അരിവാൾ രോഗം; ജില്ലയിലുള്ളത് 1276 രോഗികൾ; രോഗികൾക്ക് പ്രത്യേക കെട്ടിടം സജ്ജം
text_fieldsനൂൽപുഴ കുടുംബാരോഗ്യ കേന്ദ്രത്തില്‍ അരിവാള്‍ രോഗബാധിതര്‍ക്കായി നിർമിച്ച കെട്ടിടം
കൽപറ്റ: സിക്കിൾ സെൽ അനീമിയ (അരിവാൾ രോഗം) രോഗികളുടെ ക്ഷേമത്തിനായി നൂൽപുഴ ആരോഗ്യ കേന്ദ്രത്തില്‍ 1.43 കോടി ചെലവില്‍ സിക്കിള്‍ സെല്‍ കെട്ടിടം സജ്ജമായി. 2022-23 എന്‍.എച്ച്.എം ആര്.ഒ.പിയില്‍ ഉള്‍പ്പെടുത്തി നിർമിച്ച കെട്ടിടം ഈ മാസത്തോടെ തുറന്നുപ്രവര്‍ത്തിക്കും. രോഗികൾക്കായി പ്രത്യേക ക്യാമ്പുകളും ക്ഷേമപ്രവർത്തനങ്ങളുമടക്കം നടത്താനാണ് ഈ കെട്ടിടം ഉപയോഗിക്കുക.
നാഷനല്‍ സിക്കിള്‍ സെല്‍ അനീമിയ എലിമിനേഷന് മിഷന് പദ്ധതിയുടെ ഭാഗമായി ജില്ലയിലെ അരിവാള്‍ രോഗബാധിതര്‍ക്കായി മൊബൈല്‍ മെഡിക്കല്‍ ക്യാമ്പുകളും സംഘടിപ്പിക്കുന്നുണ്ട്. സി.എസ്.ആര് ഫണ്ട് ഉപയോഗിച്ച് ജില്ലക്ക് അനുവദിച്ച വാഹനം ഉപയോഗിച്ച് ദേശീയ ആരോഗ്യ ദൗത്യത്തിന്റെ നേതൃത്വത്തില്‍ ആഴ്ചയില്‍ മൂന്നു ദിവസം മൊബൈല്‍ മെഡിക്കല്‍ ക്യാമ്പ് നടത്തുന്നുണ്ട്. അരിവാള്‍ രോഗികളെ കണ്ടെത്തി അവര്‍ക്കാവശ്യമായ പോഷകാഹാരം ഉറപ്പാക്കുകയാണ് ദേശീയ ആരോഗ്യ ദൗത്യം. രണ്ട് ലക്ഷം സ്ക്രീനിങ് നടത്തുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.
ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും മാസത്തിലൊരിക്കല്‍ അരിവാള്‍ രോഗ ചികിത്സക്കായി മാനന്തവാടി ഗവ. മെഡിക്കല്‍ കോളജില്‍ എല്ലാ ദിവസവും ഒ.പിയില്‍ രോഗികള്‍ക്ക് ചികിത്സ നല്‍കുന്നുണ്ട്. കൽപറ്റ ഗവ. ജനറല്‍ ആശുപത്രി, വൈത്തിരി, സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രികള്‍, കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും രോഗികള്‍ക്ക് സൗജന്യമായി ഹൈഡ്രോക്സി യൂറിയ, ഫോളിക് ആസിഡ് മരുന്നുകള്‍ ലഭ്യമാക്കുന്നുണ്ട്. ഇവര്‍ക്കായി മാനന്തവാടി ജില്ല ആശുപത്രിയില്‍ ബ്ലഡ് എക്സ്ചേഞ്ച് ട്രാന്സ്ഫ്യൂഷന് സൗകര്യവും ഒരുക്കിയിട്ടുണ്ട്. മാനന്തവാടി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 10 കിടക്കകളോടെ പ്രവര്‍ത്തിക്കുന്ന സിക്കിള്‍ സെല്‍ അനീമിയ യൂനിറ്റില്‍ ഡോക്ടര്‍, സ്റ്റാഫ് നഴ്സ്, ഫിസിയോതെറപ്പിസ്റ്റ്, ലാബ് ടെക്നീഷന്‍, സോഷ്യല്‍ വര്‍ക്കര്‍, ഡേറ്റ എന്‍ട്രി ഓപറേറ്റര്‍ എന്നിവരുടെ സേവനവും ലഭ്യമാണ്.
