ആസ്തമയെ നിസ്സാരമായി കാണരുത്
text_fieldsശ്വസനനാളങ്ങളെ ബാധിക്കുന്ന രോഗാവസ്ഥയാണ് ആസ്തമ. ലോകത്താകമാനം ആസ്തമാരോഗികളുടെ എണ്ണം കൂടിവരികയാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അന്തരീക്ഷ മലിനീകരണവും ശ്വസനവ്യവസ്ഥയിലുണ്ടാകുന്ന അണുബാധയും ശ്വസന കോശത്തിന്റെ ഉയർന്ന പ്രവർത്തനം മൂലമുണ്ടാകുന്ന ചുമ, നെഞ്ചിന് ഭാരം, ശ്വാസംമുട്ടൽ, ശബ്ദത്തോടുകൂടിയ ശ്വാസോച്ഛ്വാസം എന്നിവയൊക്കെ കാണുകയാണെങ്കിൽ ചികിത്സ വൈകിക്കരുത്. രക്തത്തിൽ ഓക്സിജന്റെ അളവ് ഗണ്യമായി കുറയുന്ന അവസ്ഥ കൂടി ഈ രോഗത്തിനുണ്ട്. പുരുഷന്മാരിൽ ചെറുപ്രായത്തിലും സ്ത്രീകളിൽ പ്രായപൂർത്തിയായ ശേഷവുമാണ് കൂടുതലും രോഗം കണ്ടുവരുന്നത്.
അനന്തര ഫലം
ജോലിക്ഷമത കുറയും. കുട്ടികളിൽ പഠന തടസ്സമുണ്ടാക്കും. അപൂർവം കേസുകളിൽ പെട്ടെന്നുള്ള മരണം പോലും സംഭവിക്കാനിടയുണ്ട്. പാരമ്പര്യ കാരണങ്ങൾ കൊണ്ട് രോഗം ബാധിക്കാൻ സാധ്യതയുണ്ട്. കുട്ടിക്കാലത്ത് ചെറിയ പകർച്ചവ്യാധികൾ തുടർച്ചയായി പിടിപെടുന്നവർക്ക് ആസ്തമക്കുള്ള സാധ്യത കൂടും. പ്രതിരോധശേഷിയെ ബാധിക്കുന്നതിനാലാണിത്.
പ്രതിരോധ മാർഗങ്ങളിൽ ചിലത്
പുകവലി ബ്രോങ്കൈറ്റിസിന് കാരണമാകുമെന്നതിനാൽ പുകവലി ഉപേക്ഷിക്കുക. ശക്തമായ സുഗന്ധദ്രവ്യങ്ങൾ ഒഴിവാക്കുക. വളർത്തുമൃഗങ്ങളെ (പൂച്ച, മുയൽ, തത്ത) ഒഴിവാക്കുക. പൊടി നിറഞ്ഞ, തണുപ്പുള്ള അന്തരീക്ഷത്തിൽ സഞ്ചാരം കുറക്കുക. എല്ലാ ദിവസവും കുറഞ്ഞത് 5/20 മിനിറ്റ് 30 സെക്കൻഡ് ശ്വാസോച്ഛാസം പിടിക്കൽ വ്യായാമം ചെയ്യുക.
തുടർച്ചയായ ചുമയുണ്ടാകുന്ന സന്ദർഭത്തിൽ സിട്രിക് ആസിഡ് പഴങ്ങളായ നാരങ്ങ, മാതളനാരങ്ങ, പച്ച ആപ്പിൾ, പൈനാപ്പിൾ, വാഴപ്പഴം, വെള്ളരിക്ക, സ്ട്രോബെറി, എണ്ണമയമുള്ളതും എരിവുള്ളതുമായ ഭക്ഷണങ്ങൾ എന്നിവ ഒഴിവാക്കുക. നെഞ്ചിലെ ശരിയായ വായുസഞ്ചാരത്തിനുവേണ്ടി അമിതഭാരമുണ്ടെങ്കിൽ, അത് കുറക്കാൻ ശ്രമിക്കുക. ഈ കാര്യങ്ങളെല്ലാം പാലിച്ചാൽ ആസ്തമ ഉണ്ടാകാനുള്ള സാധ്യത കുറയും.
പരിശോധന ഏതു വിധം
നിങ്ങൾക്ക് ആസ്തമയും നെഞ്ചിലെ അലർജിയും ഉണ്ടെങ്കിൽ രക്തം, കഫം പരിശോധന, നെഞ്ച് എക്സ്റേ, ചർമത്തിലെ അലർജി പരിശോധന, പ്രതിരോധശേഷി പരിശോധന, ശ്വാസകോശത്തിന്റെ പ്രവർത്തന പരിശോധന എന്നിവയിലൂടെ രോഗം കണ്ടെത്താം.
Pulmonary Function Test (PFT), രക്തപരിശോധന, നെഞ്ച് എക്സ്-റേ, സൈനസ് എക്സ്-റേ, അലർജി പരിശോധന, ശ്വാസകോശ പ്രവർത്തന പരിശോധനകൾ എന്നിവയ്ക്കായി മൂന്ന് മാസത്തിലൊരിക്കൽ ഒരു പൾമനോളജിസ്റ്റിനെ സന്ദർശിക്കുക.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.