Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightGeneral Healthchevron_rightചെങ്കണ്ണ്...

ചെങ്കണ്ണ് സൂക്ഷിച്ചാല്‍ പകരില്ല

text_fields
bookmark_border
ചെങ്കണ്ണ് സൂക്ഷിച്ചാല്‍ പകരില്ല
cancel

ഗുരുതരമായ ഒരു നേത്ര രോഗമല്ളെങ്കിലും ഏതാനും ദിവസത്തേക്ക് നമ്മുടെ സാധാരണ ജീവിതം അലങ്കോലപ്പെടുന്ന ഒന്നാണ് ചെങ്കണ്ണ്. ചില പ്രത്യേക കാലാവസ്ഥയില്‍ പടര്‍ന്നുപിടിക്കുന്ന സാംക്രമിക രോഗങ്ങളിലൊന്നാണിത്. ചെങ്കണ്ണ് അഥവാ കണ്‍ജണ്‍ക്ടിവൈറ്റിസ് (Conjunctivitis). ‘മദ്രാസ് ഐ’ എന്നും വിദേശ രാജ്യങ്ങളില്‍ ‘പിങ്ക് ഐ’ എന്നും അറിയപ്പെടുന്ന ഈ രോഗം വ്യാപകമായി പടര്‍ന്നുപിടിച്ചിട്ടുണ്ട്.
വളരെ പരിചിതമായ ഒരു നേത്രരോഗമാണെങ്കിലും ഇതേക്കുറിച്ച് ജനങ്ങള്‍ക്കിടയില്‍ ചില തെറ്റിധാരണകള്‍ നിലനില്‍ക്കുന്നുണ്ട്. രോഗം ബാധിച്ച കണ്ണിലേക്ക് നോക്കിയാല്‍ നോക്കുന്ന വ്യക്തിയിലേക്ക് രോഗം പകരുമെന്നതാണ് ഇതിലൊന്ന്. എന്നാല്‍, രോഗം ബാധിച്ച കണ്ണുകളിലേക്ക് നോക്കുന്നതുകൊണ്ട് ഒരിക്കലും രോഗം പകരില്ല. രോഗത്തിന് കാരണമാവുന്ന അണുക്കള്‍ കണ്ണില്‍നിന്ന് രോഗിയുടെ കൈകള്‍, കണ്ണട, തൂവാല തുടങ്ങിയവ വഴി പുറത്തത്തെുകയും ഈ രോഗാണുക്കള്‍ ഏതെങ്കിലും വിധേന മറ്റൊരു വ്യക്തിയുടെ കണ്ണുകളില്‍ എത്തിച്ചേരുകയും ചെയ്താല്‍ മാത്രമേ രോഗം പകരുകയുള്ളു.
സാധാരണയായി ബാക്ടീരിയബാധ മൂലമുള്ള ചെങ്കണ്ണാണ് കൂടുതലായി കാണാറുള്ളതെങ്കിലും ഈ അടുത്ത കാലത്തായി വൈറസ് ബാധയും ചെങ്കണ്ണിന് കാരണമാവുന്നുണ്ട്.
ബാക്ടീരിയ മൂലമുള്ള ചെങ്കണ്ണ് ഒരു കണ്ണിനെയും തുടര്‍ന്ന് അടുത്ത കണ്ണിനെയും ബാധിക്കുന്നതായാണ് കണ്ടുവരുന്നത്.
കണ്ണിന് കടുത്ത ചുവപ്പുനിറത്തിന് പുറമെ കണ്ണിനകത്ത് മണ്‍തരികള്‍ അകപ്പെട്ടത് പോലെ ഒരുതരം കിരുകിരുപ്പ് അനുഭവപ്പെടും. ഉറക്കമുണരുമ്പോഴും മറ്റ് സമയങ്ങളിലും കണ്ണില്‍ പീളകെട്ടല്‍, അസഹ്യമായ ചൊറിച്ചിലും വേദനയും , കണ്ണീര്‍ ധാരളമായി വരിക എന്നി ലക്ഷണങ്ങളുമുണ്ടാവും.
വൈറസ് ബാധയുണ്ടായാല്‍ രോഗം ഒരു കണ്ണിനെ മാത്രമായും ബാധിച്ചക്കോം. ഈ അവസ്ഥയില്‍ പീളകെട്ടലും കുറവാകും. കണ്‍പോളകള്‍ നീരുവന്ന് വീര്‍ത്ത് കണ്ണുകള്‍ ഇടുങ്ങുന്നത് വൈറസ് ബാധയുടെ ലക്ഷണമാണ്.
