വെള്ളത്തിൽ നിന്ന് കരകയറിയാൽ ശരീരം ചുട്ടുപൊള്ളും; എന്താണ് ഇഖ്ബാലിനെ ബാധിച്ച അപൂർവ രോഗം?
text_fieldsമുംബൈ: കരയ്ക്ക് കയറിയാൽ ദേഹമാസകലം കത്തിയെരിയുന്നതുപോലുള്ള വേദന. ചൂടും നീറ്റലും സഹിക്കാൻ കഴിയാതെ രാവും പകലും കുളത്തിലെ വെള്ളത്തിൽ കഴുത്തറ്റം മുങ്ങിക്കിടക്കുന്ന പതിനാറുകാരൻ. കഴിഞ്ഞ ദിവസങ്ങളിൽ സമൂഹമാധ്യമങ്ങളിൽ നിറഞ്ഞുനിന്നത് ദുരിതജീവിതം നയിക്കുന്ന ഷെയ്ഖ് എന്ന ഇഖ്ബാലിന്റെ സങ്കടക്കാഴ്ചകളായിരുന്നു. ഭക്ഷണം കഴിക്കുന്നതുപോലും വെള്ളത്തിൽ ഇറങ്ങിനിന്നായിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം മകന് മികച്ച ചികിത്സ നൽകാൻ കഴിയാതെ നിസ്സഹായരായിരുന്നു ആ മാതാപിതാക്കൾ.
എന്നാൽ, ദേശീയ മാധ്യമങ്ങളിലൂടെ ഈ വാർത്തയറിഞ്ഞ റിലയൻസ് ഇൻഡസ്ട്രീസ് എക്സിക്യൂട്ടീവ് ഡയറക്ടർ അനന്ത് അംബാനി സഹായവുമായി എത്തിയതോടെയാണ് ഇഖ്ബാലിന്റെ ജീവിതത്തിൽ വീണ്ടും പ്രതീക്ഷയുടെ വെളിച്ചം വീണത്. വിദഗ്ധ ചികിത്സയ്ക്കായി കുട്ടിയെ വിമാനമാർഗം മുംബൈയിലെ എച്ച്.എൻ. റിലയൻസ് ഫൗണ്ടേഷൻ ആശുപത്രിയിൽ എത്തിച്ചു. മെഡിക്കൽ സംഘം പരിശോധനകൾ തുടരുന്നതിനിടെ, ഇഖ്ബാലിനെ ഇത്രത്തോളം ദുരിതത്തിലാഴ്ത്തിയ അസുഖം എന്താണെന്ന അന്വേഷണത്തിലാണ് ആളുകൾ. റിപ്പോർട്ടുകൾ പ്രകാരം 'എരിത്രോമെലാൽജിയ' (Erythromelalgia) എന്ന അപൂർവ അവസ്ഥയ്ക്ക് സമാനമാണ് ഇഖ്ബാലിന്റെ ലക്ഷണങ്ങൾ.
എന്താണ് എരിത്രോമെലാൽജിയ?
ശരീരത്തിലെ ഞരമ്പുകളെയും ചെറിയ രക്തക്കുഴലുകളെയും ബാധിക്കുന്ന വളരെ അപൂർവ്വമായ ഒരു അവസ്ഥയാണിത്. ഈ രോഗം ബാധിച്ചാൽ ചർമ്മത്തിന് അസാധാരണമാംവിധം ചൂട് അനുഭവപ്പെടുകയും തീവ്രമായ നീറ്റലും വേദനയും ചുവപ്പ് നിറവും ഉണ്ടാവുകയും ചെയ്യും. സാധാരണയായി പാദങ്ങളെയും കൈകളെയുമാണ് ഇത് കൂടുതലായി ബാധിക്കുന്നത്. ശരീരത്തിന്റെ താപനില ഉയരുന്ന സാഹചര്യങ്ങളിൽ രോഗലക്ഷണങ്ങൾ കൂടുതൽ വഷളാകാൻ സാധ്യതയുണ്ട്.
അജ്ഞാതമായ കാരണങ്ങളാലോ, ജനിതകപരമായ പ്രശ്നങ്ങൾ കൊണ്ടോ, അതുമല്ലെങ്കിൽ മറ്റ് രോഗങ്ങളുടെ അനുബന്ധമായോ എരിത്രോമെലാൽജിയ ഉണ്ടാകാം. ഓരോ വ്യക്തിയിലും ലക്ഷണങ്ങൾ വ്യത്യസ്തമായിരിക്കും. ചൂടുള്ള കാലാവസ്ഥ, വ്യായാമം, ഇറുകിയ വസ്ത്രങ്ങളോ ഷൂസുകളോ ധരിക്കുന്നത്, മാനസിക സമ്മർദ്ദം, നിർജ്ജലീകരണം, മദ്യപാനം, എരിവുള്ള ഭക്ഷണങ്ങൾ എന്നിവ രോഗലക്ഷണങ്ങളുടെ തീവ്രത വർധിപ്പിക്കാറുണ്ട്.
പ്രധാന ലക്ഷണങ്ങൾ:
* ശരീരത്തിൽ അനുഭവപ്പെടുന്ന കഠിനമായ നീറ്റലും വേദനയും.
* ചർമ്മത്തിൽ കാണപ്പെടുന്ന കടും ചുവപ്പ് നിറം.
* ചർമ്മത്തിന്റെ താപനില അസാധാരണമായി വർധിക്കുന്നത്.
* ശരീരത്തിൽ നീർവീക്കം ഉണ്ടാകുന്നത്.
* സൂചി കുത്തുന്നത് പോലുള്ള വേദനയോ കടുത്ത ചൊറിച്ചിലോ അനുഭവപ്പെടുന്നത്.
* അമിതമായ വിയർപ്പ്.
മുൻപ് പല ആശുപത്രികളിലും കയറിയിറങ്ങിയെങ്കിലും ഇഖ്ബാലിന്റെ രോഗകാരണം കൃത്യമായി കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. നിലവിൽ മുംബൈയിലെ വിദഗ്ധ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ് ഈ പതിനാറുകാരൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

