വണ്ണം കുറക്കാം, പോക്കറ്റ് കാലിയാകാതെ
text_fieldsനമ്മുടെ ജനസംഖ്യയുടെ നല്ലൊരു ശതമാനവും പ്രമേഹവും പൊണ്ണത്തടിയും കൊണ്ടുള്ള ബുദ്ധിമുട്ടുകൾ നേരിടുന്നവരാണ്. എന്നാൽ അമിതവണ്ണം ബുദ്ധിമുട്ടിക്കുന്നവർക്ക് ഒരാശ്വാസ വാർത്തയുണ്ട്. പൊണ്ണത്തടിയുള്ളവർ വണ്ണം കുറയാനായി ഉപയോഗിക്കുന്ന സെമാഗ്ലൂറ്റൈഡ് മരുന്നിന്‍റെ വിലയിൽ വൻ ഇടിവ് സംഭവിക്കാൻ പോകുന്നു. നിലവിൽ മാസം 30000 രൂപ മുടക്കിയിരുന്ന സ്ഥാനത്ത് ഇനി 3000 രൂപ മതിയാകും.
പാവപ്പെട്ടവനും പണക്കാർക്കും ഒരു പോലെ സെമാഗ്ലൂറ്റൈഡ് ലഭ്യമാകും. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും വിശപ്പ് കുറക്കുകയും ചെയ്യുന്ന ജിഎൽപി-1 വിഭാഗത്തിലെ മരുന്നുകളായ ഒസെംപികിന്‍റെയും വിഗോവിയുടെയും വില കൂടാൻ കാരണമായ അവയിലെ പ്രധാന ഘടകമാണിത്. 2026ഓടെ സെമാഗ്ലൂറ്റൈഡിന്‍റെ പേറ്റന്‍റ് കാലാവധി അവസാനിക്കുന്നതോടെ വില 80 മുതൽ 90 ശതമാനം വരെ കുറയുമെന്നാണ് വിദഗ്ധർ പറയുന്നത്. അതായത് നിലവിൽ 20,000നും 30,000നും ഇടയിൽ വിലയുണ്ടായിരുന്ന മരുന്നുകൾ 2,500-4000 രൂപക്ക് ലഭ്യമാകും.
വില കുറയുന്നത് ഒരുപാട് പേർക്ക് ഗുണം ചെയ്യുമെങ്കിലും മരുന്നിന്‍റെ ദുരുപയോഗം കൂടാനും സാധ്യതയുണ്ടെന്ന് പ്രശസ്ത എൻഡോക്രൈനോളജിസ്റ്റും 'ദ വെയ്റ്റ് ലോസ്റ്റ് റവല്യൂഷൻ' ന്‍റെ രചയിതാവുമായ ഡോ.ആംബ്രിഷ് മിതൽ മുന്നറിയിപ്പ് നൽകുന്നു. പ്രമേഹ രോഗികളും അമിതവണ്ണമുള്ളവരും ഉപയോഗിക്കുന്ന മരുന്നുകളിലെ പ്രധാന ഘടകമാണ് സെമാഗ്ലൂറ്റൈഡും ടിർസെപറ്റൈഡും. ഇവയുടെ ഉപയോഗം അപൂർവവും ഗുരുതരവുമായ നേത്രരോഗത്തിന് കാരണമാകുന്നുവെന്ന് അടുത്തിടെ പ്രസിദ്ധീകരിച്ച പഠനങ്ങൾ തെളിയിക്കുന്നു.
നോൺ-ആർട്ടറിറ്റിക് ആന്റീരിയർ ഇസ്കെമിക് ഒപ്റ്റിക് ന്യൂറോപ്പതി (NAION) എന്നറിയപ്പെടുന്ന ഈ രോഗാവസ്ഥ 2500 രോഗികളിൽ ഒരാൾക്ക് മാത്രമാണ് വരാൻ സാധ്യത. വളരെ അപൂർവമാണെങ്കിലും ഒപ്റ്റിക് നാഡിയിലേക്കുള്ള രക്തപ്രവാഹം തടസ്സപ്പെടുന്ന ഈ രോഗാവസ്ഥ അതിഗുരുതരമാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.