സൂക്ഷിക്കണം ഈ ‘നിശ്ശബ്ദ കൊലയാളി’യെ
text_fields നവംബര്‍ -14
ലോക പ്രമേഹദിനം
ശരീരത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി വര്‍ധിക്കുന്ന രോഗാവസ്ഥയാണ് പ്രമേഹം. മുതിര്‍ന്നവരില്‍ കാണപ്പെടുന്ന ടൈപ്-രണ്ട് പ്രമേഹമാണ് സര്‍വസാധാരണം. ശരീരത്തില്‍ ഉല്‍പാദിപ്പിക്കപ്പെടുന്ന ഇന്‍സുലിന്‍ ഹോര്‍മോണ്‍ ശരിയായി പ്രവര്‍ത്തിക്കാതെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുകയാണ് ചെയ്യുക. ഇത്തരം രോഗികളില്‍ വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ ഇന്‍സുലിന്‍ ഉല്‍പാദനം നിലക്കുകയും ചെയ്യുന്നു.
ലോകത്ത് ഏറ്റവും കൂടുതല്‍ പ്രമേഹ രോഗികളുള്ളത് ചൈനയിലാണ്. ഇന്ത്യ രണ്ടാം സ്ഥാനത്താണ്. 2030 ആകുന്നതോടെ ഇന്ത്യയില്‍ ഏകദേശം 10 കോടിയിലധികം പ്രമേഹ രോഗികള്‍ ഉണ്ടാകുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. പലപ്പോഴും പ്രമേഹ രോഗികള്‍ക്ക് തുടക്കത്തില്‍ കാര്യമായ ലക്ഷണമൊന്നും ഉണ്ടാകാറില്ല. മറ്റേതെങ്കിലും ആവശ്യത്തിനായി രക്തം പരിശോധിക്കുമ്പോഴാണ് രോഗം കണ്ടുപിടിക്കുക. അമിതമായ വിശപ്പ്, അമിതമായ ദാഹം, ഇടക്കിടക്കുള്ള മൂത്രവിസര്‍ജനം എന്നിവയാണ് ആദ്യ ലക്ഷണങ്ങള്‍. അകാരണമായി ശരീരഭാരം കൂടുകയോ കുറയുകയോ ചെയ്യും. വലിയ ക്ഷീണവും അനുഭവപ്പെടാം. മുറിവുകള്‍ പഴുക്കുകയും ഉണങ്ങാന്‍ കൂടുതല്‍ സമയമെടുക്കുകയും ചെയ്യുന്നതും ലക്ഷണങ്ങളാണ്.
പ്രഭാത ഭക്ഷണത്തിനു മുമ്പ് രക്തത്തിലെ ഗ്ളൂക്കോസ് നില 126mg/dlല്‍ കൂടുതലാണെങ്കില്‍ പ്രമേഹമുണ്ടെന്ന് അനുമാനിക്കാം. ഭക്ഷണശേഷം 200mg/dlല്‍ കൂടുതലാണെങ്കിലും അസുഖം ഉണ്ടെന്നര്‍ഥം. ഗൈ്ളക്കോസിലേറ്റഡ് ഹീമോഗ്ളോബിന്‍ എന്ന പരിശോധനയും പ്രയോജനകരമാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് ആഴ്ചകളായി കൂടുതലാണോ എന്നറിയാന്‍ ഇത് സഹായിക്കും. 6.5 ശതമാനത്തിന് മുകളില്‍ ആണെങ്കില്‍ പ്രമേഹം ഉണ്ടെന്ന് മനസ്സിലാക്കാം.
പ്രമേഹം ജീവിത ശൈലീ രോഗമാണ്. അതുകൊണ്ടുതന്നെ, പ്രമേഹ നിയന്ത്രണത്തിന് രോഗി ജീവിത ശൈലി ക്രമീകരിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ചിട്ടയായ ഭക്ഷണക്രമവും നിത്യേനയുള്ള വ്യായാമവും അതിപ്രധാനമാണ്. കൃത്യമായ സമയത്ത് ഭക്ഷണം കഴിക്കലും അളവനുസരിച്ചുള്ള ഭക്ഷണക്രമവും അതിപ്രധാനമാണ്. അന്നജം അടങ്ങിയ ഭക്ഷണം നിയന്ത്രിക്കുന്നതാണ് ഏറ്റവും പ്രധാനം. പഞ്ചസാരയിലും അരി തുടങ്ങിയ ധാന്യങ്ങളിലുമാണ് ഏറ്റവും കൂടുതല്‍ അന്നജം അടങ്ങിയിട്ടുള്ളത്. പ്രമേഹ രോഗികള്‍ പഞ്ചസാരയും മറ്റു മധുരപദാര്‍ഥങ്ങളും പൂര്‍ണമായും ഉപേക്ഷിക്കണം.
