Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightFitnesschevron_rightതണുപ്പ് കാലത്ത്...

തണുപ്പ് കാലത്ത് വിഷാദവും ക്ഷീണവും അനുഭവപ്പെടാറുണ്ടോ? അറിയണം ‘സീസണൽ അഫക്റ്റീവ് ഡിസോർഡറി’നെ കുറിച്ച്

text_fields
bookmark_border
തണുപ്പ് കാലത്ത് വിഷാദവും ക്ഷീണവും അനുഭവപ്പെടാറുണ്ടോ? അറിയണം ‘സീസണൽ അഫക്റ്റീവ് ഡിസോർഡറി’നെ കുറിച്ച്
cancel

തണുപ്പ് കൂടുതലാകുന്ന സമയത്ത് അസ്വസ്ഥത ഉണ്ടാകാറുണ്ടോ? ദിവസങ്ങൾ ചെറുതാവുകയും രാത്രികൾക്ക് ദൈർഘ്യം കൂടുകയും ചെയ്യുമ്പോൾ പലർക്കും മാനസികാവസ്ഥയിൽ സൂക്ഷ്മമായ മാറ്റങ്ങൾ വരും. വിഷാദം അനുഭവപ്പെടാനും തുടങ്ങും. ഈ മാറ്റങ്ങൾ ചിലപ്പോൾ ഹോർമോൺ വ്യതിയാനങ്ങളേക്കാൾ കൂടുതലായിരിക്കാം. ഇവർക്ക് ശീതകാല വിഷാദമാണ് (Winter depression). വർഷത്തിലെ പ്രത്യേക സമയങ്ങളിൽ പ്രത്യേകിച്ച് തണുപ്പുകാലത്തും ശരത്കാലത്തും സൂര്യപ്രകാശം കുറയുന്നതുമായി ബന്ധപ്പെട്ട് ആളുകളിൽ ഉണ്ടാകുന്ന ഒരു തരം വിഷാദമാണിത്. ഇത് സീസണൽ അഫക്റ്റീവ് ഡിസോർഡർ അഥവാ എസ്.എ.ഡി (SAD) എന്ന അവസ്ഥയുടെ ഒരു രൂപമാണ്.

എസ്.എ.ഡി സാധാരണയായി തണുപ്പുള്ളതും ഇരുണ്ടതുമായ മാസങ്ങളിൽ മാത്രമേ സംഭവിക്കാറുള്ളൂ. ഈ സമയങ്ങളിൽ മാനസികാരോഗ്യത്തിന് പ്രധാന്യം കൊടുക്കേണ്ടത് ആവശ്യമാണ്. ആദ്യകാല ലക്ഷണങ്ങൾ തിരിച്ചറിയണം. തുടർച്ചയായ വിഷാദഭാവം അല്ലെങ്കിൽ ദുഃഖം, ഊർജ്ജക്കുറവ്, അമിതമായ ക്ഷീണം, ഉറങ്ങാനുള്ള അമിതമായ ആഗ്രഹം, സാധാരണയായി ആസ്വദിച്ചിരുന്ന കാര്യങ്ങളിൽ താൽപ്പര്യമില്ലായ്മ, കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങളോടുള്ള ആസക്തി ഇതൊക്കെയാണ് സാധാരണ കാണുന്ന ലക്ഷണങ്ങൾ. ഈ ലക്ഷണങ്ങൾ തീവ്രമായി അനുഭവപ്പെടുന്നുണ്ടെങ്കിൽ ഒരു മാനസികാരോഗ്യ വിദഗ്ദ്ധന്റെ സഹായം തേടണം.

