അഞ്ച് വയസ്സിന് താഴെയുള്ള 35 ദശലക്ഷം കുട്ടികൾ പൊണ്ണത്തടിയുള്ളവർ; അമിതവണ്ണത്തിന്‍റെ കാരണങ്ങളും പരിഹാരങ്ങളുമിതാ...
text_fieldsമാറുന്ന ജീവിത ശൈലികളിലും, ഭക്ഷണ ക്രമീകരണങ്ങളിൽ നിന്നും ഉടലെടുക്കുന്ന നിരവധി ആരോഗ്യ പ്രശ്നങ്ങളിൽ മുൻപന്തിയിൽ സ്ഥാനം പിടിച്ച ഒന്നാണ് ഒബീസിറ്റി അഥവാ പൊണ്ണത്തടി. കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി, അമിതവണ്ണം ഒരു വ്യക്തിഗത ആരോഗ്യ പ്രശ്‌നത്തിൽ നിന്ന് ഒരു ആഗോള പ്രതിസന്ധിയായി മാറിയിരിക്കുന്നു.
ആഗോള ആരോഗ്യ റിപ്പോർട്ടുകൾ പ്രകാരം, 1975 മുതൽ പൊണ്ണത്തടി നിരക്ക് ഏകദേശം മൂന്നിരട്ടിയായി വർദ്ധിച്ചു. ഇന്ന്, ദശലക്ഷക്കണക്കിന് മുതിർന്നവരും, കൗമാരക്കാരും, കുട്ടികളും പോലും, ഏതാനും തലമുറകൾക്ക് മുമ്പ് അവരുടെ പൂർവീകർക്കു പോലും അവിശ്വസനീയമായ ശരീരങ്ങളിലാണ് ജീവിക്കുന്നത്.
എന്നാൽ ഈ വർദ്ധനവ് ഒറ്റരാത്രികൊണ്ട് സംഭവിച്ചതല്ല. നഗരവൽക്കരണം, അൾട്രാ-പ്രോസസ് ചെയ്ത ഭക്ഷണങ്ങളുടെ വർദ്ധനം, ആധുനിക ജീവിതത്തിന്റെ ഉയർന്ന സമ്മർദ്ദ വേഗത എന്നിവയെല്ലാം സുപ്രധാനമായ പങ്ക് വഹിച്ചിട്ടുണ്ട്.
ലോക അരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം 1990ൽ 5-19 വയസ്സ് പ്രായമുള്ള കുട്ടികളിലും കൗമാരക്കാരിലും വെറും 2% പേർക്ക് (31 ദശലക്ഷം യുവാക്കൾ) മാത്രമേ പൊണ്ണത്തടി ഉണ്ടായിരുന്നുള്ളൂവെങ്കിൽ, 2022 ആകുമ്പോഴേക്കും 8% കുട്ടികളിലും കൗമാരക്കാരിലും (160 ദശലക്ഷം യുവാക്കൾ) പൊണ്ണത്തടിയുണ്ട്. ഇതേ കണക്ക് 2024 ആയപ്പോൾ അഞ്ച് വയസ്സിന് താഴെയുള്ള ഏകദേശം 35 ദശലക്ഷം കുട്ടികൾ അമിതഭാരമുള്ളവരാണെന്ന് കണക്കാക്കപ്പെടുന്നു.
അമിതവണ്ണം ഒരു വ്യക്തിയിൽ സ്വന്തം ആത്മവിശ്വാസത്തിനു വിള്ളലേൽപ്പിക്കുന്നത് നമ്മൾ പലപ്പോഴായി കണ്ടുവരാറുണ്ട്. മാറുന്ന ജീവിത രീതിയോടൊപ്പം ശരീരത്തിൽ അടിഞ്ഞ് കൂടുന്ന കൊഴുപ്പിന്നെ ഉരുക്കി കളയാൻ, കൂട്ടിച്ചേർക്കേണ്ട വ്യായാമ ശീലങ്ങളും ഏറെയാണ്. സ്ത്രീകളിലും പുരുഷന്മാരിലും ഒരേ പോലെ അമിതവണ്ണം പ്രത്യക്ഷമാവുമെങ്കിലും ഇവ ഉണ്ടാവാൻ കാരണം എല്ലാവരിലും ഒന്നുതന്നെയാവണം എന്നില്ല.
