Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightGeneral Healthchevron_rightപ്രമേഹത്തെ...

പ്രമേഹത്തെ പ്രതിരോധിക്കാന്‍ നല്ല ആഹാര ശീലം വളര്‍ത്തുക

text_fields
bookmark_border
പ്രമേഹത്തെ പ്രതിരോധിക്കാന്‍ നല്ല ആഹാര ശീലം വളര്‍ത്തുക
cancel
ചൈന കഴിഞ്ഞാല്‍ ഇന്ന് ലോകത്ത് ഏറ്റവും കൂടുതല്‍ പ്രമേഹ രോഗികളുള്ള രാജ്യം ഇന്ത്യയാണ്. ലോകത്ത് ആകമാനമുള്ള 382 ദശലക്ഷം പ്രമേഹരോഗികളില്‍ 62 ദശലക്ഷം പേരും ഇന്ത്യക്കാരാണ്. അതായത്, ലോകത്തിലെ അഞ്ചു പ്രമേഹരോഗികളില്‍ ഒരാള്‍ നമ്മുടെ രാജ്യക്കാരനായിരിക്കും. ലോകത്ത് ഓരോ എട്ട് സെക്കന്‍ഡുകളില്‍ ഒരു പ്രമേഹരോഗി മരണപ്പെടുകയും രണ്ടുപേര്‍ പുതുതായി രോഗികളായിത്തീരുകയും ചെയ്യുന്നു. ഓരോ 30 സെക്കന്‍ഡിലും ഒരാളുടെയെങ്കിലും കാലോ വിരലുകളോ പ്രമേഹത്താല്‍ മുറിച്ചുമാറ്റപ്പെടുന്നു. പ്രായപൂര്‍ത്തിയായവരില്‍ കാഴ്ച നഷ്ടപ്പെടാനുള്ള പ്രധാന കാരണം, വൃക്ക രോഗത്തിന്‍െറയും ഹൃദ്രോഗത്തിന്‍െറയും പ്രധാന കാരണക്കാരന്‍ ഇങ്ങനെ പോകുന്നു ഈ പ്രമേഹമെന്ന നിശ്ശബ്ദ കൊലയാളിയുടെ വിശേഷണങ്ങള്‍.
എന്താണ് പ്രമേഹം?
ഇന്‍സുലിന്‍ എന്ന ഹോര്‍മോണിന്‍െറ ഉല്‍പാദനക്കുറവോ, അല്ളെങ്കില്‍ പ്രവര്‍ത്തനശേഷിക്കുറവോ കാരണം രക്തത്തില്‍ ഗ്ളൂക്കോസിന്‍െറ അളവ് ക്രമാതീതമായി വര്‍ധിക്കുന്ന അവസ്ഥയാണ് പ്രമേഹം. നമ്മള്‍ കഴിക്കുന്ന അരി, ഗോതമ്പ് തുടങ്ങിയ ധാന്യങ്ങളും കിഴങ്ങുവര്‍ഗങ്ങള്‍ മുതലായവയും ദഹനശേഷം ഗ്ളൂക്കോസായി മാറുന്നു. എന്നാല്‍, ഈ ഗ്ളൂക്കോസ് ശരീരത്തിന് ലഭിക്കണമെങ്കില്‍ മതിയായ അളവില്‍ ഇന്‍സുലിന്‍ വേണം. ഇല്ളെങ്കില്‍ ഇത് മൂത്രത്തിലൂടെ നഷ്ടപ്പെടുകയും രോഗിയുടെ ശരീരം ക്ഷീണിക്കുകയും ചെയ്യും. കുടുംബപാരമ്പര്യം പ്രമേഹത്തിന് ഒരു പ്രധാന ഘടകമാണെങ്കിലും നഗരവത്കരണം, വ്യവസായവത്കരണം, അന്ധമായി പാശ്ചാത്യജീവിതരീതികളെ അനുകരിക്കല്‍, അനാരോഗ്യകരമായ ഭക്ഷണരീതി, പൊണ്ണത്തടി, പുകവലി, മദ്യപാനശീലം, മാനസിക സംഘര്‍ഷങ്ങള്‍ ഇവയുടെ എല്ലാം ആകത്തുകയാണ് നാം ഇന്ന് നേരിടുന്ന ഈ പ്രമേഹ വിസ്ഫോടനം.
പ്രമേഹം എത്രതരം?
പനി എന്നു പറയുമ്പോള്‍ അത് ഒരു രോഗമല്ല. മറിച്ച്, ‘പലതരം പനി’കളുടെ പൊതുവായ ഒരു ലക്ഷണമാണ്. അതുപോലെ പ്രമേഹം അഥവാ രക്തത്തില്‍ പഞ്ചസാരയുടെ അളവ് വര്‍ധിക്കുന്ന അവസ്ഥ എന്നത് ഒരു രോഗമല്ല മറിച്ച്, പല രോഗങ്ങളുടെ ലക്ഷണമാണ്. പ്രമേഹം പൊതുവായി നാലു തരം ഉണ്ട്. ടൈപ് -1, ടൈപ്പ് -2, ഗര്‍ഭകാല പ്രമേഹം, മറ്റുള്ളവ എന്നിവയാണത്.
