Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സ്ട്രോക്ക് വന്നോ? പ്രതീക്ഷ കൈവിടാതെ വീണ്ടും വീണ്ടും പരിശീലിക്കൂ; തലച്ചോറിൽ അത്ഭുതം സംഭവിക്കും

text_fields
bookmark_border
സ്ട്രോക്ക് വന്നോ? പ്രതീക്ഷ കൈവിടാതെ വീണ്ടും വീണ്ടും പരിശീലിക്കൂ; തലച്ചോറിൽ  അത്ഭുതം സംഭവിക്കും
cancel

സ്ട്രോക്ക് (പക്ഷാഘാതം) സംഭവിച്ച ശേഷം സാധാരണ ജീവിതത്തിലേക്ക് മടങ്ങാനാകുമോ? “സ്ട്രോക്ക് വന്നാൽ നഷ്ടപ്പെട്ട കഴിവുകൾ ഇനി തിരിച്ചുകിട്ടില്ല എന്നാണ് പൊതുവേയുള്ള ധാരണ. ഈ ധാരണ എല്ലായ്പ്പോഴും ശരിയല്ല. സ്ട്രോക്ക് തലച്ചോറിലെ ചില നാഡീകോശങ്ങൾക്ക് കേടുപാടുകൾ വരുത്തുമ്പോൾ ചലനം, സംസാരം, ബാലൻസ് , ഓർമ്മ തുടങ്ങിയ കഴിവുകളെ ബാധിക്കാം. എന്നാൽ പരിശീലനത്തിനും അനുഭവങ്ങൾക്കും അനുസരിച്ച് നാഡീബന്ധങ്ങളിൽ മാറ്റം വരുത്താനും പുതിയ ബന്ധങ്ങൾ രൂപപ്പെടുത്താനും സ്വയം പുനഃസംഘടിപ്പിക്കാനും തലച്ചോറിന് കഴിവുണ്ട്. ന്യൂറോപ്ലാസ്റ്റിസിറ്റി (Neuroplasticity) എന്നാണ് ഈ സവിശേഷത അറിയപ്പെടുന്നത്.

സ്ട്രോക്കിന് ശേഷം തലച്ചോറിൽ എന്താണ് സംഭവിക്കുന്നത്?

കേടുപാടുകൾ സംഭവിച്ച പ്രദേശത്തിന് ചുറ്റുമുള്ള ശേഷിക്കുന്ന നാഡീകോശങ്ങൾ കൂടുതൽ സജീവമാകാം. തലച്ചോറിന്റെ മറ്റ് ഭാഗങ്ങൾ നഷ്ടപ്പെട്ട പ്രവർത്തനങ്ങളിൽ ഭാഗികമായി പങ്കാളികളാകാൻ കഴിയും. ആവർത്തിച്ചുള്ള പരിശീലനം നാഡീബന്ധങ്ങളെ ശക്തിപ്പെടുത്തുകയും സിനാപ്റ്റിക് പ്ലാസ്റ്റിസിറ്റി (Synaptic Plasticity) എന്നറിയപ്പെടുന്ന നാഡീബന്ധങ്ങളിലെ മാറ്റങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യാം. പുതിയ നാഡീബന്ധങ്ങളുടെ രൂപീകരണവും നിലവിലുള്ള നാഡീശൃംഖലകളുടെ പുനഃഘടനയും തലച്ചോറിന്റെ പുനഃസംഘടന (Brain Reorganization) യുടെ ഭാഗമാണ്. അതിനാൽ വ്യായാമവും പുനരധിവാസവും തലച്ചോറിൽ നിന്നുള്ള നാഡീവളർച്ചാ ഘടകം (BDNF - Brain-Derived Neurotrophic Factor) പോലുള്ള ഘടകങ്ങളെ സ്വാധീനിച്ച് ന്യൂറോപ്ലാസ്റ്റിസിറ്റിക്ക് പിന്തുണ നൽകാൻ സഹായിച്ചേക്കാം.

പുനരധിവാസം പ്രധാനം

സ്ട്രോക്കിന് ശേഷം നഷ്ടപ്പെട്ട കഴിവുകൾ വീണ്ടെടുക്കാനുള്ള ശ്രമത്തിൽ പുനരധിവാസത്തിന് (Rehabilitation) പ്രധാന സ്ഥാനമുണ്ട്. കൈ ചലിപ്പിക്കുക, നടക്കുക, സംസാരിക്കുക, വസ്തുക്കൾ പിടിക്കുക തുടങ്ങിയ പ്രവർത്തനങ്ങൾ ശരിയായ രീതിയിൽ ആവർത്തിച്ച് പരിശീലിക്കുന്നത് ബന്ധപ്പെട്ട നാഡീശൃംഖലകളെ കൂടുതൽ കാര്യക്ഷമമാക്കാൻ സഹായിക്കാം.

ആദ്യ ശ്രമത്തിൽ ഒരു പ്രവർത്തനം ചെയ്യുന്നത് ബുദ്ധിമുട്ടായിരിക്കാം. പത്താമത്തെ ശ്രമത്തിലും ബുദ്ധിമുട്ട് അനുഭവപ്പെട്ടേക്കാം. ഇവ വീണ്ടും വീണ്ടും ശരിയായ രീതിയിൽ പരിശീലിക്കുമ്പോൾ, ബന്ധപ്പെട്ട നാഡീശൃംഖലകളെ കൂടുതൽ കാര്യക്ഷമമാക്കാൻ സഹായിക്കാം. ഓരോ ശരിയായ ആവർത്തനവും ആ പ്രവർത്തനം വീണ്ടും പഠിക്കാനുള്ള തലച്ചോറിന്റെ കഴിവിനെ പിന്തുണയ്ക്കുന്നു. ഇത്തരത്തിലുള്ള പരിശീലനത്തിലൂടെയാണ് പുനരധിവാസം വീണ്ടെടുപ്പിന്റെ ഭാഗമാകുന്നത്.

