ഗര്‍ഭകാലത്തെ ചിക്കന്‍പോക്സ്
text_fieldsഉഷ്ണമേഖലാ രാജ്യങ്ങളില്‍ വളരെ സാധാരണയായി കണ്ടുവരുന്ന ഒരുതരം വൈറസ് പനിയാണ് ചിക്കന്‍പോക്സ് അഥവാ ‘പൊങ്ങന്‍ പനി’. ശരീരമാസകലം പൊന്തിവരുന്ന ചെറിയ കുമിളപോലുള്ള കുരുക്കള്‍ കാഴ്ചയില്‍ ‘മണിക്കടല’ (chickpeas) പോലെ ഇരിക്കുന്നതുകൊണ്ടാകാം ഇതിന് ‘ചിക്കന്‍പോക്സ്’ എന്ന പേരുകിട്ടിയത്. അല്ലാതെ കോഴികളില്‍നിന്ന് പകരുന്ന രോഗമൊന്നുമല്ല ഇത്. ചെറിയ പനി, ശരീരവേദന, തലവേദന, വിശപ്പില്ലായ്മ തുടങ്ങിയവയാണ് തുടക്കം. പിന്നീട് മുഖത്തും ശരീരത്തിലുമായി കുരുക്കള്‍ പ്രത്യക്ഷപ്പെടും. വായ്ക്കുള്ളിലും തൊണ്ടയിലും ചിലപ്പോള്‍ ചെറിയ കുരുക്കള്‍ ഉണ്ടാകാം. സാധാരണ കുട്ടികളിലാണ് ഈ രോഗം കണ്ടുവരുന്നതെങ്കിലും ഏതു പ്രായക്കാരെയും ഇത് ബാധിക്കാം. പ്രായക്കൂടുതലുള്ളവരിലും ഗര്‍ഭിണികളിലും സങ്കീര്‍ണതകള്‍ക്ക് വഴിവെക്കാമെങ്കിലും സാധാരണ ഏഴു മുതല്‍ പത്തു ദിവസങ്ങള്‍കൊണ്ട് രോഗശമനം നേടാം.
കുരുക്കള്‍ പ്രത്യക്ഷപ്പെടുന്നതിന് ഒന്നോ രണ്ടോ ദിവസം മുമ്പുതന്നെ രോഗം പകരുന്നതിനാല്‍ മറ്റുള്ളവരിലേക്കും പകരുന്നു. ഒരു പ്രാവശ്യം രോഗം വന്നവര്‍ക്കും രോഗപ്രതിരോധ കുത്തിവെപ്പ് എടുത്തിട്ടുള്ളവര്‍ക്കും സാധാരണ രോഗപ്രതിരോധശക്തി ഉണ്ടാകയാല്‍ വീണ്ടും അസുഖം വരാറില്ല.
ഗര്‍ഭിണികളില്‍ ആയിരത്തിന് മൂന്നു പേര്‍ എന്ന കണക്കിന് ഈ രോഗം പിടിപെടുന്നതായാണ് സ്ഥിതിവിവരക്കണക്കുകള്‍. ഗര്‍ഭകാലത്തിന്‍െറ ആദ്യമാസങ്ങളില്‍ രോഗം പിടിപെട്ടാല്‍ ഗര്‍ഭസ്ഥശിശുവിനും അവസാന മാസങ്ങളില്‍ പിടിപെട്ടാല്‍ അമ്മക്കും സങ്കീര്‍ണതകള്‍ക്കുള്ള സാധ്യത കൂടുതലാണ്. ഗര്‍ഭകാലത്തിന്‍െറ അവസാന മൂന്നു മാസങ്ങളില്‍ പൊതുവെ ശരീരത്തിന്‍െറ പ്രതിരോധശക്തി കുറയുന്നതിനാല്‍ ശ്വാസകോശത്തെ ബാധിക്കുന്ന ന്യുമോണിയ, കരളിനെ ബാധിക്കുന്ന മഞ്ഞപ്പിത്തം, തലച്ചോറിനെ ബാധിക്കുന്ന ‘മസ്തിഷ്കവീക്കം’ മുതലായ രോഗസങ്കീര്‍ണതകള്‍ക്കുള്ള സാധ്യതകള്‍ കൂടുതലാവും. അപൂര്‍വമായി മരണംപോലും സംഭവിക്കാം.