സ്ത്രീകളിൽ ഹോർമോൺ വ്യതിയാനങ്ങളും അമിതവണ്ണത്തിനു കാരണമാകാറുണ്ട്. ഇതോടൊപ്പം ജനിതക കാരണങ്ങളും ആരോഗ്യകരമല്ലാത്ത ഭക്ഷണരീതിയും മതിയായ ഉറക്കമില്ലായ്മയുമെല്ലാം പൊണ്ണത്തടിക്ക് കാരണമായേക്കാം.
ഉയരവും ശരീര ഭാരവും അനുസരിച്ച ഒരാളുടെ ശരീരത്തിലെ കൊഴുപ്പിന്റെ അളവ് കണക്കാക്കാൻ സഹായിക്കുന്ന ബി.എം.ഐ അഥവാ ബോഡി മാസ് ഇൻഡക്സിന്റെ അടിസ്ഥാനത്തിലാണ് ഒരു വ്യക്തിയുടെ വണ്ണം അപകടരണമാണോ, ചികിത്സ സഹായങ്ങൾ ആവശ്യമുണ്ടോ എന്നെലാം നിർണ്ണയിക്കുക. പൊതുവെ 18.5 മുതൽ 24.5 വരെയുള്ള ബോഡി മാസ് ഇൻഡക്സ് ആരോഗ്യപരമാണ്.
ദിനംപ്രതി ശാസ്ത്രവും സാങ്കേതിക വികാസനങ്ങളും മാറ്റങ്ങളും സംഭവിച്ചുകൊണ്ടിരിക്കുന്നത്തിന്റെ ഫലമായി അമിതവണ്ണത്തിനു അമിതവണ്ണം കൊണ്ടുണ്ടാവുന്ന പ്രേശ്നങ്ങൾ പരിഹരിക്കുവാനുമായി നിരവധി മാർഗ്ഗങ്ങളുണ്ട്.
ജീവിതശൈലീ മാറ്റങ്ങൾ, ആരോഗ്യകരമായ ഭക്ഷണക്രമം, വ്യായാമം, നല്ല ഉറക്കം തുടങ്ങിയവയിലൂടെ മരുന്നോ ശസ്ത്രക്രിയയോ ഇല്ലാതെ തന്നെ അമിതവണ്ണം പരിഹരിക്കാം. എന്നാൽ ചില സാഹചര്യത്തിൽ ഇവയൊന്നുംകൊണ്ട് മാറ്റങ്ങൾ വരാതെയും വരാം. ഇത്തരം സന്ദർഭങ്ങളിൽ ബാരിയാട്രിക് ശസ്ത്രക്രിയ തുടങ്ങിയവ പോലെയുള്ള ആധുനിക ശാസ്ത്രിയ രീതികൾ വേണ്ടി വരും.
ശരീരഭാരം കുറയ്ക്കാനായി ഒരു വ്യക്തിയുടെ ദഹനവ്യവസ്ഥയിൽ മാറ്റങ്ങൾ വരുത്തുകയാണ് ബാരിയാട്രിക് ശസ്ത്രക്രിയയിലൂടെ ചെയ്യുന്നത്. ഒരു ശരാശരി മനുഷ്യന്റെ ആമാശയത്തിൽ ഉൾക്കൊള്ളാൻ കഴിയുന്ന ഭക്ഷണത്തിന്റെ അളവ് നിയന്ത്രിക്കുന്നതിലൂടെയോ പോഷകങ്ങളും കലോറിയും ആഗിരണം ചെയ്യുന്നത് കുറയ്ക്കുന്നതിന് ദഹനനാളത്തിൽ മാറ്റം വരുത്തുന്നതിലൂടെയുമാണ് ബാരിയാട്രിക് ശസ്ത്രക്രിയ ചെയ്യുന്നത്.
