കോവിഡ് 19: സംസ്ഥാനത്ത് 469 പേര് നിരീക്ഷണത്തില്‍
text_fieldsതിരുവനന്തപുരം: 73 ലോക രാജ്യങ്ങളില്‍ കോവിഡ് 19 രോഗം പടര്‍ന്നു പിടിച്ച സാഹചര്യത്തില്‍ വി വിധ ജില്ലകളിലായി 469 പേര് നിരീക്ഷണത്തിലാണെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ അറിയിച്ചു. ഇവരില്‍ 438 പേര് വീടുകളിലും 31 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. വീട്ടിലെ നിരീക്ഷണത്തില്‍ കഴിയുന്ന 11 വ്യക്തികളെ പരിഷ്കരിച്ച മാര്‍ഗരേഖ പ്രകാരം ഒഴിവാക്കി.
സംശയാസ്പദമായവരുടെ 552 സാമ്പിളുകള്‍ എന്‍.ഐ.വിയില്‍ പരിശോധനക്ക് അയച്ചിട്ടുണ്ട്. ഇതില്‍ 511 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്. നിലവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ആരുടേയും ആരോഗ്യനിലയില്‍ ആശങ്കക്ക് വകയില്ലെന്നും മന്ത്രി വ്യക്തമാക്കി.
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിലെ കാബിനറ്റ് സെക്രട്ടറി രാജീവ് ഗാവ്ബ എല്ലാ സംസ്ഥാനങ്ങളിലേയും ഉദ്യോഗസ്ഥരുമായി നടത്തിയ വിഡിയോ കോണ്‍ഫറന്‍സിൽ കേരളത്തിെൻറ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ചു. മറ്റു സംസ്ഥാനങ്ങള്‍ക്ക് ആവശ്യമായ സാങ്കേതിക പിന്തുണ നല്കാന് തയാറാണെന്ന് ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി അറിയിച്ചിട്ടുണ്ട്.
ചൈന, ഹോങ്കോംഗ്, തായ്ലന്ഡ്, സിംഗപ്പൂര്‍, ജപ്പാന്, ദക്ഷിണ കൊറിയ, വിയറ്റ്നാം, നേപ്പാള്‍, ഇന്തോനേഷ്യ, മലേഷ്യ എന്നിവക്ക് പുറമേ ഇറാന്, ഇറ്റലി എന്നിവിടങ്ങളില്‍നിന്ന് നേരിട്ടുള്ള ഫ്ലൈറ്റുകളിലൂടെ വരുന്ന യാത്രക്കാരെ കൂടി പരിശോധിക്കാന്‍ തീരുമാനിച്ചു. ഈ രാജ്യങ്ങളില്‍ നിന്നും വരുന്ന എല്ലാ ആളുകളും നിർദേശങ്ങള്‍ പാലിക്കണം.
റിപ്പബ്ലിക് ഓഫ് കൊറിയ, ഇറാന്, ഇറ്റലി എന്നിവിടങ്ങളില്‍ നിന്ന് വരുന്നവരോ 2020 ഫെബ്രുവരി 10 മുതല്‍ അത്തരം യാത്രാ ചരിത്രമുള്ളവരോ ഇന്ത്യയിലെത്തുമ്പോള്‍ 14 ദിവസത്തേക്ക് നിരീക്ഷണത്തില്‍ തുടരണം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.