കാത്ത രാജ്യങ്ങളോട് ഇവക്ക് നിയമ സാധുത നല്‍കാനും ആഹ്വാനം ചെയ്തിട്ടുണ്ട്. എന്നാല്‍, ഇന്ത്യയടക്കം പല രാജ്യങ്ങളിലും സ്വവര്‍ഗ രതിക്കെതിരെ വലിയൊരു വിഭാഗം ജനങ്ങള്‍ നിലകൊള്ളുന്നുണ്ട്. പ്രകൃതി വിരുദ്ധമായ ഒന്നായാണ് അവര്‍ ഇതിനെ വിശേഷിപ്പിക്കുന്നത്. സാമൂഹിക പ്രശ്നമായാണ് ചില മത, സാമൂഹിക സംഘടനകള്‍ സ്വവര്‍ഗരതിയെ കാണുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.