ദന്തസംരക്ഷണത്തിന്റെ അനിവാര്യത
text_fieldsചിലരുടെ തിളക്കമുള്ള പല്ലുകള്‍ കാണുമ്പോൾ അസൂയ തോന്നാറില്ലേ? അതേ, വെണ്മയുള്ളതും ആരോഗ്യമുള്ളതുമായ പല്ലുകൾ സകലരുടേയും സ്വപ്നമാണ്. അല്പമൊന്നു ശ്രദ്ധിച്ചാല്‍, തിളങ്ങുന്ന പല്ലുകള്‍ നമുക്ക് സ്വന്തമാക്കാവുന്നതേയുള്ളൂ. എന്നാല്‍, പലപ്പോഴും പല്ലിനെ ബാധിക്കുന്ന രോഗങ്ങൾ നമ്മുടെ ആരോഗ്യത്തിന് പ്രശ്നങ്ങൾ സൃഷ്ടിക്കാറുണ്ട്. പല സന്ദർഭങ്ങളിലും സ്വന്തം പ്രവര്‍ത്തികൾ പല്ലുകള്‍ക്ക് ദോഷകരമായി ബാധിക്കാറുണ്ട് എന്നതാണ് സത്യം.
ദന്തക്ഷയം
നമ്മൾ നിസ്സാരമാക്കുന്ന എന്നാൽ, മനുഷ്യനെ ഏറ്റവും കൂടുതൽ ബാധിക്കുന്ന രോഗമാണ് ദന്തക്ഷയം. നമ്മുടെ ആരോഗ്യം നിലനിർത്തുന്നതിന് വിവിധ ഘടകങ്ങളിൽ സുപ്രധാനമായ സ്ഥാനം പല്ലിന്റെ ആരോഗ്യ സംരക്ഷണത്തിനുണ്ട്. പക്ഷേ, നമ്മിൽ എത്രയാളുകൾ പല്ലുകളുടെ ആരോഗ്യകാര്യത്തിൽ ശ്രദ്ധ ചെലുത്തുന്നുണ്ട്. പല്ലുകളുടെ ആരോഗ്യസുരക്ഷക്ക് എന്തൊക്കെ ചെയ്യണം, ചെയ്യരുത് എന്നതാണ് പ്രധാനം.
ശ്രദ്ധിക്കേണ്ടത്
ഒന്നാമത് പല്ലിന് യോജിക്കുന്ന തരത്തിലുള്ള ടൂത്ത് ബ്രഷ് തിരഞ്ഞെടുക്കുക. നിത്യേന രണ്ടുനേരം ബ്രഷ് ചെയ്യുക. ഇത് പല്ലിന്റെ ഗുണത്തിനു മാത്രമല്ല നമ്മുടെ ആരോഗ്യത്തെയും സംരക്ഷിക്കും. മൂന്നു മാസത്തിലൊരിക്കൽ ടൂത്ത് ബ്രഷ് മാറ്റുന്നതാണ് നല്ലത്. പല്ലിന്റെ ആരോഗ്യത്തിന് ധാരാളം പച്ചക്കറിയും പഴവർഗങ്ങളും അടങ്ങിയ ഹെൽത്തി ഫുഡ് കഴിക്കുന്നത് നല്ലതാണ്. ഇവയൊന്നും കഴിക്കാത്തപക്ഷം ആവശ്യത്തിനുള്ള വിറ്റാമിന്‍ കിട്ടാതെയാകും. വിറ്റാമിന്റെ അഭാവം ഗുരുതര പ്രശ്നങ്ങളാണുണ്ടാക്കുക. വെള്ളം ധാരാളം കുടിക്കുവാനും ശ്രദ്ധിക്കുക. പല്ല് തേക്കുമ്പോള്‍ അധികം അമര്‍ത്തി തേക്കരുത്. ഒപ്പം, നാവ് കൂടി വൃത്തിയാക്കാന്‍ ശ്രദ്ധിക്കുക. കുട്ടികൾക്ക് അഞ്ചുവയസ്സ് വരെ മുതിർന്നവർ ബ്രഷ് ചെയ്ത് ശീലിപ്പിക്കണം. അവരെ ദന്തസംരക്ഷണത്തെ കുറിച്ച് ബോധമുള്ളവരാക്കണം.
ഒഴിവാക്കേണ്ടത്
നിത്യജീവിതത്തിൽ ചോക്ലേറ്റും പുകയില ഉല്പന്നങ്ങളും പരമാവധി ഒഴിവാക്കുക. അത് പല്ലില്‍ അണുബാധയുണ്ടാക്കും. മധുരമില്ലാത്ത ഭക്ഷണങ്ങള്‍ കഴിക്കാന്‍ ശ്രമിക്കുക. മധുരം ഒഴിവാക്കാൻ പറ്റാത്ത സാഹചര്യത്തിൽ, കഴിച്ചതിനുശേഷം നന്നായി വായ് കഴുകുക. അല്ലാത്ത പക്ഷം, അത് പല്ലുകൾക്കിടയില്‍ പോടുകൾ കൂടാന്‍ കാരണമാകും. ഉറങ്ങുന്നതിന് മുമ്പ് മധുരപലഹാരങ്ങൾ കഴിക്കരുത്, ഇത് രാത്രി മുഴുവൻ പല്ലിൽ ചെറുകണികകൾ അവശേഷിപ്പിക്കുകയും പോടുകൾക്ക് കാരണമാവുകയും ചെയ്യും. അതുപോലെ പഞ്ചസാരയിൽ പൊതിഞ്ഞ ധാന്യങ്ങൾ, ഉണക്കമുന്തിരി പോലുള്ള ഒട്ടിപ്പിടിക്കുന്ന ഭക്ഷണങ്ങൾ എന്നിവയും ഒഴിവാക്കുക. സന്തോഷകരമായ ജീവിതത്തിന് പല്ലുകളുടെ ശുചിത്വവും ആരോഗ്യവും പ്രധാനമാണ്. മേൽപറഞ്ഞ കാര്യങ്ങൾ ശീലിക്കുന്നതിനോടൊപ്പം വർഷത്തിൽ ഒന്നോ രണ്ടോ തവണ നിങ്ങളുടെ ദന്തരോഗവിദഗ്ദ്ധനെ സന്ദർശിക്കുക.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.