പൊള്ളലേറ്റാൽ ടൂത്ത് പേസ്റ്റും എണ്ണയും പുരട്ടാറുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി പാളും..!
text_fieldsപൊള്ളലേറ്റാൽ ഉടൻ ആശ്വാസം ലഭിക്കാനായി പലരും പരീക്ഷിക്കുന്ന വീട്ടുവൈദ്യങ്ങൾ ഗുണത്തേക്കാളേറെ ദോഷം ചെയ്തേക്കാം. പൊള്ളലേറ്റ ഭാഗത്ത് ടൂത്ത് പേസ്റ്റ്, എണ്ണ, നെയ്യ്, ഐസ് എന്നിവ പുരട്ടുന്നതും കുമിളകൾ പൊട്ടിക്കുന്നതുമടക്കമുള്ള പതിവ് രീതികൾ കൂടുതൽ സങ്കീർണതകൾക്ക് വഴിവെക്കുമെന്നാണ് വിദഗ്ധർ പറയുന്നത്.
പൊള്ളലേറ്റ ഭാഗത്ത് ടൂത്ത് പേസ്റ്റ് പുരട്ടുന്നത് തണുപ്പ് അനുഭവപ്പെടാൻ ഇടയാക്കുമെങ്കിലും ഇതിലെ രാസവസ്തുക്കളും സുഗന്ധദ്രവ്യങ്ങളും ചർമത്തിൽ കൂടുതൽ അസ്വസ്ഥതയുണ്ടാക്കുകയും അണുബാധക്ക് കാരണമാകുകയും ചെയ്യാം. നെയ്യ്, വെണ്ണ, പാചക എണ്ണ എന്നിവ പുരട്ടുന്നത് ചർമത്തിലെ ചൂട് പുറത്തുപോകാതെ തടഞ്ഞ് പൊള്ളലിന്റെ ആഘാതം വർധിപ്പിക്കാനും സാധ്യതയുണ്ട്. നേരിട്ട് ഐസ് വെക്കുന്നതും അപകടകരമാണ്. ഇത് പൊള്ളലേറ്റ ഭാഗത്തേക്കുള്ള രക്തയോട്ടത്തെ ബാധിച്ചേക്കാം. പകരം സാധാരണ തണുത്ത വെള്ളം ഉപയോഗിച്ച് പൊള്ളലേറ്റ ഭാഗം 20 മിനിറ്റോളം കഴുകുകയാണ് വേണ്ടതെന്ന് വിദഗ്ധർ നിർദേശിക്കുന്നു.
പൊള്ളലേറ്റ ഭാഗത്തുണ്ടാകുന്ന കുമിളകൾ പൊട്ടിക്കുകയോ അടർന്ന ചർമം സ്വയം നീക്കം ചെയ്യുകയോ ചെയ്യരുത്. കുമിളകൾ അടിയിലെ ചർമത്തെ സംരക്ഷിക്കുന്നതിനാൽ അവ പൊട്ടിക്കുന്നത് അണുബാധക്ക് വഴിയൊരുക്കും. പൊള്ളലേറ്റ ഭാഗത്ത് ഒട്ടിപ്പിടിച്ച വസ്ത്രങ്ങളും ബലമായി നീക്കം ചെയ്യരുത്. പൊള്ളലേറ്റ ഭാഗം തണുപ്പിച്ച ശേഷം വൃത്തിയുള്ള തുണിയോ അണുവിമുക്തമായ ഡ്രസ്സിങ്ങോ ഉപയോഗിച്ച് അയവോടെ മൂടാം. വീക്കം ഉണ്ടാകുന്നതിന് മുമ്പ് മോതിരം, വാച്ച്, വളകൾ എന്നിവ നീക്കം ചെയ്യണം. ആഴത്തിലുള്ളതോ വിസ്തൃതമായതോ കുമിളകൾ രൂപപ്പെട്ടതോ ആയ പൊള്ളലുകൾക്ക് വൈദ്യസഹായം തേടണം. മുഖം, കൈകൾ, കാലുകൾ, സന്ധികൾ, സ്വകാര്യഭാഗങ്ങൾ എന്നിവിടങ്ങളിലെ പൊള്ളലുകൾക്കും അടിയന്തര ചികിത്സ ആവശ്യമാണ്. ശ്വാസതടസ്സം, ബോധക്ഷയം തുടങ്ങിയ ലക്ഷണങ്ങളുണ്ടെങ്കിൽ ഉടൻ അടിയന്തര ചികിത്സ തേടണമെന്നും വിദഗ്ധർ നിർദേശം നൽകുന്നു.

