Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പുലർക്കാല ഓപ്പറേഷനുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്; പഴകിയ എണ്ണയും വൃത്തിഹീന പലഹാരങ്ങളും കൈയോടെപൊക്കി

text_fields
bookmark_border
പുലർക്കാല ഓപ്പറേഷനുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്; പഴകിയ എണ്ണയും വൃത്തിഹീന പലഹാരങ്ങളും കൈയോടെപൊക്കി
cancel

കോഴിക്കോട്: സുരക്ഷിതമല്ലാതെ ആരോഗ്യത്തിന് ഹാനികരമാകുന്ന രീതിയിൽ ഭക്ഷണ സാധനങ്ങൾ നിർമ്മിച്ച് വിതരണം ചെയ്യുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടിയുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്. സംസ്ഥാനവ്യാപകമായി നടപ്പിലാക്കുന്ന ഓപ്പറേഷൻ തെളിമയുടെ ഭാഗമായി കോഴിക്കോട് ജില്ലയിൽ അതിരാവിലെ ഒരു മണിക്ക് ആരംഭിച്ച മിന്നൽ പരിശോധനയിൽ 440 ലിറ്റർ സുരക്ഷിതമല്ലാത്ത ഭക്ഷ്യ എണ്ണയും വൃത്തിഹീനമായ സാഹചര്യങ്ങളിൽ തയ്യാറാക്കിയ ആയിരക്കണക്കിന് ഭക്ഷ്യവസ്തുക്കളും പിടിച്ചെടുത്ത് നശിപ്പിച്ചു. വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിച്ച നാല് സ്ഥാപനങ്ങൾക്ക് പൂട്ടുവീണു. ലൈസൻസില്ലാതെ പ്രവർത്തിച്ച രണ്ട് സ്ഥാപനങ്ങളും അടച്ചുപൂട്ടി.

വൻതോതിൽ എണ്ണക്കടികൾ നിർമ്മിച്ച് റീട്ടെയിൽ കടകളിലേക്കും ചായക്കടകളിലേക്കും വിതരണം ചെയ്യുന്ന സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചായിരുന്നു പരിശോധന. അഞ്ച് സ്ക്വാഡുകളായി പത്ത് സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. ഭക്ഷ്യവസ്തുക്കളുടെ നിർമ്മാണവും വിതരണവും പൊതുജനാരോഗ്യത്തിന് ഭീഷണിയാകുന്ന സാഹചര്യങ്ങൾ ഒഴിവാക്കുന്നതിനായി പുലർച്ചെ തന്നെ പരിശോധന ശക്തമാക്കിയതെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് അറിയിച്ചു.

ഭക്ഷ്യ എണ്ണയുടെ ഗുണനിലവാരം പരിശോധിക്കുന്നതിനായി മൊബൈൽ ഫുഡ് ടെസ്റ്റിങ് ലാബിന്റെ സഹായത്തോടെ ടെസ്റ്റോമീറ്റർ ഉപയോഗിച്ചും പരിശോധന നടത്തി. നിയമലംഘനങ്ങൾ കണ്ടെത്തിയ നാല് സ്ഥാപനങ്ങൾക്ക് പിഴ ഈടാക്കുന്നതിനുള്ള നോട്ടീസ് നൽകി. രണ്ട് സ്ഥാപനങ്ങൾക്കെതിരെ അഡ്ജുഡിക്കേഷൻ നടപടികൾ സ്വീകരിക്കും.

വൃത്തിഹീനമായ സാഹചര്യങ്ങളിൽ തയ്യാറാക്കിയതും മനുഷ്യാരോഗ്യത്തിന് ഹാനികരമാകാൻ സാധ്യതയുള്ളതുമായ ഭക്ഷ്യവസ്തുക്കൾ കണ്ടെത്തി നശിപ്പിച്ചു. പരിശോധനയിൽ 440 ലിറ്റർ ഭക്ഷ്യ എണ്ണയ്ക്കു പുറമേ 3,900 സമൂസ, 2,600 പൊരിച്ച പത്തിരി, 1,000 പരിപ്പുവട, 250 കട്ട്ലറ്റ്, 1,000 ചപ്പാത്തി, 250 ഇഡ്ഡലി, 100 വട എന്നിവയും 50 കിലോഗ്രാം പത്തിരിമാവും പിടിച്ചെടുത്ത് നശിപ്പിച്ചു. ഭക്ഷ്യവസ്തുക്കളുടെ നിർമ്മാണത്തിലും സംഭരണത്തിലും വിതരണത്തിലും ശുചിത്വവും ഗുണനിലവാരവും ഉറപ്പാക്കാത്ത സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി തുടരുമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് വ്യക്തമാക്കി. ഭക്ഷ്യ എണ്ണയുടെ ആവർത്തിച്ചുള്ള ഉപയോഗം തടയുന്നതിനുമായി സംസ്ഥാനവ്യാപകമായി പരിശോധനകൾ ശക്തമാക്കുകയെന്നതാണ് ഓപ്പറേഷൻ തെളിമ 2.0 ലക്ഷ്യം വെക്കുന്നത്. ഭക്ഷ്യസുരക്ഷാ ഡെപ്യൂട്ടി കമ്മീഷണർ ശ്രീ. വിനോദ് കുമാർ ടി.എസ്., ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണർ ഡോക്ടർ. ജോസഫ് കുര്യാക്കോസ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധനകൾ നടന്നത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Stale oil and unclean sweets seized
Next Story