ഹൃദയ സ്പന്ദനം, അതല്ലേ എല്ലാം
text_fieldsഈയടുത്ത ദിവസം രാത്രി ഒമ്പതിന് എന്റെ മൊബൈൽ ഫോൺ നിലക്കാതെ അടിക്കാൻ തുടങ്ങി. ഏതോ സൗദി നമ്പരിൽ നിന്നാണ്. ‘ബഷീറാണ് സാർ, സൗദി അറേബ്യയിൽ നിന്നും, മനസിലായോ സാർ’. ‘ഇല്ലല്ലോ, ഏത് ബഷീർ ?’. ഞാൻ തിരിച്ച് ചോദിച്ചു. ‘സാറിന് ഓർമയില്ലായിരിക്കും.
ഇന്നത്തെ ദിവസം ഈ സമയം എനിക്ക് മറക്കാൻ പറ്റില്ല. കഴിഞ്ഞ വർഷം ഒരു രാത്രി മരിച്ചു എന്ന് കരുതി ഹോസ്പിറ്റലിലെത്തിച്ച് സാർ ജീവിപ്പിച്ചു വിട്ട ബഷീർ ഇല്ലേ, ഞാനാണ് സാർ‘. മറുപടി കേട്ടപ്പോൾ സുമുഖനായ ഒരു 35 വയസുകാരന്റെ മുഖം എന്റെ മനസ്സിൽ തെളിഞ്ഞു.
വഴിക്കടവിൽ നിന്നുള്ളയാളല്ലേ എന്ന് ചോദിച്ചപ്പോൾ അതേയെന്നും സാറിനെ വിളിച്ച് നന്ദി പറഞ്ഞില്ലെങ്കിൽ ഇന്നത്തെ തന്റെ ദിവസം പൂർണമാവില്ലെന്നും ജീവിതം തിരിച്ച് തന്നതിന് നൂറായിരം നന്ദിയെന്നും പറഞ്ഞു. ദൈവത്തിന്റെ കൈയിലെ ഉപകരണം മാത്രമാണ് ഞാനെന്നും തീരുമാനിക്കുന്നതെല്ലാം അവിടന്നല്ലേ എന്നും ഞാൻ മറുപടിയും പറഞ്ഞു.
സൗദിയിൽ ഡ്രൈവറായ ആ യുവാവിന്റെ മുഖം എന്റെ മനസിൽ കുളിർമഴ പെയ്യിച്ചു. ഒരു സ്റ്റെമി (ST elevation എന്ന ഗുരുതര ഹൃദയാഘാതം) വന്നിട്ടുണ്ടെന്നും പേഷ്യൻറ് സെമി കോൺഷ്യസാണെന്നും പറഞ്ഞായിരുന്നു ആ രാത്രിയിൽ ഡ്യൂട്ടി ഡോക്ടറുടെ വിളി. സംഗതി അത്യന്തം ഗുരുതരമാണെന്ന് ബോധ്യമായി. ഞാൻ ഉടൻ സി.സി.യുവിൽ എത്തി.
ഉടനെ കാത്ത് ലാബിൽ പ്രൈമറി ആഞ്ചിയോപ്ലാസ്റ്റി സെറ്റ് ചെയ്യാൻ ഓർഡർ നൽകി. ഒരു വിധം സ്റ്റെബുലൈസ് ചെയ്യാനുള്ള മരുന്നുകൾ കൊടുത്തു. അന്നേ ദിവസം വൈകീട്ടാണ് അദ്ദേഹത്തിന് നെഞ്ചു വേദന തുടങ്ങിയതെന്നും ആദ്യം ഗ്യാസ് ആണെന്ന് വിചാരിച്ച് അതിനുള്ള മരുന്ന് കഴിച്ചെന്നും കുടുംബാംഗങ്ങളിൽനിന്ന് മനസ്സിലായി. ബഷീറിന് വളരെ കാഠിന്യമേറിയ ഹൃദയാഘാതമാണെന്നും കാർഡിയാക് അറസ്റ്റ് ഉണ്ടായെന്നും ഭാഗ്യം കൊണ്ടാണ് ഇവിടെ വരെ എത്തിയതെന്നും അവരോട് പറഞ്ഞു.
അതിനിടെ വീണ്ടു ഫോൺ വിളി വന്നു. ‘സാർ, വീണ്ടും അറസ്റ്റ്’. ഞാൻ ഓടി സി.സി.യുവിൽ കയറി അഡ്വാൻസ് കാർഡിയാക് സപ്പോർട്ട് എല്ലാം തുടങ്ങി. കാത്ത് ലാബിൽ ചെന്ന് 15 മിനിറ്റു കൊണ്ട് എൽ.എ.ഡി എന്ന ഇടത്തെ രക്തക്കുഴൽ തുറന്നു. ഇതിനിടക്ക് വീണ്ടും അറസ്റ്റ്. സി.പി.ആർ, ഷോക്ക്.. പലതവണ.
എല്ലാം കഴിഞ്ഞ് ബഷീറേ എങ്ങനെയുണ്ട് എന്ന ചോദ്യത്തിന് ഇപ്പോൾ കുറവുണ്ടെന്ന ബലഹീനമായ ഉത്തരം കിട്ടിയപ്പോൾ ഒരു രാജ്യം പിടിച്ചടക്കിയ രാജാവിന്റെ ഊർജത്തിൽ ഞാൻ കൺസോളിൽ എന്റെ കസേരയിലേക്ക്.
അപ്പോൾ ഞാൻ പറഞ്ഞു വരുന്നത്. ഹൃദയാഘാതം എന്നത് മരണ കാരണമാവുന്ന അസുഖങ്ങളിൽ ഏറ്റവും വലുതാണ്. ഹൃദയാഘാതം വഴിയുണ്ടാവുന്ന മരണങ്ങളിൽ 90 ശതമാനവും ആദ്യ ആറുമണിക്കൂറിലാണെന്നത് പ്രത്യേകം ഓർക്കണം. ടൈം ഈസ് മസിൽ (എത്ര നേരത്തെ ആഞ്ചിയോ പ്ലാസ്റ്റി ചെയ്യുന്നുവോ അത്രയും അധികം ഹൃദയ മാസപേശികൾ രക്ഷിക്കാൻ സാധിക്കുന്നു) എന്നീ കാര്യങ്ങൾ കൂടി ഉദ്ദേശിക്കുന്നു.
ഇന്ന് നാം സാധാരണ കേൾക്കുന്ന കുഴഞ്ഞു വീണുളള മരണങ്ങളിൽ 90 ശതമാനവും ഹൃദയാഘാതത്തെ തുടർന്നാണ്. അതുകൊണ്ട് ഏറ്റവും നേരത്തെ അടഞ്ഞു പോയ രക്തക്കുഴലുകൾ തുറക്കുക എന്ന പ്രൈമറി ആഞ്ചിയോ പ്ലാസ്റ്റി ചെയ്യേണ്ടതുണ്ട്. നേരത്തെ തന്നെ വിദഗ്ധ ചികിൽസ ലഭ്യമാക്കാൻ ആശുപത്രികളെ സമീപിക്കുക എന്നത് വളരെ അത്യന്താപേക്ഷിതമാണ്. ഗ്യാസ് ആണെന്ന് കരുതി ഇരുന്നാൽ നഷ്ടമാവുക വിലപ്പെട്ട ജീവനാവും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.