അതുകൊണ്ടാണ് സ്ട്രോക്ക് പുനരധിവാസത്തിൽ ശാരീരിക പുനരധിവാസം (Physiotherapy) ചലനത്തിനും ശക്തിക്കും, തൊഴിൽ അധിഷ്ഠിത പുനരധിവാസം (Occupational Therapy) ദൈനംദിന പ്രവർത്തനങ്ങൾക്കും, സംസാര പുനരധിവാസം (Speech Therapy) സംസാരത്തിനും വിഴുങ്ങലിനും, ബൗദ്ധിക പുനരധിവാസം (Cognitive Rehabilitation) ഓർമ്മ, ശ്രദ്ധ, ചിന്ത എന്നിവയുടെ തിരിച്ചെടുക്കലിനും സഹായിക്കും.

ഓരോ ചെറിയ മുന്നേറ്റവും വലിയ വിജയമാണ്!

ഇന്ന് ഒരു വിരൽ ചലിപ്പിക്കാൻ കഴിഞ്ഞാൽ, നാളെ ഒരു കൈ ഉയർത്താൻ കഴിഞ്ഞേക്കാം. ഇന്ന് കുറച്ച് ചുവടുകൾ വെക്കാൻ കഴിഞ്ഞാൽ നാളെ കൂടുതൽ ദൂരം നടക്കാൻ കഴിയും. പുനരധിവാസം ശരീരത്തെ മാത്രം പരിശീലിപ്പിക്കുന്ന പ്രക്രിയയല്ല. തലച്ചോറിനെ വീണ്ടും പഠിക്കാൻ സഹായിക്കുന്ന യാത്ര കൂടിയാണത്. ന്യൂറോപ്ലാസ്റ്റിസിറ്റിയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിൽ രോഗിയുടെ അവസ്ഥയ്ക്കനുസരിച്ചുള്ള പരിശീലനത്തിന് പ്രാധാന്യമുണ്ട്. ഓരോ വ്യക്തിയുടെയും വീണ്ടെടുപ്പ് വ്യത്യസ്തമായിരിക്കുമെങ്കിലും, ക്രമബദ്ധമായ പരിശീലനം നഷ്ടപ്പെട്ട കഴിവുകൾ വീണ്ടെടുക്കാനുള്ള ശ്രമത്തിൽ പ്രധാനമാണ്.

ആദ്യം തലച്ചോറിനെ രക്ഷിക്കുക, പിന്നെ പരിശീലനം

സ്ട്രോക്ക് സംഭവിച്ചാൽ സമയം വളരെ പ്രധാനമാണ്. എത്രയും വേഗം ചികിത്സ ലഭിക്കണം. തലച്ചോറിലേക്കുള്ള രക്തപ്രവാഹം പുനഃസ്ഥാപിക്കുകയും കൂടുതൽ നാഡീകോശങ്ങളുടെ നഷ്ടം തടയുകയും ചെയ്യുന്നത് നിർണായകമാണ്.

അടിയന്തര ചികിത്സയ്ക്ക് ശേഷം, രോഗിയുടെ അവസ്ഥയ്ക്കനുസരിച്ചുള്ള ക്രമബദ്ധമായ പുനരധിവാസം (Structured Rehabilitation) ന്യൂറോപ്ലാസ്റ്റിസിറ്റിയെ പ്രയോജനപ്പെടുത്താൻ സഹായിക്കും. ന്യൂറോപ്ലാസ്റ്റിസിറ്റി അടിയന്തര സ്ട്രോക്ക് ചികിത്സയ്ക്ക് പകരമല്ല. ആദ്യം തലച്ചോറിനെ സംരക്ഷിച്ചതിന് ശേഷം വേണം പരിശീലനം.

സ്ട്രോക്കിൽ നഷ്ടപ്പെട്ട കഴിവുകൾ ന്യൂറോപ്ലാസ്റ്റിസിറ്റിയിലൂടെ തിരിച്ചു കിട്ടുമെന്ന പ്രതീക്ഷയ്ക്ക് ശാസ്ത്രീയമായ അടിത്തറയുണ്ട്. പക്ഷേ എല്ലാവരുടെയും വീണ്ടെടുപ്പ് ഒരുപോലെയായിരിക്കില്ല. എങ്കിലും തലച്ചോറ് നിശ്ചലമാകുന്നില്ല. അത് വീണ്ടും പഠിക്കുന്നു, പുതിയ വഴികൾ കണ്ടെത്തുന്നു, സ്വയം പുനഃസംഘടിപ്പിക്കുന്നു. ഓരോ പരിശീലനവും വീണ്ടെടുപ്പിലേക്കുള്ള ഒരു പുതിയ അവസരമാണ്. പ്രതീക്ഷ കൈവിടരുത്. പരിശീലനം നിർത്തരുത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - The miracle that happens in Tallahassee after a stroke
Next Story