പുകവലി ഒരു മനഃശാസ്ത്ര സമീപനം
text_fieldsപുകവലി ആരോഗ്യത്തിന് ഹാനികരമായ ഒരു ശീലമാണ്. എന്നിട്ടും ലോകമെമ്പാടും ലക്ഷക്കണക്കിന് ആളുകൾ ഇതിന്റെ പിടിയിൽ അകപ്പെട്ടിരിക്കുന്നു. ദുബൈയിലെ മലയാളികളുടെ ഇടയിലും പുകവലി ഒരു പ്രധാന ആരോഗ്യപ്രശ്നമായി മാറിയിരിക്കുന്നു. ദുബൈ പോലൊരു തിരക്കേറിയ നഗരത്തിൽ, സമയപരിധികൾ, സാമൂഹിക പ്രതീക്ഷകൾ എന്നിവ പലരിലും സമ്മർദ്ദമുണ്ടാക്കാൻ സാധ്യതയുണ്ട്. പലരിലും പുകവലി തുടങ്ങാൻ ഇതൊരു കാരണമാകാറുണ്ട്. പുകവലി ചിലർക്കെങ്കിലും ഒരു ശീലത്തിനപ്പുറം ഒരു രക്ഷാമാർഗ്ഗമോ ശീലമോ കൂട്ടാളിയോ ആയി മാറുന്നു. ദോഷകരമാണെന്ന് അറിഞ്ഞിട്ടും എന്തുകൊണ്ടാണ് ഇത്രയധികം ആളുകൾ പുകവലിക്കുന്നത് ? അത് മനസ്സിലാക്കാൻ നാം ആഴത്തിൽ നോക്കണം - പുകയ്ക്കപ്പുറം, ആസക്തിയുടെ രീതികളിലേക്കും മനഃശാസ്ത്രത്തിലേക്കും ശ്രദ്ധ തിരിക്കണം.
പുകവലിയുടെ കാരണങ്ങൾ
പുകവലിയിലേക്ക് ആളുകൾ ആകർഷിക്കപ്പെടുന്നതിന് നിരവധി കാരണങ്ങളുണ്ട്. സാമൂഹിക സമ്മർദ്ദം: യുവാക്കൾ പ്രത്യേകിച്ച് കൗമാരപ്രായക്കാർ, സുഹൃത്തുക്കളുടെയോ കുടുംബാംഗങ്ങളുടെയോ സമ്മർദ്ദത്താൽ പുകവലി തുടങ്ങുന്നു. ‘കൂൾ’ ആയിരിക്കാനോ, സാമൂഹിക ശൃംഖലകളിൽ ഉൾപ്പെടാനോ ഉള്ള ശ്രമം പലപ്പോഴും പുകവലിയിലേക്ക് നയിക്കുന്നു.
സമ്മർദ്ദം ഒഴിവാക്കൽ: ജോലിസ്ഥലത്തെ സമ്മർദ്ദം, കുടുംബപ്രശ്നങ്ങൾ, സാമ്പത്തിക ബുദ്ധിമുട്ടുകൾ എന്നിവ കാരണം, ചിലർ പുകവലിയെ ഒരു താൽക്കാലിക ആശ്വാസമായി കാണുന്നു. നിക്കോട്ടിന്റെ ഉത്തേജക ഫലം താൽക്കാലികമായി സമ്മർദ്ദം കുറയ്ക്കുന്നതായി തോന്നാം.
സിനിമകളുടെയും മാധ്യമങ്ങളുടെയും സ്വാധീനം: സിനിമകളിലും പരസ്യങ്ങളിലും പുകവലിയെ ഗ്ലാമറൈസ് ചെയ്യുന്ന രീതി ചിലരെ ഇതിലേക്ക് ആകർഷിക്കുന്നു. പ്രത്യേകിച്ച് യുവാക്കൾ തങ്ങളുടെ പ്രിയപ്പെട്ട താരങ്ങൾ പുകവലിക്കുന്നത് കണ്ട് അനുകരിക്കാൻ ശ്രമിക്കാറുണ്ട്. ശീലത്തിന്റെ ആസക്തി: ഒരിക്കൽ പുകവലി തുടങ്ങിയാൽ നിക്കോട്ടിന്റെ ആസക്തി, ശീലം തുടരാൻ പ്രേരിപ്പിക്കുന്നു. ശരീരവും മനസ്സും നിക്കോട്ടിനെ ആശ്രയിക്കുന്ന അവസ്ഥയിലേക്ക് മാറുന്നു.
പുകവലിയുടെ ദോഷഫലങ്ങൾ
പുകവലി ആരോഗ്യത്തിന് മാത്രമല്ല, സാമൂഹികവും സാമ്പത്തികവുമായ തലങ്ങളിലും ദോഷകരമാണ്.