തലച്ചോറിലെ രാസമാറ്റങ്ങൾ

ശീതകാല വിഷാദം പ്രധാനമായും ബന്ധപ്പെട്ടിരിക്കുന്നത് സൂര്യപ്രകാശ ലഭ്യതയിലുള്ള മാറ്റങ്ങളുമായും ശരീരത്തിന്റെ ആന്തരിക സമയക്രമവുമായും ആണ്. സൂര്യപ്രകാശം കുറയുകയോ ലഭിക്കാതിരിക്കുകയോ ചെയ്യുമ്പോൾ, നമ്മുടെ തലച്ചോറിൽ രണ്ട് പ്രധാന മാറ്റങ്ങൾ സംഭവിക്കുന്നു. ഈ രാസമാറ്റങ്ങൾ അനാവശ്യമായ ക്ഷീണം, വിഷാദം, ജോലി ചെയ്യാനുള്ള പ്രചോദനക്കുറവ് തുടങ്ങിയ ലക്ഷണങ്ങളിലേക്ക് നയിക്കുന്നു.

സെറോടോണിൻ കുറയുന്നു: മാനസികാവസ്ഥയെ നിയന്ത്രിക്കുന്ന ന്യൂറോട്രാൻസ്മിറ്ററാണ് സെറോടോണിൻ. ഇതിന്റെ ഉത്പാദനം കുറയുന്നത് വിഷാദത്തിനും സങ്കടത്തിനും കാരണമാകുന്നു.

മെലടോണിൻ കൂടുന്നു: ഉറക്കത്തെ പ്രോത്സാഹിപ്പിക്കുന്ന ഹോർമോണാണ് മെലടോണിൻ. ഇത് കൂടുതലായി ഉത്പാദിപ്പിക്കപ്പെടുന്നത് അമിതമായ ക്ഷീണത്തിനും മന്ദതക്കും കാരണമാകുന്നു.

ആർക്കാണ് സാധ്യത കൂടുതൽ?

ആർക്കും ശീതകാല വിഷാദം വരാമെങ്കിലും ഭൂമധ്യരേഖയിൽ നിന്ന് അകലെ താമസിക്കുന്നവരിലാണ് ഇത് കൂടുതലായി കണ്ടുവരുന്നത്. കാരണം ഈ പ്രദേശങ്ങളിൽ ശീതകാലം ദൈർഘ്യമേറിയതും പകൽ സമയം കുറഞ്ഞതുമാണ്. സീസണൽ അഫക്റ്റീവ് ഡിസോർഡർ ഒരു സീസണൽ രൂപമാണ്. യു.കെയിലെ നാഷണൽ ഹെൽത്ത് സർവീസ് പഠനം പ്രകാരം കഴിഞ്ഞ മൂന്ന് ദശാബ്ദങ്ങളായി ഈ സിൻഡ്രോം സുപരിചിതമാണ്. ലൈറ്റ് ട്രീറ്റ്മെന്‍റാണ് പ്രധാന ചികിത്സ.

ശരീരത്തിന്‍റെ സിർക്കാഡിയൻ റിഥം പല സുപ്രധാന പ്രവർത്തനങ്ങളെയും നിയന്ത്രിക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്നു. ഈ ജൈവ ഘടികാരത്തെ സൂര്യപ്രകാശം സ്വാധീനിക്കുന്നു. ഇത് രാവിലെ ഉണരാനുള്ള താൽപ്പര്യം എപ്പോഴാണ് ഉണ്ടാകേണ്ടതെന്ന് നിശ്ചയിക്കാൻ സഹായിക്കുന്നു. എന്നിരുന്നാലും, ശൈത്യകാല മാസങ്ങളിൽ, പ്രകൃതിദത്തമായ വെളിച്ചം കുറയുന്നത് ഈ സ്വാഭാവിക താളത്തെ തടസ്സപ്പെടുത്തിയേക്കാം. തൽഫലമായി, ഇത്തരം തടസ്സങ്ങൾ സീസണൽ അഫക്റ്റീവ് ഡിസോർഡറുമായി ബന്ധപ്പെട്ട വിവിധ ലക്ഷണങ്ങളിലേക്ക് നയിച്ചേക്കാം. എസ്.എ.ഡിയുള്ളലവർ ഉറക്കം, വിശപ്പ്, ഊർജ്ജം എന്നിവയിലെ മാറ്റങ്ങൾ, വിഷാദഭാവം അല്ലെങ്കിൽ നെഗറ്റീവ് ചിന്തകൾ പോലുള്ള രണ്ട് തരം ലക്ഷണങ്ങൾ അനുഭവിക്കുന്നുവെന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിൽ പ്രസിദ്ധീകരിച്ച ഗവേഷണം വ്യക്തമാക്കുന്നു. ബ്രൈറ്റ് ലൈറ്റ് തെറാപ്പിയാണ് കൂടുതൽ ആളുകൾക്ക് പ്രയോജനം ചെയ്ത ചികിത്സാ രീതി.

