ആവശ്യത്തിന് വെളളം കുടിക്കേണ്ടത് എപ്പോൾ ?
text_fieldsമഴയാണെങ്കിലും വെയിലാണെങ്കിലും ശരി ആവശ്യത്തിന് വെളളം കുടിച്ചെങ്കിൽ മാത്രമേ ആരോഗ്യം നിലനിൽക്കുകയുളളു. മനുശ്യശരീരത്തിലെ 70 ശതമാനവും വെളളമാണ്. എന്നാൽ ശരീരത്തിൽ നിന്നും മൂത്രമായും വിയർപ്പായും വെളളം നഷ്ടപ്പെടുന്നുണ്ട്. ഇത് പൂർവ്വസ്ഥിതിയിലാക്കാൻ വെളളം കുടിച്ചേ പറ്റൂ. വെളളത്തിന്‍റെ അളവ് കുറഞ്ഞാൽ തലവേദന, ക്ഷീണം, ഓർമക്കുറവ്, ,ഛർദി തുടങ്ങി പല പ്രശ്നങ്ങളായി അത് പ്രതിഫലിക്കും. ശരീരത്തിന്‍റെ പല പ്രവർത്തനങ്ങളെയും ബാധിക്കും. ചർമത്തിന്‍റെ ആരോഗ്യം നിലനിർത്താനും വെള്ളം കുടിക്കൽ അനിവാര്യമാണ്.
ദിവസവും എട്ട് ഗ്ലാസ് മുതൽ 10 ഗ്ലാസ് വരെയെങ്കിലും വെള്ളം കുടിക്കണമെന്നാണ് ആരോഗ്യ വിദഗ്ദർ പറയുന്നത്. എന്ന് കരുതി ഒറ്റയടിക്ക് ഇത്രയും വെളളം കുടിക്കാനും പാടില്ല. ഒരാളുടെ ഭാരവും ഉയരവും ഒക്കെ അനുസരിച്ച് ഈ അളവ് വ്യത്യാസപ്പെടാം. മുതിർന്ന ഒരു വ്യക്തി ദിവസവും ശരാശരി മൂന്ന് ലിറ്റർ വെളളം കുടിക്കണം. സ്ത്രീകൾക്ക് രണ്ടര മുതൽ മൂന്ന് ലിറ്റർ വരെയും വെളളം കുടിക്കാം. എന്നാൽ ചില പുരുഷൻന്മാർക്ക് മൂന്നര ലിറ്റർ വെളളം വരെ ആവശ്യമായി വരുന്നു.
വെളളം കുടിക്കാൻ അനുയോജ്യമായ സമയങ്ങൾ
- രാവിലെ എഴുന്നേറ്റാൽ ഉടനെ തന്നെ ഒരു ഗ്ലാസ് ചെറുചൂടുവെളളം കുടിക്കാം .ഇത് ശരീരത്തിലെ വിഷാംശവും മറ്റും പുറന്തളളാനും മലബന്ധം ഒഴിവാക്കാനും സഹായിക്കുന്നു. ശരീരത്തിന്‍റെ ഊർജം ദിവസം മുഴുവൻ നിലനിർത്താനും സഹായിക്കും.
- വ്യായാമത്തിന് മുമ്പും ശേഷവും നന്നായി വെളളം കുടിക്കാം. ആവശ്യത്തിന് വെളളം കുടിക്കുന്നത് വ്യായാമം ചെയ്യുന്നതിലൂടെ സംഭവിക്കുന്ന ജലനഷ്ടം ഒഴിവാക്കുന്നു.
- ഭക്ഷണം കഴിക്കുന്നതിന് മുമ്പും ഒരു ഗ്ലാസ് വെളളം കുടിക്കാം. ഇത് അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാൻ സഹായിക്കും. ദഹനത്തിന്‍റെ പ്രവർത്തനം സുഗമമായി നടത്താനും ഭക്ഷണത്തിന്‍റെ കലോറി കുറക്കാനും ശരീരഭാരം വർധിക്കുന്നത് തടയാനും സഹായിക്കുന്നു.
- രാത്രി ഉറങ്ങുന്നതിന് മുൻമ്പും ഒരു ഗ്ലാസ് വെളളം കുടിക്കുന്നത് നല്ലതാണ്.
- ജോലികൾക്കിടയിലും യാത്രവേളകളിലും കുപ്പിവെളളം കരുതുന്നത് നല്ലതാണ്.
- ദാഹം തോന്നും വരെ വെളളം കുടിക്കാൻ കാത്തിരിക്കരുത്. ദിവസവും ആവശ്യത്തിന് വെളളം കുടിക്കാം. വിശപ്പ് തോന്നുമ്പോൾ ആദ്യം വെളളം കുടിക്കാൻ ശ്രമിക്കുക. എന്നിട്ടും വിശപ്പ് മാറുന്നില്ലെങ്കിൽ മാത്രം സ്നാക്കുകളെ ആശ്രയിക്കാം.
- വെളളം കൂടാതെ സാലഡ്,തണ്ണിമത്തൻ, ഓറഞ്ച് എന്നിവപോലുളള ജലാംശം അടങ്ങിയ ഭക്ഷണപദാർഥങ്ങൾ കഴിക്കുന്നതും ശരീരത്തിന് നല്ലതാണ്. ഇവ വെളളത്തിന്‍റെ അളവ് ക്രമീകരിക്കാൻ സഹായിക്കുന്നു.
- ഏതെങ്കിലും തരത്തിലുളള രോഗാവസ്ഥയിലാണ് നിങ്ങൾ ഉളളതെങ്കിൽ കുറച്ചധികം വെളളം കുടിക്കാൻ ശ്രമിക്കുക. ഗർഭിണികളും പാലൂട്ടുന്ന അമ്മമ്മാരുമാണെങ്കിൽ ദിവസവും 10 ഗ്ലാസ് വെളളമെങ്കിലും കുടിക്കാൻ ശ്രമിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