- ആരോഗ്യപ്രശ്നങ്ങൾ
കാൻസർ: പുകവലി ശ്വാസകോശ അർബുദം, വായിലെ അർബുദം, തൊണ്ടയിലെ അർബുദം എന്നിവയ്ക്ക് പ്രധാന കാരണമാണ്.
ഹൃദയ രോഗങ്ങൾ: പുകവലി ഹൃദയാഘാതം, രക്താതിമർദ്ദം, രക്തനാളങ്ങളുടെ തടസ്സം എന്നിവയ്ക്ക് കാരണമാകുന്നു.
ശ്വാസകോശ രോഗങ്ങൾ: ക്രോണിക് ബ്രോങ്കൈറ്റിസ്, എംഫിസീമ തുടങ്ങിയ ശ്വാസകോശ രോഗങ്ങൾ പുകവലിയുമായി ബന്ധപ്പെട്ടിരിക്കുന്നു.
- സാമ്പത്തിക നഷ്ടം
സിഗരറ്റുകൾ വാങ്ങുന്നതിന് വലിയ തുക ചെലവഴിക്കേണ്ടി വരുന്നു, ഇത് കുടുംബ ബജറ്റിനെ ബാധിക്കുന്നു.
സാമൂഹിക പ്രത്യാഘാതങ്ങൾ
പുകവലി കാരണം ശരീരത്തിന്റെ ഗന്ധം, പല്ലുകളുടെ നിറം മാറൽ എന്നിവ സാമൂഹിക ഇടപെടലുകളെ ബാധിക്കുന്നു. കൂടാതെ, പുകവലി കാരണം കുടുംബാംഗങ്ങളിലും സുഹൃത്തുക്കളിലും ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ (passive smoking) സാമൂഹിക ബന്ധങ്ങളെ തകർക്കാനും കാരണമാകുന്നു.
പുകവലി നിർത്താനുള്ള മാർഗങ്ങൾ
പുകവലി നിർത്തുക എന്നത് ഒരു വലിയ വെല്ലുവിളിയാണ്, എന്നാൽ അസാധ്യമല്ല. താഴെ പറയുന്ന ചില മാർഗങ്ങൾ സഹായകരമാണ്.
- ശക്തമായ തീരുമാനം
പുകവലി നിർത്താനുള്ള ശക്തമായ മനസ്സാണ് ആദ്യപടി. നിനച്ചാൽ നടക്കും എന്ന മനോഭാവം സ്വീകരിക്കുക.
- പിന്തുണ തേടുക
കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും പിന്തുണ തേടുക. കൗൺസലിംഗ്, ഗ്രൂപ്പ് തെറാപ്പി എന്നിവയും സഹായകമാകും.
- നിക്കോട്ടിൻ റീപ്ലേസ്മെന്റ് തെറാപ്പി
നിക്കോട്ടിൻ ഗം, പാച്ചുകൾ എന്നിവ ശരീരത്തിന്റെ നിക്കോട്ടിൻ ആവശ്യകത കുറയ്ക്കാൻ സഹായിക്കും.
- ആരോഗ്യകരമായ ശീലങ്ങൾ
വ്യായാമം, യോഗ, ധ്യാനം എന്നിവ സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും. പഴങ്ങളോ, പച്ചക്കറികളോ കഴിക്കുന്നത് പുകവലിയോടുള്ള ആസക്തി കുറച്ചു കൊണ്ടുവരുന്നു.
- ഡോക്ടറുടെ സഹായം
ഒരു ഡോക്ടറെ സമീപിച്ച് മരുന്നുകളോ പ്രത്യേക ചികിത്സാ രീതികളോ സ്വീകരിക്കാം. ഡോക്ടർമാർ വ്യക്തിഗത ആവശ്യങ്ങൾക്കനുസരിച്ച് പ്ലാൻ തയ്യാറാക്കി നൽകും.
ആസക്തിയുടെ മനഃശാസ്ത്രം
പുകവലി നിക്കോട്ടിന്റെ ശാരീരിക ആസക്തി മാത്രമല്ല, അത് പലപ്പോഴും അമിതമായ സമ്മർദ്ദം, വൈകാരിക ശൂന്യത, വിരസത, ഉത്കണ്ഠ അല്ലെങ്കിൽ ട്രോമ നിയന്ത്രണം എന്നിവയ്ക്കു വേണ്ടിയുള്ള ശ്രമം കൂടിയാണ്.
സ്വയമോ, മറ്റൊരാളെയോ പുകവലിക്കുന്നതിന്റെ പേരിൽ മുൻവിധികളോടെ കാണുന്നതിനു മുമ്പ് താഴെ പറയുന്ന ചോദ്യങ്ങൾ സ്വയം ചോദിക്കുക.
