എയർ ഫ്രൈയറുകളും കാൻസർ സാധ്യതയും; വിദഗ്ധർ പറയുന്നത്...
text_fieldsആധുനിക അടുക്കളയിലെ ഒരു പ്രധാന ഉപകരണമായി എയർ ഫ്രൈയറുകൾ മാറിയിട്ടുണ്ട്. പരമ്പരാഗതമായി വറുക്കുന്നതിനേക്കാൾ വളരെ കുറഞ്ഞ എണ്ണ ഉപയോഗിച്ച് പാചകം ചെയ്യുന്ന രീതിയാണിത്. ആരോഗ്യകരമായ പാചകരീതികൾ തേടുന്നവർ ഡീപ് ഫ്രൈയറുകൾക്കും ഓവൻ ട്രേകൾക്കും പകരമായി ഇത് ഉപയോഗിക്കുന്നു. എന്നാൽ ജീവിതശൈലിയുമായി ബന്ധപ്പെട്ട കാൻസറിനെക്കുറിച്ചുള്ള ആശങ്കകൾ വർധിക്കുമ്പോൾ ഒരു ചോദ്യം ഉയരുന്നു. എയർ ഫ്രൈയറിലേക്ക് മാറുമ്പോൾ കാൻസർ സാധ്യത കുറയുമോ, അതോ മറഞ്ഞിരിക്കുന്ന അപകടങ്ങൾ ഇതിലുണ്ടോ? ഈ വിഷയത്തിലെ ശാസ്ത്രീയ വശങ്ങളും, കെട്ടുകഥകളും, യഥാർത്ഥ അപകടസാധ്യതകളും ഓങ്കോളജി വിദഗ്ധർ വിശദീകരിക്കുകയാണ്.
ആർട്ടെമിസ് ഹോസ്പിറ്റൽസിലെ സീനിയർ കൺസൾട്ടന്റ്, സർജിക്കൽ ഓങ്കോളജിസ്റ്റ് ആയ ഡോ. ദീപക് ഝാ പറയുന്നതനുസരിച്ച് എയർ ഫ്രൈയറുകളുടെ ജനപ്രിയതക്ക് ന്യായമായ കാരണങ്ങളുണ്ട്. “കുറഞ്ഞ എണ്ണയിൽ ഭക്ഷണം നല്ല മൊരിഞ്ഞതായി ഉണ്ടാക്കാൻ കഴിയുന്നു എന്നതിനാലാണ് ആളുകൾ എയർ ഫ്രൈയറുകൾ ഇഷ്ടപ്പെടുന്നത്. എന്നാൽ ഇവ കൂടുതൽ പ്രചാരത്തിലാകുമ്പോൾ, ഇത് ശരിക്കും സുരക്ഷിതമാണോ, പ്രത്യേകിച്ച് കാൻസറിന്റെ കാര്യത്തിൽ, മറഞ്ഞിരിക്കുന്ന അപകടങ്ങൾ ഉണ്ടോ എന്ന് പലരും സംശയിക്കുന്നു.”
എയർ ഫ്രൈയറുകൾ ചൂടുള്ള വായു വേഗത്തിൽ കറക്കി ഭക്ഷണം പാകം ചെയ്യുന്നു. ഇത് എണ്ണയുടെ ആവശ്യം ഗണ്യമായി കുറക്കുന്നു. ഇതുവഴി അനാരോഗ്യകരമായ കൊഴുപ്പിന്റെ ഉപഭോഗം കുറക്കുകയും, എണ്ണ ആവർത്തിച്ച് ഉയർന്ന താപനിലയിൽ ചൂടാക്കുമ്പോൾ ഉണ്ടാകുന്ന ദോഷകരമായ സംയുക്തങ്ങളുമായുള്ള സമ്പർക്കം കുറക്കുകയും ചെയ്യുന്നു. ഇത് നിങ്ങൾ കഴിക്കുന്ന മോശം കൊഴുപ്പുകളുടെ അളവ് സ്വാഭാവികമായി കുറക്കുകയും വറുക്കുമ്പോൾ ഉണ്ടാകുന്ന ചില ദോഷകരമായ സംയുക്തങ്ങളുടെ രൂപീകരണം തടയുകയും ചെയ്യും. ആ രീതിയിൽ എയർ ഫ്രൈയറുകൾ പൊതുവെ ആരോഗ്യകരമായി കണക്കാക്കപ്പെടുന്നു. പാചക ഉപകരണങ്ങൾ കാൻസറിന് കാരണമാകുന്നില്ല. ഭക്ഷണത്തിന്റെയും പാചകത്തിന്റെയും ശീലങ്ങളാണ് കാൻസർ ഉണ്ടാക്കുന്നത്.