ചിലതരം വൈറസ് ബാധയുണ്ടായാല്‍ കൃഷ്ണമണിക്കുള്ളില്‍ വെളുത്ത പൊട്ടുപോലെ കാണുകയും മറ്റു ചില വൈറസുകള്‍ മൂലം കണ്‍പോളകള്‍ക്കുള്ളില്‍ വെളുത്ത പാടപോലെ കാണപ്പെടുകയും ചെയ്യും. ഇത്തരം ചെങ്കണ്ണ് സുഖപ്പെട്ട് കണ്ണുകള്‍ പൂര്‍വ സ്ഥിതിയിലാവാന്‍ ചുരുങ്ങിയത് മൂന്നാഴ്ചയെങ്കിലുമെടുക്കും.
അപൂര്‍വം അവസരങ്ങളില്‍ കണ്ണിന്‍െറ കാഴ്ചയെ ബാധിക്കാനും ഇത്തരം അണുബാധ കാരണമാവും. അതിനാല്‍ ചെങ്കണ്ണുരോഗം വന്നാല്‍ സ്വയം ചികിത്സ അരുത്. ഒരു നേത്രരോഗ വിദഗ്ധനെ സമീപിച്ച് രോഗം ഉറപ്പുവരുത്തി വിദഗ്ദ ചികിത്സ തേടണം.
കണ്ണിന്‍െറ പുറത്തെ പാളിയായ കണ്‍ജങ്ക്റ്റൈവ എന്ന കോശ ഭിത്തിയെ ബാധിക്കുന്ന അണുബാധയാണ് രോഗകാരണം. രോഗം പ്രത്യക്ഷപ്പെടുന്നതോടെ അണുബാധയുള്ള ഭാഗത്തേക്ക് രക്തപ്രവാഹം വര്‍ധിക്കുകയും കണ്ണുകള്‍ ചുവക്കുകയും ചെയ്യും.
എളുപ്പത്തില്‍ പടര്‍ന്നുപിടിക്കുന്ന രോഗമായതിനാല്‍ വീട്ടിലോ ഓഫിസിലോ ഒരാള്‍ക്ക് രോഗം വന്നാല്‍ അത് എല്ലാവരെയും ബാധിക്കാന്‍ സാധ്യതയുണ്ട്.
രോഗം ബാധിച്ചവരുമായി അടുത്തിടപഴകുന്നതിലൂടെയും രോഗികളുടെ സ്പര്‍ശമേറ്റ വസ്തുക്കള്‍ വഴിയുമാണ് രോഗം പകരുന്നത്. രോഗി ഉപയോഗിച്ച ടവല്‍, കണ്ണട, കമ്പ്യൂട്ടര്‍ മൗസ്, ആഹാരം കഴിക്കുന്ന പാത്രങ്ങള്‍, വാഷ്ബേസിനിലെ ടാപ്പ്, സോപ്പ്, കുളിമുറിയില്‍ ഉപയോടിക്കുന്ന തോര്‍ത്തുമുണ്ട്, ടെലിവിഷന്‍ റിമോട്ട് കണ്‍ട്രോള്‍, പുസ്തകം, പേന തുടങ്ങിയവയിലൂടെ രോഗാണു അടുത്ത വ്യക്തിയുടെ കൈകളിലേക്കും തുടര്‍ന്ന് കണ്ണുകളിലേക്കും പടരുന്നു.
കണ്ണുകള്‍ ഇടക്കിടെ തണുത്ത ശുദ്ധജലത്തില്‍ കഴുകുന്നത് രോഗാണുക്കള്‍ പെരുകുന്നത് തടയാന്‍ സഹായിക്കുകയും അസ്വസ്ഥതകള്‍ കുറക്കുകയും ചെയ്യം. രോഗം ബാധിച്ചാല്‍ കണ്ണിന് പരിപൂര്‍ണ വിശ്രമമാണാവശ്യം. വായന പൂര്‍ണമായി ഒഴിവാക്കുകയും കമ്പ്യൂട്ടര്‍ ഉപയോഗവും ടി.വി കാണലും ഉപേക്ഷിക്കുകയും വേണം.
രോഗാണു ബാധ മൂലമല്ലാതെ അലര്‍ജിയെ തുടര്‍ന്നും ചെങ്കണ്ണ് ഉണ്ടാകാം. ചില രാസവസ്തുക്കള്‍ കണ്ണിലായാലും ചെങ്കണ്ണ് പോലെ കണ്ണുകള്‍ ചുവന്ന് തടിക്കാനിടയുണ്ട്. കണ്ണുനീര്‍ ഗ്രന്ഥികളിലുണ്ടാകുന്ന പ്രശ്നങ്ങള്‍ കാരണം കണ്ണുകളില്‍ ജലാംശം കുറഞ്ഞാലും കണ്ണുകള്‍ ചുവന്നേക്കാം. എന്നാല്‍, ഇത്തരത്തിലുണ്ടാകുന്ന അസുഖം മറ്റുള്ളവര്‍ക്ക് പകരാറില്ല.

(ലേഖിക കോഴിക്കോട് കോംട്രസ്റ്റ് കണ്ണാശുപത്രിയിലെ കണ്‍സള്‍ട്ടന്‍റ് ഐ സര്‍ജനാണ്)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:health
Next Story