ടൈപ്-1 എന്നത് കൂടുതലും കുട്ടികളിലും കൗമാരക്കാരിലും കാണപ്പെടുന്നു. സ്വന്തം ശരീരത്തിലെ പ്രതിരോധ ശക്തിയിലെ ചില ന്യൂനതകള്‍ കാരണം ഇന്‍സുലിന്‍ ഉല്‍പാദിപ്പിക്കുന്ന കോശങ്ങള്‍ മുഴുവന്‍ നശിക്കുകയും ഇന്‍സുലിന്‍ തീരെ ഉല്‍പാദിപ്പിക്കപ്പെടാത്ത അവസ്ഥയിലത്തെുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ ഇന്‍സുലിന്‍ കൊടുത്തു മാത്രമേ ഇവരെ ചികിത്സിക്കാന്‍ കഴിയൂ.
ടൈപ്-2 എന്നത് ചെറുപ്പക്കാരിലും പ്രായമുള്ളവരിലും ഉണ്ടാകുന്നു. ഇന്‍സുലിന്‍െറ ഉല്‍പാദനക്കുറവും അതിന്‍െറ പ്രവര്‍ത്തന വൈകല്യവുമാണ് രോഗകാരണം. പലപ്പോഴും ഗുളികകള്‍കൊണ്ട് ചികിത്സിക്കാവുന്ന ഈ രോഗത്തിനും ചിലപ്പോള്‍ ഇന്‍സുലിന്‍ ചികിത്സ വേണ്ടിവന്നേക്കാം.
ഗര്‍ഭകാലത്ത് ഉണ്ടാകുന്ന പ്രമേഹരോഗമാണ് ഗര്‍ഭകാലപ്രമേഹം. പലപ്പോഴും പ്രസവശേഷം ഈ രോഗം പൂര്‍ണമായും മാറുന്നു. എന്നാല്‍, ചില രോഗികളില്‍ ഇത് ടൈപ്-2 പ്രമേഹമായി തുടരും.
രോഗലക്ഷണങ്ങള്‍
അമിത ദാഹം, വിശപ്പ്, ഇടക്കിടെയുള്ള മൂത്രമൊഴിക്കല്‍, അകാരണമായ മെലിച്ചില്‍, ശരീരക്ഷീണം ഇവയാണ് പ്രധാന രോഗലക്ഷണങ്ങള്‍. കൂടാതെ, കാഴ്ച മങ്ങല്‍, ഗുഹ്യഭാഗങ്ങളിലെ ചൊറിച്ചില്‍, മൂത്രത്തിലെ അണുബാധ, കാലുകളിലെ മരവിപ്പ്, ലൈംഗികശേഷിക്കുറവ്, മുറിവുകള്‍ ഉണങ്ങാന്‍ താമസമെടുക്കല്‍ എന്നിവയും ചിലപ്പോള്‍ രോഗലക്ഷണങ്ങളാകാം. എന്നാല്‍, ചിലയാളുകളില്‍ ഒരു രോഗലക്ഷണവുമില്ലാതെ യാദൃച്ഛികമായി രോഗം പ്രത്യക്ഷപ്പെടാറുണ്ട്.
സങ്കീര്‍ണതകള്‍
ശരീരത്തിലെ ഏകദേശം എല്ലാ അവയവങ്ങളെയും പ്രമേഹം ബാധിക്കാം. രോഗം നിയന്ത്രണവിധേയമാക്കിയില്ളെങ്കില്‍ കണ്ണുകള്‍, വൃക്കകള്‍, ഹൃദയം, മസ്തിഷ്കം, ഞരമ്പുകള്‍ തുടങ്ങി ജീവന്‍ നിലനിര്‍ത്താന്‍ സഹായിക്കുന്ന ശരീരത്തിലെ പ്രധാന അവയവങ്ങളെ പ്രതികൂലമായി ബാധിക്കുകയും അകാല മരണത്തിനിടയാക്കുകയും ചെയ്യും.
എന്നാല്‍, രോഗം തുടക്കത്തില്‍ കണ്ടുപിടിക്കുകയും തുടക്കംമുതല്‍ തന്നെ നിയന്ത്രണവിധേയമാക്കുകയും ചെയ്താല്‍ ഈ ദുര്‍വിധി ഒഴിവാക്കാന്‍ സാധിക്കും. രോഗാവസ്ഥയെ ചൂഷണം ചെയ്യാതെ, രോഗശമനത്തിനായി ശാസ്ത്രീയ അടിത്തറയുള്ള ചികിത്സാരീതി അവലംബിക്കുകയാണ് വേണ്ടത്. പലപ്പോഴും രോഗികള്‍ ചികിത്സ തുടങ്ങുന്നത് തന്നെ രോഗ സങ്കീര്‍ണതകള്‍ തലപൊക്കിയതിനുശേഷമാണ് എന്നതാണ് ഏറ്റവും സങ്കടകരം.
