Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightGeneral Healthchevron_rightഹൃദയത്തിന് ഏത് ചികിത്സ...

ഹൃദയത്തിന് ഏത് ചികിത്സ വേണം?

text_fields
bookmark_border
ഹൃദയത്തിന് ഏത് ചികിത്സ വേണം?
cancel

ഹൃദ്രോഗമരണം ആണ് ലോകമരണ നിരക്കില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്നത്. ഹൃദ്രോഗ ബോധവത്കരണവും രോഗപ്രതിരോധ മാര്‍ഗങ്ങളും ഫലപ്രദമായ ചികിത്സാരീതികളും കാരണം വികസിത രാജ്യങ്ങളില്‍ ഹൃദ്രോഗനിരക്ക് കുറഞ്ഞുവരുമ്പോള്‍ ഇന്ത്യയില്‍ ഇത് അടിക്കടി കൂടിവരുന്നതായി കാണാം. പ്രമേഹം, ബ്ളഡ് പ്രഷര്‍ (ബി.പി), പുകവലി, അമിതകൊഴുപ്പ് തുടങ്ങിയ കാരണങ്ങളാണ് ഹൃദ്രോഗ ധമനികളില്‍ അതീറോസ്ക്ളീറോസിസ് (Atherosclerosis) അഥവാ ബ്ളോക് ഉണ്ടാകുന്നത്. ഇവ നിയന്ത്രിക്കുക വഴി ഒരു പരിധിവരെ ഹൃദ്രോഗം തടയാന്‍ പറ്റുമെങ്കിലും ഹൃദയാഗാധം അഥവാ ഹൃദയസ്പന്ദനം ഉണ്ടാവുന്ന രോഗികളില്‍ ഭൂരിഭാഗത്തിനും ഇത് പെട്ടെന്നാണ് സംഭവിക്കുന്നത്. അതുകൊണ്ട് തന്നെ ഹൃദ്രോഗത്തിന് ഏറ്റവും ഫലപ്രദമായ ചികിത്സാരീതി നിര്‍ണായകസമയത്ത് ചെയ്യേണ്ടത് അത്യന്താപേക്ഷിതമാണ്. ഏറ്റവും ഫലപ്രദമായ ചികിത്സാരീതി എന്നാല്‍ എറ്റവും വേഗത്തില്‍ ഹൃദയത്തിലെ ബ്ളോക് മാറ്റി രക്തയോട്ടം (Circulaton) പുനഃസ്ഥപിക്കുകയാണ്. എന്നാല്‍മാത്രമേ, ഈ അസുഖം കൊണ്ടുണ്ടാകുന്ന മരണം, ദുരിതം, സാമ്പത്തിക നഷ്ടം, സാമൂഹിക പ്രശ്നം എന്നിവ ഇല്ലാതാക്കാന്‍ കഴിയൂ.
ഹൃദയത്തിലെ ബ്ളോക് നീക്കാന്‍ പ്രധാനമായും മൂന്നുതരം ചികിത്സാരീതികളാണ് ഉള്ളത്.
1. സി.എ.ബി.ജി (അഥവാ ബൈപാസ് ഓപ്പറേഷന്‍) 2. പി.ടി.സി.എ (അഥവാ ആന്‍ജിയോ പ്ളാസ്റ്റി) 3. മെഡിക്കേഷന്‍ (അഥവാ മരുന്നുകള്‍ മാത്രം). ഇതില്‍ ഓരോ രോഗിക്കും അയാളുടെ രോഗത്തിന്‍െറ നിലയനുസരിച്ച് വ്യത്യസ്ത ചികിത്സാ രീതികളാണ് നിര്‍ദേശിക്കേണ്ടത്.