ഗര്‍ഭത്തിന്‍െറ ആദ്യ മാസങ്ങളില്‍ അമ്മക്ക് രോഗം ബാധിക്കുകയാണെങ്കില്‍ ഈ വൈറസുകള്‍ ‘മറുപിള്ള’ (Placenta)യിലൂടെ ഗര്‍ഭസ്ഥശിശുവിലത്തെുകയും ചിലപ്പോള്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും. ‘ഫെറ്റല്‍ വെരിസെല്ലാ സിന്‍ഡ്രോം’ എന്നറിയപ്പെടുന്ന ഈ അവസ്ഥയില്‍ ജനിക്കുന്ന കുട്ടിക്ക് ചിലപ്പോള്‍ തിമിരം, ബുദ്ധിമാന്ദ്യം, എല്ലുകള്‍ക്കും പേശികള്‍ക്കും വളര്‍ച്ചക്കുറവ്, തലയുടെ വലുപ്പം ചിലപ്പോള്‍ കൂടിയും ചിലപ്പോള്‍ കുറഞ്ഞും കാണപ്പെടുക മുതലായ ജന്മവൈകല്യങ്ങള്‍ ഉണ്ടാകാം. ആദ്യത്തെ ആറു മാസത്തിനുള്ളില്‍ രോഗബാധിതരായ രണ്ടു ശതമാനം പേരില്‍ മാത്രമേ ഈ അവസ്ഥയുണ്ടാകാറുള്ളൂ എന്നുള്ളതാണ് ഏക ആശ്വാസം.
പ്രസവത്തിനു തൊട്ടുമുമ്പുള്ള ആഴ്ചകളില്‍ അമ്മക്ക് രോഗം ബാധിച്ചാല്‍ കുഞ്ഞിന് രക്തം വഴിയോ പ്രസവസമയത്തോ അല്ളെങ്കില്‍ പ്രസവത്തിനു ശേഷമോ രോഗം ബാധിക്കാം. നന്നായി ചികിത്സിച്ചില്ളെങ്കില്‍ അപകട സാധ്യത കൂടും. ഫലവത്തായ പ്രതിരോധ കുത്തിവെപ്പിലൂടെ പൊങ്ങന്‍പനിയെ പ്രതിരോധിക്കാം. കുട്ടികള്‍ക്ക് ഒരു വയസ്സാകുമ്പോള്‍ രണ്ടാമത്തെ ഡോസും വെരിസെല്ലാ വാക്സിന്‍ കൊടുക്കേണ്ടതാണ്. രക്തത്തിലെ ആന്‍റിബോഡിയുടെ തോത് നിര്‍ണയിച്ച് പ്രതിരോധം ലഭിച്ചിട്ടുണ്ടോ എന്ന് മനസ്സിലാക്കാം. മുന്‍കാലങ്ങളില്‍ പ്രതിരോധ കുത്തിവെപ്പ് എടുക്കാത്തവര്‍ 13 വയസ്സിനുശേഷം രണ്ട് ഡോസ് എടുത്താലും മതിയാകും. ഗര്‍ഭകാലത്തോ ഗര്‍ഭം ധരിക്കുന്നതിനു തൊട്ടുമുമ്പോ ഈ കുത്തിവെപ്പ് പാടില്ല. കുത്തിവെപ്പിനുശേഷം ഒന്നോ രണ്ടോ മാസങ്ങള്‍ കഴിഞ്ഞ് ഗര്‍ഭം ധരിക്കുന്നതാണ് ഉത്തമം. ഗര്‍ഭകാലത്ത് അണുബാധയുണ്ടായാല്‍ പ്രതിരോധിക്കാന്‍ കഴിയുന്ന VZIG (ഇമ്യൂണോ ഗ്ളോബുലിന്‍) കുത്തിവെപ്പും ലഭ്യമാണ്.
ചിക്കന്‍പോക്സ് രോഗസമയത്ത് പലതരം ആഹാരക്രമീകരണങ്ങള്‍ പാലിച്ചുപോരുന്നതായി കണ്ടുവരുന്നു. ചിലര്‍ എണ്ണ, ഉപ്പ്, മാംസ്യങ്ങള്‍ തുടങ്ങിയവ ഉപയോഗിക്കാറില്ല. എന്നാല്‍, ഇതൊന്നും അടിസ്ഥാനമില്ലാത്ത ചില വിശ്വാസങ്ങളാണ്. എണ്ണയും ഉപ്പുമൊക്കെ സാധാരണ കഴിക്കുന്നതുപോലെതന്നെ കഴിക്കാം. സാധാരണ രുചിക്കുറവ് അനുഭവപ്പെടുന്നതുകൊണ്ട് എന്താണോ കഴിക്കാന്‍ തോന്നുന്നത് അത് കഴിക്കുന്നതില്‍ വിരോധമില്ല. എളുപ്പം ദഹിക്കുന്ന ആഹാരങ്ങളും പഴവര്‍ഗങ്ങളും ധാരാളം വെള്ളവും കുടിക്കണം. നിത്യവും ചൂടുവെള്ളത്തില്‍ കുളിക്കുന്നത് മറ്റ് അണുബാധകള്‍ പ്രതിരോധിക്കുന്നതിന് സഹായിക്കും. രോഗതീവ്രത കുറയാനായി ‘Acylovir’ എന്ന മരുന്നും ഉപയോഗിക്കാറുണ്ട്.
(ലേഖകന്‍ കോഴിക്കോട് ഇഖ്റ ഹോസ്പിറ്റലിലെ ഫിസിഷ്യനാണ്)

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.