വൃക്കാപചയം സംഭവിച്ച് ഡയാലിസിസിന് വിധേയരാകുന്ന രോഗികളില്‍ ഏറിയ പങ്കും പ്രമേഹരോഗമുള്ളവരാണ്. തുടക്കത്തില്‍തന്നെ വൃക്കരോഗ സാധ്യത കണ്ടുപിടിക്കുകയും പഞ്ചസാര, രക്താതിസമ്മര്‍ദം, കൊഴുപ്പുകളുടെ അളവ് മുതലായ അപകട ഘടകങ്ങളെ നിയന്ത്രണവിധേയമാക്കുകയും വൃക്കകളെ സംരക്ഷിക്കുന്നതിനുള്ള മരുന്നുകള്‍ കൊടുക്കുകയും ചെയ്താല്‍ ഒരു പരിധിവരെ വൃക്കാപചയം തടുക്കാനോ തള്ളിനീക്കാനോ ഇന്ന് നമുക്ക് സാധിക്കും. എന്നാല്‍, ഇതിനെപ്പറ്റിയുള്ള അവബോധം രോഗികളിലും ബന്ധുക്കളിലും തീരെ കുറവാണ്.
അറിയാം -പ്രതിരോധിക്കാം
ഇന്ന് കാണുന്ന പ്രമേഹ രോഗികളില്‍ ഒട്ടുമുക്കാല്‍പേരിലും രോഗം പ്രതിരോധിക്കാന്‍ കഴിയുമായിരുന്നു എന്നതാണ് ഏറ്റവും ദു$ഖകരമായ സത്യം. പാരമ്പര്യത്തെ പഴിചാരാതെ ആരോഗ്യകരമായ ഭക്ഷണരീതി, നിത്യവ്യായാമം, ശരീരഭാരം കൂടാതെ നോക്കുക, ലഹരിപദാര്‍ഥങ്ങള്‍ ഒഴിവാക്കുക, കൊഴുപ്പ് കുറഞ്ഞതും പച്ചക്കറികളും ഫലവര്‍ഗങ്ങളും ധാരാളമുള്ള ഭക്ഷണങ്ങള്‍ ചെറുപ്പം മുതലെ ശീലമാക്കുക തുടങ്ങിയ കാര്യങ്ങള്‍ നമ്മുടെ നിത്യജീവിതത്തില്‍ ഉള്‍പ്പെടുത്തിയാല്‍ ‘ജീവിതശൈലീരോഗമായ പ്രമേഹത്തെ’ നമുക്ക് തടയിടാന്‍ കഴിയും.
കുട്ടികളുടെ ഭക്ഷണരീതിതൊട്ട് തുടങ്ങണം മാറ്റങ്ങള്‍. മണത്തിലും രുചിയിലും ആകൃഷ്ടരായി കുരുന്നുകള്‍ക്ക് നമ്മള്‍ സമ്മാനിക്കുന്ന ആഹാരപദാര്‍ഥങ്ങള്‍ പലപ്പോഴും എണ്ണയും കൊഴുപ്പും മധുരവും മറ്റ് അസംസ്കൃത പദാര്‍ഥങ്ങളും അടങ്ങിയവയാണ്. ഇതുതന്നെയാണ് പിന്നീട് ആ കുട്ടിയുടെ ‘ആഹാര ശൈലി’യായി മാറുന്നതും ജീവിത ശൈലീരോഗങ്ങളുടെ അടിത്തറ പാകുന്നതും. വ്യായാമമില്ലാത്ത ജീവിതവും അതിലൂടെ നേടുന്ന പൊണ്ണത്തടിയും കൂടെ ചേരുമ്പോള്‍ കൗമാരപ്രായമാകുമ്പോഴേക്കും രോഗങ്ങളുടെ വിത്തുകള്‍ മുളക്കുകയായി.
ആരോഗ്യകരമായ ആഹാരസാധനങ്ങളുടെ ലഭ്യത വര്‍ധിപ്പിക്കുക, ആരോഗ്യകരമായ ആഹാരപദാര്‍ഥങ്ങള്‍ തെരഞ്ഞെടുക്കാന്‍ കഴിയുക, പ്രാതല്‍ മുതല്‍ തന്നെ നല്ല ആഹാരങ്ങള്‍ ഭക്ഷിക്കാന്‍ പഠിക്കുക ഇവയാണ് ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് ഇന്‍റര്‍നാഷനല്‍ ഡയബറ്റിക് ഫെഡറേഷന്‍ പുറത്തുവിട്ട സന്ദേശങ്ങള്‍. അവ നമുക്ക് നെഞ്ചിലേറ്റാം, വരും തലമുറക്ക് പകര്‍ന്നുനല്‍കാം.
(ലേഖകന്‍ കോഴിക്കോട് ഇഖ്റ ഹോസ്പിറ്റലിലെ പ്രമേഹ രോഗ വിദഗ്ദനാണ്)
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:health
Next Story