സി.എ.ബി.ജി എന്നാല്‍ ഹൃദയത്തിലെ ബ്ളോക്കുകള്‍ ബൈപാസ് ചെയ്ത് പുതിയ രക്തയോട്ടം പുനഃസ്ഥാപിക്കുകയാണ്. ഇതിനുവേണ്ടി ശരീരത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള രക്തക്കുഴലുകളാണ് (Artery or Vein) ഉപയോഗിക്കുന്നത്. ഇത് ഏറ്റവും മേജര്‍ ഓപറേഷന്‍ ആണ്. ഈ ഓപ്പറേഷന് അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ഓപറേഷന്‍ തിയേറ്ററുകളും പരിചയസമ്പന്നരും പ്രഗല്ഭരുമായ മെഡിക്കല്‍ ടീം തന്നെ ആവശ്യമുണ്ട്. ഇവരുടെ കൂട്ടായ പ്രവര്‍ത്തനവും രോഗിയുടെ നിലയും അനുസരിച്ചാണ് ഓപറേഷന്‍െറ ജയപരാജയങ്ങള്‍ (Success rate) നിശ്ചയിക്കുന്നത്. മേജര്‍ സര്‍ജറി ആയതിനാല്‍ സങ്കീര്‍ണതയും കൂടുതലാണ്. കൂടാതെ രോഗി അഞ്ചുദിവസം മുതല്‍ 10 ദിവസംവരെ ഹോസ്പിറ്റലില്‍ കഴിയേണ്ടിവരും. രോഗിക്ക് ജോലിയില്‍ തിരിച്ചുപ്രവേശിക്കാന്‍ ഒന്നോ രണ്ടോ മാസം കഴിയും. വലിയ കല (Scar) രോഗിയില്‍ എന്നന്നേക്കും അസ്വസ്ഥത ഉണ്ടാക്കും. സാമൂഹികവും മാനസികവുമായ പ്രശ്നങ്ങള്‍ വേറേയും. ഇതൊക്കെയാണെങ്കിലും ഓപറേഷന്‍ കൊണ്ടുണ്ടാവുന്ന ദീര്‍ഘദൂര ഗുണം (Long term benefit) വളരെ കൂടുതലാണ്. പി.ടി.സി.എ എന്നാല്‍ ഓപറേഷന്‍ കൂടാതെ ഹൃദയത്തിലെ ബ്ളോക്കുകള്‍ നീക്കുന്ന പ്രക്രിയയാണ്. ഇതില്‍ രോഗി വേദന അനുഭവിക്കുന്നില്ല. ബോധംകെടുത്തല്‍ (Aneasthesia) ആവശ്യമില്ല. രോഗിക്ക് ഒന്നോ രണ്ടോ ദിവസം കൊണ്ട് ഡിസ്ചാര്‍ജ് ചെയ്ത് ജോലിക്ക് പ്രവേശിക്കാം. ഓപറേഷന്‍ കല ഉണ്ടാവാറില്ല. ഏറ്റവും പ്രധാനമായി സാമൂഹികമോ മാനസികമോ ആയ ബുദ്ധിമുട്ടുകള്‍ ഉണ്ടാകാറില്ല. പക്ഷേ, ഇതൊക്കെയാണെങ്കിലും പ്രമേഹരോഗികളിലും മൂന്നോ അതിലധികമോ ബ്ളോക്കുകളുള്ള രോഗികളിലും ആന്‍ജിയോപ്ളാസ്റ്റി (പി.ടി.സി.എ) അത്ര ഫലപ്രദമാവാറില്ല.
മെഡിക്കല്‍ മാനേജ്മെന്‍റ് എന്നാല്‍ രോഗിയുടെ ബ്ളോക് അതേപോലെ നിലനിര്‍ത്തിക്കൊണ്ട് രോഗിക്ക് രോഗലക്ഷണം (Symptoms) കുറക്കാനുള്ള മരുന്നുകള്‍ നിര്‍ദേശിക്കുകയാണ്. ഇവിടെ രോഗിയുടെ ബ്ളോക്കിന് ഒരുവിധ മാറ്റവും സംഭവിക്കുന്നില്ളെങ്കിലും പുതിയ ബ്ളോക് ഉണ്ടാവുന്നത് ഒരു പരിധിവരെ തടയാന്‍ പറ്റും. ഒരു രോഗിക്ക് എല്ലാ മരുന്നുകള്‍ ഉപയോഗിക്കുമ്പോഴും രോഗലക്ഷണം കണ്ടുവരുന്നെങ്കില്‍ പി.ടി.സി.എ/ സി.എ.ബി.ജി മാത്രമേ പരിഹാരമുള്ളൂ.