40 അല്ലെങ്കിൽ അതിൽ കൂടുതൽ ബോഡി മാസ് ഇൻഡക്സ് ഉള്ള മുതിർന്നവർ, ടൈപ്പ് 2 പ്രമേഹം അല്ലെങ്കിൽ സ്ലീപ് അപ്നിയ പോലുള്ള പൊണ്ണത്തടിയുമായി ബന്ധപ്പെട്ട ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുള്ള 35 അല്ലെങ്കിൽ അതിൽ കൂടുതൽ ഉള്ള മുതിർന്നവർക്കുമാണ് ബാരിയാട്രിക് ശസ്ത്രക്രിയ ഉചിതമാണ്. സ്ലീവ് ഗ്യാസ്ട്രക്ടമി, ഗ്യാസ്ട്രിക് ബൈപാസ് എന്നിവയാണ് പ്രധാനപ്പെട്ട ശസ്ത്രക്രിയകൾ. താക്കോൽദ്വാര ശസ്ത്രക്രിയയിലൂടെ ആമാശയത്തിന്റെ വലിപ്പം കുറക്കുകയാണ് ചെയ്യുന്നത്.
ശസ്ത്രക്രിയയ്ക്കു ശേഷം, ആ വ്യക്തി തന്റെ ശരീരഭാരം ആരോഗ്യപരമായിട്ടാണുള്ളതെന്ന് പതിവായി നിരീക്ഷണത്തിലൂടെ ഉറപ്പുവരുത്തേണ്ടതുമുണ്ട്. ജീവിതശൈലിയിൽ മാറ്റം കൊണ്ടുവരികയും ആരോഗ്യകരമായ ഭക്ഷണ ശീലം തുടർന്നു കൊണ്ടുപോവുകയും വേണം. കൃത്യമായ വ്യായാമവും അനിവാര്യമാണ്. വർഷത്തിലൊരിക്കലെങ്കിലും ശരീരപരിശോധനകൾ നടത്തണം. മേൽപ്പറഞ്ഞ ശീലങ്ങൾ പാലിക്കാതെ വന്നാൽ ഭാവിയിൽ വീണ്ടും പൊണ്ണത്തടി ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.
അമിതവണ്ണം കുറക്കുന്നതിനുള്ള മറ്റൊരു ഉപാധിയാണ് എൻഡോസ്കോപ്പിക് സ്ലീവ് ഗ്യാസ്‌ട്രോപ്ലാസ്റ്റി അഥവാ ഈ.എസ്.ജി. ശരീരത്തിന്റെ പുറത്ത് മുറിവുകളൊന്നുമില്ലാതെ, തൊണ്ടയിലൂടെ കടത്തിവിടുന്ന ഒരു വഴക്കമുള്ള ട്യൂബ് ഉപയോഗിച്ചാണ് ഇത് നടത്തുന്നത്.
അതിനാൽ തന്നെ ശസ്ത്രക്രിയ കൂടാതെയുള്ള ഭാരം കുറയ്ക്കൽ പ്രക്രിയയാണിത്. മുറിവുകളില്ലാതെ തന്നെ എൻഡോസ്കോപ്പ് ഉപയോഗിച്ച് ആമാശയം തുന്നിച്ചേർക്കുന്നു. ഇത് ആമാശയത്തിന്റെ വലിപ്പം ഏകദേശം 70% കുറയ്ക്കുന്നു. ഇതിലൂടെ ഒരു വ്യക്തി കുറച്ചു ഭക്ഷണം കഴിച്ച കഴിക്കുമ്പോൾ വയറു നിറഞ്ഞതായി അനുഭവപ്പെടുന്നു. ഇത് ശരീരഭാരം ഗണ്യമായി കുറയ്ക്കുന്നു. കൂടാതെ, പൊണ്ണത്തടിയുമായി ബന്ധപ്പെട്ട ആരോഗ്യസ്ഥിതി മെച്ചപ്പെടുത്താനും ഇത് സഹായിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