ഗോതമ്പ് ആഹാരമാണ് അരിയാഹാരത്തെക്കാള്‍ നല്ലത്. റാഗി, റവ, ഓട്സ്, ഇലക്കറികള്‍, മുഴു ധാന്യങ്ങള്‍, പയറുവര്‍ഗങ്ങള്‍, തവിടു കളയാത്ത അരി കൊണ്ടുള്ള ചോറ് എന്നിവയും ആകാം. കിഴങ്ങുവര്‍ഗങ്ങള്‍ മിതമായി മാത്രം ഉപയോഗിക്കുക. പ്രതിദിനം 100 ഗ്രാം പഴവര്‍ഗങ്ങള്‍ കഴിക്കാം. എന്നാല്‍, ഈന്തപ്പഴം പോലുള്ളവ ഒഴിവാക്കുകയാണ് നല്ലത്. എണ്ണ ഉപയോഗവും നിയന്ത്രിക്കണം. മധുരമുള്ള ഭക്ഷണം കഴിച്ചതിനുശേഷം മരുന്ന് കൂടുതലായി കഴിക്കുന്നത് അപകടകരമാണ്. പഞ്ചസാരക്ക് പകരം ഷുഗര്‍ഫ്രീ പോലുള്ള വസ്തുക്കള്‍ ഉപയോഗിക്കുന്നത് വളരെ നിയന്ത്രിക്കണം. ഫാസ്റ്റ്ഫുഡ്, ബേക്കറി ആഹാരങ്ങള്‍ എന്നിവ വര്‍ജിക്കണം. ഭക്ഷണ നിയന്ത്രണത്തിന് ഡയറ്റീഷ്യന്‍െറ സഹായം തേടുന്നത് നല്ലതാണ്.
പൊണ്ണത്തടിയാണ് പ്രമേഹത്തിന്‍െറ പ്രധാന കാരണങ്ങളിലൊന്ന്. ശരീര ഭാരം കൂടുതലുള്ളവരില്‍ ഇന്‍സുലിന്‍ പ്രവര്‍ത്തനം ശരിയായി നടക്കാത്തതാണ് കാരണം. അതിനാല്‍, നിത്യേനയുള്ള വ്യായാമം രോഗനിയന്ത്രണത്തിന് അത്യന്താപേക്ഷിതമാണ്. വ്യായാമം ചെയ്യുമ്പോള്‍ അധിക ഊര്‍ജത്തിനായി രക്തത്തിലെ ഗ്ളൂക്കോസ് ഉപയോഗിക്കപ്പെടുന്നു. പ്രമേഹ രോഗികള്‍ ദിനേന 20 മുതല്‍ 30 മിനിറ്റെങ്കിലും വ്യായാമത്തിനായി മാറ്റിവെക്കണം. ഏറ്റവും എളുപ്പത്തില്‍ ചെയ്യാവുന്നത് നടത്തമാണ്. പ്രമേഹമുള്ളവരാണെങ്കില്‍ നടക്കുമ്പോള്‍ കാലിന് പരിക്ക് ഉണ്ടാകാതിരിക്കാന്‍ സോക്സും ഷൂസും ധരിക്കണം. വ്യായാമം ചെയ്ത് തുടങ്ങുമ്പോള്‍ ഡോക്ടറുടെ ഉപദേശം സ്വീകരിക്കണം. സംസാരിക്കാനോ ശ്വസിക്കാനോ ബുദ്ധിമുട്ട് തോന്നുന്നുണ്ടെങ്കില്‍ വ്യായാമത്തിന്‍െറ തീവ്രത കുറക്കണം.
പ്രവാസികളില്‍ പ്രമേഹ നിയന്ത്രണം ബുദ്ധിമുട്ടുള്ളതായി കാണാറുണ്ട്. ശരീരം അനങ്ങാതെയുള്ള ജോലിയും അസമയത്തുള്ള ഭക്ഷണരീതിയും മാനസിക പിരിമുറുക്കങ്ങളും നിയന്ത്രണം കൂടുതല്‍ ബുദ്ധിമുട്ടുള്ളതാക്കുന്നു. മരുന്ന് കഴിക്കുന്ന പ്രമേഹ ബാധിതരും ഭക്ഷണ നിയന്ത്രണവും വ്യായാമവും തുടരേണ്ടതാണ്.
രക്തത്തിലെ പഞ്ചസാരയുടെ അളവ് നാളുകളോളം ഉയര്‍ന്നുനിന്നാല്‍ അത് കണ്ണ്, വൃക്ക, ഞരമ്പുകള്‍, ഹൃദയം എന്നിവയുടെ പ്രവര്‍ത്തനത്തെ ബാധിക്കുകയും ഗുരുതര പ്രത്യാഘാതങ്ങള്‍ ഉണ്ടാവുകയും ചെയ്യും. അതിനാല്‍ സൂക്ഷിച്ചാല്‍ ദു$ഖിക്കേണ്ട എന്ന ചൊല്ല് പ്രമേഹത്തെ സംബന്ധിച്ച് അന്വര്‍ഥമാണ്.
(ലേഖകന്‍ ഒമാന്‍ മെഡിക്കല്‍ കോളജ് മെഡിസിന്‍ വിഭാഗം മേധാവിയാണ്)

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.