- ഞാൻ സമാധാനം തേടുകയാണോ അതോ പറയാൻ കഴിയാത്ത എന്തെങ്കിലും വികാരത്തെ മറയ്ക്കുകയാണോ ?
- എന്റെ ജീവിതത്തിൽ നഷ്ടപ്പെട്ട എന്തിന്റെയോ സ്ഥാനം ഈ ശീലം വഴി ഞാൻ നികത്തുന്നുണ്ടോ ?
ഇതിന്റെന്റെ നിങ്ങളുടെ ഉത്തരം അതെ എന്നാണെങ്കിൽ, പുകവലിയല്ല, മാനസികവും വൈകാരികവുമായ സഹായമാണ് നിങ്ങൾക്കു വേണ്ടത് എന്ന് മനസ്സിലാക്കുക.
നിർത്താനുള്ള പ്രയാസം
പുകവലി നിർത്തുക എന്നാൽ, ഒരു ശീലം നിർത്തൽ മാത്രമല്ല, അത് ഒരു സമ്മർദ്ദം നേരിടൽ ഉപകരണം നഷ്ടപ്പെടുത്തുന്നതിനെക്കുറിച്ച് കൂടിയാണ്. നിക്കോട്ടിൻ പെട്ടെന്ന് ലഭിക്കാതാകുമ്പോൾ ശരീരം പല തരത്തിലുള്ള അസ്വസ്ഥതകൾ പ്രകടിപ്പിക്കുന്നു. എന്നാൽ ആ ശീലം നിർത്തുമ്പോഴുണ്ടാകുന്ന വൈകാരിക അസ്വസ്ഥതകൾ കൂടുതൽ പ്രയാസം സൃഷ്ടിക്കുന്നു. ഈ ശീലം ഇല്ലാതെ ഞാൻ ആരായിരിക്കും, ഇനി ഞാൻ എങ്ങനെ സമ്മർദ്ദം കൈകാര്യം ചെയ്യും തുടങ്ങിയ ചിന്തകൾ ബാധിക്കും. എന്നാലും ശ്രദ്ധാപൂർവ്വവും പടിപടിയോടെയുമുള്ള ശ്രമങ്ങൾ കൊണ്ട് പുകവലി നിർത്താൻ സാധിക്കും.
പുകവലി നിർത്താനുള്ള അഞ്ചു ഘട്ടങ്ങൾ
- പുകവലി ജേർണൽ എഴുതുക: എപ്പോൾ പുകവലിക്കുന്നു, ആ നിമിഷം എന്താണ് തോന്നുന്നത് തുടങ്ങിയ കാര്യങ്ങൾ എഴുതിവെക്കുക.
- പുകയ്ക്ക് പകരം ശ്വസനം : ഒരു ദിവസം ഒരു സിഗരറ്റിന് പകരം രണ്ടു മിനിറ്റ് ആഴത്തിലുള്ള ശ്വസന പരിശീലനം നടത്തുക. ശരീരത്തെ പുതിയ രീതിയിൽ സ്വയം ശാന്തമാക്കാൻ പഠിപ്പിക്കുക.
- ട്രിഗർ ട്രാക്കർ: ഏതൊക്കെ സാഹചര്യങ്ങളും വികാരങ്ങളുമാണ് (വിരസത, സംഘർഷം, ഏകാന്തത) പുകവലിക്കാൻ പ്രേരിപ്പിക്കുന്നത് എന്ന് ശ്രദ്ധിക്കുക.
- പുതിയ ഭാഷ കണ്ടെത്തുക : ഞാൻ പുകവലി നിർത്താൻ ശ്രമിക്കുന്നു എന്നു പറയുന്നതിനു പകരം ഞാൻ സ്വതന്ത്രനാകുന്നു എന്നു പറയുക.
- പിന്തുണയാണ് ശക്തി : ഈ അവസ്ഥ നിങ്ങൾ ഒറ്റയ്ക്കു നേരിടുന്നതിനു പകരം ഒരു തെറാപിസ്റ്റ്, കോച്ച്, അല്ലെങ്കിൽ സപ്പോർട്ട് ഗ്രൂപ്പിനോട് സംസാരിക്കുക. പുകവലി ഒരു ശീലം മാത്രമല്ല, ഒരു ആസക്തിയാണ്. എന്നാൽ ശരിയായ മനോഭാവവും, പിന്തുണയും, മാർഗനിർദ്ദേശങ്ങളും ഉണ്ടെങ്കിൽ, ഈ ശീലത്തിൽ നിന്ന് മുക്തി നേടാൻ കഴിയും. ആരോഗ്യകരവും സന്തോഷകരവുമായ ഒരു ജീവിതത്തിനായി, ഇന്നുതന്നെ പുകവലി നിർത്താനുള്ള ആദ്യ ചുവടുവെപ്പ് നടത്തുക.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.