എയർ ഫ്രൈയറുകളുമായി ബന്ധപ്പെട്ട ഏറ്റവും വലിയ ആശങ്ക അക്രിലമൈഡ് ആണ്. അന്നജമുള്ള ഭക്ഷണങ്ങൾ, പ്രത്യേകിച്ച് ഉരുളക്കിഴങ്ങും റൊട്ടിയും പോലുള്ളവ, ഉയർന്ന താപനിലയിൽ പാകം ചെയ്യുമ്പോൾ ഉണ്ടാകുന്ന ഒരു രാസവസ്തുവാണിത്. മൃഗങ്ങളെ ഉപയോഗിച്ചുള്ള ദീർഘകാല പഠനങ്ങളിൽ ഈ രാസവസ്തു കാൻസർ സാധ്യത വർധിപ്പിക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ഇത് മനുഷ്യന്റെ ആരോഗ്യത്തിൽ ഗവേഷണം നടക്കുന്ന വിഷയമാണ്. എയർ ഫ്രൈയറുകളും അക്രിലമൈഡ് ഉണ്ടാക്കിയേക്കാം. ഭക്ഷണം കരിഞ്ഞതോ അല്ലെങ്കിൽ നല്ല കടുത്ത തവിട്ട് നിറത്തിലോ ആകുന്നതുവരെ പാചകം ചെയ്താൽ അപകടസാധ്യത നിലനിൽക്കുന്നു. അതായത് ഉപകരണത്തെ മാത്രമല്ല, പാചകരീതിയും അപകടസാധ്യത നിർണയിക്കുന്നതിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നു.
വളരെ ചൂടുള്ള വായുവിനെ കറക്കി പ്രവർത്തിക്കുന്ന എയർ ഫ്രൈയറുകൾക്ക് ഓവനുകൾക്കോ ഡീപ് ഫ്രൈയറുകൾക്കോ സമാനമായ താപനിലയിൽ എത്താൻ കഴിയും. അതിനാൽ അക്രിലമൈഡ് രൂപീകരണം സാധ്യമാണ്. എങ്കിലും, ഡീപ് ഫ്രൈയിംഗുമായി താരതമ്യം ചെയ്യുമ്പോൾ എയർ ഫ്രൈയറുകൾ അക്രിലമൈഡിന്റെ അളവ് കുറക്കുമെന്ന് പഠനങ്ങൾ കാണിക്കുന്നു. ഫ്രോസൺ ഫ്രൈസ്, നഗ്ഗെറ്റ്സ്, പാക്കറ്റിൽ വരുന്ന ലഘുഭക്ഷണങ്ങൾ എന്നിവ പാചകം ചെയ്യാൻ ധാരാളം ആളുകൾ എയർ ഫ്രൈയറുകൾ ഉപയോഗിക്കുന്നു. ഈ ഭക്ഷണങ്ങളിൽ ഇതിനകം തന്നെ മോശം കൊഴുപ്പുകളും രാസവസ്തുക്കളും അടങ്ങിയിട്ടുണ്ട്, അവയെ ഉയർന്ന താപനിലയിൽ ചൂടാക്കുന്നത് മോശം രാസവസ്തുക്കൾ രൂപപ്പെടാനുള്ള സാധ്യത വർധിപ്പിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