അസ്ഥിരോഗ വിഭാഗത്തിന്റെ നേതൃത്വത്തില്‍ ഇടുപ്പ് മാറ്റിവെക്കല്‍ ശസ്ത്രക്രിയക്കും ഗവ. മെഡിക്കല്‍ കോളജില്‍ സൗകര്യമുണ്ട്. നിലവില്‍ ഒരു ഇടുപ്പ് മാറ്റിവെക്കല്‍ ശസ്ത്രക്രിയ ആശുപത്രിയില്‍ വിജയകരമായി നടത്തിയിട്ടുള്ളതായി അധികൃതര്‍ അറിയിച്ചു. ജില്ല പഞ്ചായത്ത് നടപ്പാക്കുന്ന പോഷകാഹാര കിറ്റ് പദ്ധതിയിലുള്‍പ്പെടുത്തി എല്ലാ മാസവും അരിവാള്‍ രോഗികള്‍ക്ക് ഭക്ഷ്യകിറ്റ് ഉറപ്പാക്കുന്നുണ്ട്.
നവജാത ശിശുക്കള്‍ക്ക് രോഗനിര്‍ണയ പരിശോധന, സാമൂഹിക നീതി വകുപ്പ് മുഖേന എല്ലാ രോഗികള്‍ക്കും യു.ഡി.ഐ.ഡി കാര്‍ഡും ലഭ്യമാക്കിയിട്ടുണ്ട്. ഉന്നതികളിലെ അരിവാള്‍ രോഗ ബാധിതര്‍ക്കായി പട്ടികവര്‍ഗ വകുപ്പ് 2500 രൂപയും അല്ലാത്തവര്‍ക്കായി കെ.എസ്.എസ്.എം മുഖേന 2000 രൂപയും പ്രതിമാസം നല്‍കിവരുന്നുണ്ട്. ഉന്നതികളിലെ 40 വയസ്സില്‍ താഴെയുള്ള എല്ലാവരിലും അരിവാള്‍ രോഗ പരിശോധന ഈ വര്‍ഷം പൂര്‍ത്തീകരിക്കും. നിലവില്‍ 2023-24 സാമ്പത്തിക വര്‍ഷം 1,07,000 ആളുകളെ സിക്കിള്‍ സെല്‍ പി.ഒ.സി ടെസ്റ്റ് മുഖേന സ്ക്രീന്‍ ചെയ്തു.
ജില്ലയിൽ 1276 അരിവാൾ രോഗികൾ
ജില്ലയിൽ നിലവിൽ 1276 അരിവാൾ (സിക്കിൾസെൽ അനീമിയ) രോഗികളാണുള്ളത്. ജനിതക കാരണങ്ങളാൽ ചുവന്ന രക്തകോശങ്ങൾക്കുണ്ടാകുന്ന അസാധാരണ രൂപമാറ്റത്താൽ സംഭവിക്കുന്ന രോഗമാണ് അരിവാൾ രോഗം അഥവാ അരിവാൾ കോശ വിളർച്ച. ജില്ലയിലെ ആകെ രോഗികളിൽ 703 സ്ത്രീകളും 576 പുരുഷന്മാരുമാണ്. രോഗകാരണം ജനിതകപരമായതിനാൽ വിവാഹത്തിന് മുമ്പുള്ള രക്തപരിശോധനയും രോഗബോധവത്കരണവും അനിവാര്യമാണെന്നും അധികൃതർ പറയുന്നു.
രോഗബാധിതർ അരിവാൾ കോശങ്ങളുടെ എണ്ണവും വേദനയും കുറക്കാൻ സഹായിക്കുന്ന ഹൈഡ്രോക്സിയൂറിയ, പുതിയ അരുണ രക്താണുക്കൾ ഉണ്ടാകാൻ സഹായിക്കുന്ന ഫോളിക് ആസിഡ് തുടങ്ങി ഡോക്ടർ നിർദേശിക്കുന്ന മരുന്നുകൾ കൃത്യമായി കഴിക്കണം. പോഷക സമൃദ്ധമായ ഭക്ഷണരീതി സ്വീകരിക്കുകയും വേണം. ധാരാളം വെള്ളം കുടിക്കുക, അമിതമായ തണുപ്പിൽനിന്നും ചൂടിൽനിന്നും ശരീരത്തെ സംരക്ഷിക്കുക, യോഗ, നടത്തം പോലുള്ള ലഘുവായ വ്യായാമങ്ങൾ ചെയ്യുക, ഇറുകിയ വസ്ത്രങ്ങൾ ധരിക്കാതിരിക്കുക തുടങ്ങിയവയും ശ്രദ്ധിക്കണം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.