ഇവിടെ ഏറ്റവും പ്രധാനമായ ചോദ്യം ഒരു രോഗിക്ക് ആന്‍ജിയോപ്ളാസ്റ്റിയാണോ ഓപറേഷനാണോ ഉചിതമായ ചികിത്സാരീതി? ഇത് നിര്‍ണയിക്കുന്ന ഘടകങ്ങള്‍ പലതാണ്. അതില്‍ പ്രധാനമായവ രോഗിയുടെ നില, പ്രമേഹം, ബ്ളോക്കുകളുടെ എണ്ണം, ഹൃദയത്തിന്‍െറ പ്രവര്‍ത്തനശേഷി, രോഗിയുടെ സാമ്പത്തികശേഷി, ഹോസ്പിറ്റലിന്‍െറ സൗകര്യങ്ങള്‍, ഡോക്ടേഴ്സിന്‍െറ പരിചയസമ്പന്നത, ഹെല്‍ത്ത് ഇന്‍ഷൂറന്‍സ് എന്നിവയാണ്. ഈ പ്രധാന തീരുമാനം എടുക്കേണ്ടത് രോഗിയല്ല. മറിച്ച്, രോഗിയെ ചികിത്സിക്കുന്ന കാര്‍ഡിയോളജിസ്റ്റ് ആണ്. മിക്കവാറും കേസുകളില്‍ എ.സി.സി / എ.എച്ച്.എ (അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍) മാര്‍ഗനിര്‍ദേശപ്രകാരമാണ് ഡോക്ടര്‍മാര്‍ ഈ തീരുമാനം കൈക്കൊള്ളുന്നത്. പക്ഷേ, ഇന്ത്യയില്‍ ഇത് എത്രത്തോളം പ്രായോഗികമാണെന്നുള്ളത് പുനര്‍വിചിന്തനമര്‍ഹിക്കുന്നു. നമ്മുടെ രോഗികളില്‍ ഭൂരിഭാഗവും ഹെല്‍ത്ത് ഇന്‍ഷൂറന്‍സ് ചെയ്തിട്ടില്ല. ഇതു പ്രധാനമായ തീരുമാനത്തില്‍ ഡോക്ടറുടെ ഭാഗത്ത് നിന്ന് അനാസ്ഥ സംഭവിക്കാം. ഓപറേഷന്‍ നിര്‍ദേശിക്കേണ്ട ഒരു രോഗിക്ക് പി.ടി.സി.എ നിര്‍ദേശിച്ചാല്‍ അഥവാ പി.ടി.സി.എ നിര്‍ദേശിക്കേണ്ട രോഗിക്ക് ഓപറേഷന്‍ നിര്‍ദേശിച്ചാല്‍ ഗുണത്തേക്കാളേറെ ദോഷമാണ് ഉണ്ടാക്കുന്നത്. ഇത് പല സങ്കീര്‍ണതകളിലും ചെന്നത്തെിക്കും. രോഗിക്ക് ശാരീരികവും മാനസികവും ആയ പീഡനത്തിന് പുറമെ മരണം വരെ സംഭവിക്കാം. ഇന്ന് മിക്ക രോഗികളും കാര്‍ഡിയോജസ്റ്റിന്‍െറ കരുണയെ ആശ്രയിച്ചിരിക്കും ഈ സുപ്രധാനമായ തീരുമാനം കൈക്കൊള്ളുക.
ഇപ്പോള്‍ ആന്‍ജിയോപ്ളാസ്റ്റി അടിക്കടി വര്‍ധിച്ചുവരുന്നതായി കാണാം. മൂന്നോ അതിലധികമോ ബ്ളോക് ഉള്ള ആളുകളും പ്രമേഹരോഗികളും ആന്‍ജിയോപ്ളാസ്റ്റിക്ക് വിധേയരായിക്കൊണ്ടിരിക്കുകയാണ്. താരതമ്യേന ലഘുവായ പ്രക്രിയയും വേദനയില്ലായ്മയും പെട്ടെന്ന് ഡിസ്ചാര്‍ജ് ചെയ്ത് പോകാന്‍ പറ്റുന്നതുമൊക്കെയാണ് രോഗി ഈ ചികിത്സാരീതി തിരഞ്ഞെടുക്കുന്നത്. എന്നാല്‍, ഓപറേഷന്‍ ആവശ്യമായ രോഗിയെ ആന്‍ജിയോപ്ളാസ്റ്റിക്ക് വിധേയമാക്കിയാല്‍ ഒരുപാട് സങ്കീര്‍ണത ഉണ്ടാവാന്‍ സാധ്യതയുണ്ട്. കൂടാതെ കൂടുതല്‍ ബ്ളോക്ക് ഉള്ള രോഗികള്‍ കൂടുതല്‍ സ്റ്റെന്‍സ് (ബ്ളോക് വീണ്ടും വരാതിരിക്കാന്‍ ഉപയോഗിക്കുന്ന Sprins) ഉപയോഗിക്കേണ്ടതായിവരും. ഇതിന് വലിയൊരു സംഖ്യ രോഗി ചെലവാക്കേണ്ടി വരും. പ്രത്യേകിച്ച് മരുന്നുപുരട്ടിയ സ്റ്റെന്‍റ് (Medicated stent). മിക്കവാറും രോഗികള്‍ക്ക് ഇത് താങ്ങാന്‍ പറ്റാറില്ല. അഥവാ എങ്ങനെയെങ്കിലും പണം തരപ്പെടുത്തിയാല്‍ തന്നെ പില്‍ക്കാലത്ത് വീണ്ടുമൊരു ബ്ളോക് വന്നാല്‍ രോഗിക്ക് ചികിത്സക്കുള്ള പണം ഒരിക്കലും തരപ്പെടുത്താന്‍ പറ്റാറില്ല. കൂടുതല്‍ സ്റ്റെന്‍റ് ഉപയോഗിച്ച രോഗികളില്‍ പ്രത്യേകിച്ച് പ്രമേഹ രോഗികളില്‍ പിന്‍ക്കാലത്ത് (ഒന്നോ രണ്ടോ വര്‍ഷത്തിനകം) വീണ്ടും ബ്ളോക് സംഭവിക്കുക തികച്ചും സ്വാഭാവികമാണ്. അതുകൊണ്ട് തന്നെ രോഗിയുടെ സാമ്പത്തിക നില കണക്കാക്കി മാത്രമേ രോഗിക്ക് ചികിത്സാരീതി നിര്‍ദേശിക്കാവൂ.
പലപ്പോഴും ഓപറേഷനോടുള്ള അതിഭയവും വിവരക്കുറവുമാണ് രോഗിയെ ആന്‍ജിയോപ്ളാസ്റ്റിയിലേക്ക് നയിക്കുന്നത്. അതുകൊണ്ട് മൂന്നോ അതിലധികമോ ബ്ളോക് ഉള്ള രോഗികള്‍ക്ക് ഓപറേഷന്‍ (സി.എ.ബി.ജി) ഉത്തമ ചികിത്സാരീതിയാണ്.
അവസാനമായി, ഏത് ഹൃദ്രോഗിക്ക് ഏത് ചികിത്സാരീതി നിര്‍ണയിക്കണമെന്നതിന് ഡോക്ടര്‍മാര്‍ക്ക് ഒരു നാഷനല്‍ ഗൈഡ് ലൈന്‍സ് ആവശ്യമുണ്ട്. ഏത് മെഡിക്കല്‍ സെന്‍ററില്‍ എത്ര പരിചയസമ്പരായ ഡോക്ടര്‍മാരാണ് ഈ പ്രവൃത്തി procedure ചെയ്യേണ്ടത് എന്നതിന് ഒരു മാനദണ്ഡം ആവശ്യമാണ്. അല്ലാതെ നാടുനീളെ കുമിളകള്‍ പോലെ പൊങ്ങിവരുന്ന കാത്ത് ലാബും ഓപറേഷന്‍ തിയേറ്ററുകളും നാടിനാപത്താണ്. പൊതുജനങ്ങള്‍ക്ക് ആവശ്യത്തിന് വേണ്ട വിവരങ്ങളും നിര്‍ദേശങ്ങളും ചെറുപുസ്തകമായി (booklet) നല്‍കേണ്ടതാണ്. സര്‍ക്കാറും സ്വകാര്യ സ്ഥാപനങ്ങളും വ്യത്യസ്ത ഹെല്‍ത്ത് ഇന്‍ഷൂറന്‍സ് പോളിസി വഴി പരമാവധി ജനങ്ങളെ ഉള്‍പ്പെടുത്തേണ്ടതാണ്. ഏറ്റവും പ്രധാനമായി ഒരു ഹൃദ്രോഗിക്ക് വേണ്ട ചികിത്സാരീതി തിരഞ്ഞെടുക്കുമ്പോള്‍ ഹൃദ്രോഗ വിദഗ്ധര്‍, സര്‍ജന്‍സ്, കുടുംബാംഗങ്ങള്‍, രോഗികള്‍ ഉള്‍പ്പെടുന്ന ഒരു കൂട്ടായ്മ കൂടിയുള്ള തീരുമാനമാണ് എടുക്കേണ്ടത്.

(ലേഖകന്‍ മംഗലാപുരം ഇന്‍ഡ്യാന ഹോസ്പിറ്റല്‍ ആന്‍റ് ഹാര്‍ട്ട് ഇന്‍സ്റ്റിറ്റൃൂട്ടിലെ കാര്‍ഡിയോളജിസ്റ്റാണ്)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:health
Next Story