എന്തൊക്കെ ചെയ്യാം?

1. സൂര്യപ്രകാശത്തിന്‍റെ ലഭ്യത പരമാവധിയാക്കുക: പ്രകൃതിദത്തമായ വെളിച്ചം നിങ്ങളുടെ മാനസികാവസ്ഥയെ നിയന്ത്രിക്കാൻ സഹായിക്കും. പുറത്ത് അൽപ്പസമയം ചെലവഴിക്കുക. ഉദാഹരണത്തിന് ഒരു പ്രഭാത നടത്തത്തിന് പോകുക, ഒരു ജനലിനടുത്ത് ഇരിക്കുക, പകൽ സമയങ്ങളിൽ കർട്ടനുകൾ തുറന്നിടുക എന്നിവയെല്ലാം മാനസികാവസ്ഥ മെച്ചപ്പെടുത്തും.

2. ഒരു ചിട്ടയായ ദിനചര്യ പാലിക്കുക: ഉറക്കം, ഭക്ഷണം കഴിക്കുന്ന സമയം, മറ്റ് പ്രവർത്തനങ്ങൾ എന്നിവയിൽ ഒരു ക്രമമായ രീതി നിലനിർത്തുക. ഇത് നിങ്ങളുടെ ശരീരത്തിന്‍റെ സിർക്കാഡിയൻ റിഥം നിലനിർത്താൻ സഹായിക്കും. ഏകദേശം ഒരേ സമയത്ത് ഉറങ്ങാനും എഴുന്നേൽക്കാനും ശ്രമിക്കുക, ഭക്ഷണം മുൻകൂട്ടി ആസൂത്രണം ചെയ്യുക, ചെറിയ പ്രവർത്തനങ്ങൾ പ്ലാൻ ചെയ്യുക എന്നിവയെല്ലാം സീസണൽ മൂഡ് മാറ്റങ്ങളെ ചെറുക്കാൻ സഹായിക്കും.

3. സമീകൃതാഹാരം തിരഞ്ഞെടുക്കുക: തണുപ്പുള്ള മാസങ്ങളിൽ നമ്മുടെ പ്രിയപ്പെട്ട കംഫർട്ട് ഭക്ഷണങ്ങൾ കഴിക്കാൻ തോന്നിയേക്കാം. എങ്കിലും, പലതരം പച്ചക്കറികൾ, ഫ്രഷ് പഴങ്ങൾ, ധാന്യങ്ങൾ, ഒമേഗ-3 ഫാറ്റി ആസിഡുകൾ എന്നിവയാൽ സമ്പന്നമായ ഒരു ഭക്ഷണക്രമത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് പ്രധാനമാണ്. ഇത്തരം സമീകൃതാഹാരം തലച്ചോറിന്‍റെ ഒപ്റ്റിമൽ പ്രവർത്തനത്തെ പിന്തുണക്കുക മാത്രമല്ല, മാനസികാവസ്ഥ മെച്ചപ്പെടുത്തുന്നതിലും സ്ഥിരപ്പെടുത്തുന്നതിലും പ്രധാന പങ്ക് വഹിക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mental HealthDepressionSunlightFatiguewinter
News Summary - Seasonal Affective Disorder
Next Story