ടൈപ്പ് 1, ടൈപ്പ് 2 പ്രമേഹം; ഏതാണ് കൂടുതൽ അപകടകാരി?
text_fieldsഏറ്റവും സാധാരണമായ രോഗങ്ങളിലൊന്നാണ് പ്രമേഹം. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്ന ഇൻസുലിൻ ഹോർമോൺ വേണ്ടത്ര ഉത്പാദിപ്പിക്കാതിരിക്കുകയോ, അല്ലെങ്കിൽ ശരീരത്തിന് ഇൻസുലിൻ ശരിയായ രീതിയിൽ ഉപയോഗിക്കാൻ കഴിയാതെ വരികയോ ചെയ്യുന്ന അവസ്ഥയാണിത്. പ്രമേഹം നിയന്ത്രിച്ചില്ലെങ്കിൽ ഹൃദയാഘാതം, പക്ഷാഘാതം പോലുള്ള ഗുരുതരമായ സങ്കീർണതകൾക്ക് കാരണമാകും. പ്രമേഹം പ്രധാനമായും രണ്ട് തരത്തിലുണ്ട്. ടൈപ്പ് 1, ടൈപ്പ് 2. ഇവ രണ്ടും ഒരുപോലെ ഗുരുതരമാണ്. ശരിയായ ചികിത്സ നൽകിയില്ലെങ്കിൽ ജീവൻ അപകടപ്പെടുത്തുന്ന സങ്കീർണതകൾക്ക് കാരണമാവുകയും ചെയ്യും. എന്നിരുന്നാലും, അപകടങ്ങളുടെ സ്വഭാവത്തിലും അവ സംഭവിക്കുന്ന സമയത്തിലും വ്യത്യാസമുണ്ട്.
ടൈപ്പ് 1 പ്രമേഹം
പാൻക്രിയാസിലെ ഇൻസുലിൻ ഉത്പാദിപ്പിക്കുന്ന കോശങ്ങളെ ശരീരത്തിന്റെ പ്രതിരോധ സംവിധാനം തന്നെ നശിപ്പിക്കുന്ന അവസ്ഥയാണിത്. സാധാരണയായി കുട്ടികളിലും ചെറുപ്പക്കാരിലുമാണ് ഇത് കണ്ടുവരുന്നത്. ഈ അവസ്ഥയിൽ ഇൻസുലിൻ കുത്തിവെപ്പുകൾ ജീവിതാവസാനം വരെ ആവശ്യമായി വരും. ഹ്രസ്വകാലാടിസ്ഥാനത്തിൽ ഇത് കൂടുതൽ അപകടകരമാണ്. ഇൻസുലിൻ ഇല്ലാതെ രക്തത്തിലെ പഞ്ചസാര അതിവേഗം ഉയരുകയും ഡയബറ്റിക് കീറ്റോ അസിഡോസിസ് (DKA) എന്ന ഗുരുതരമായ അവസ്ഥയിലേക്ക് നയിക്കുകയും ചെയ്യാം. ഇത് കോമയിലാവുകയോ മരണത്തിലേക്കോ നയിച്ചേക്കാം.
ഇൻസുലിൻ തീരെ ഇല്ലാത്തതിനാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് അതിവേഗം ഉയരുകയും, ശരീരം ഊർജ്ജത്തിനായി കൊഴുപ്പിനെ ആശ്രയിക്കുകയും ചെയ്യുന്നു. ഇതാണ് ഡയബറ്റിക് കീറ്റോഅസിഡോസിസ് എന്ന ഗുരുതരമായ അവസ്ഥയിലേക്ക് നയിക്കുന്നത്. ഇത് കോമ, മരണം എന്നിവക്ക് വരെ കാരണമാവുന്ന ഒരു മെഡിക്കൽ എമർജൻസിയാണ്. ടൈപ്പ് 1 പ്രമേഹം നിർണയിക്കപ്പെടുന്നതിന് മുമ്പോ അല്ലെങ്കിൽ ഇൻസുലിൻ കുത്തിവെപ്പ് മുടങ്ങിയാലോ ആണ് ഇത് സാധാരണയായി സംഭവിക്കുന്നത്.
ടൈപ്പ് 2 പ്രമേഹം
ശരീരത്തിന് ഇൻസുലിൻ ശരിയായ രീതിയിൽ ഉപയോഗിക്കാൻ കഴിയാതെ വരുന്ന അവസ്ഥയാണിത്. പതുക്കെ പതുക്കെ ഇൻസുലിൻ ഉത്പാദനം കുറയുകയും ചെയ്യും. ഇത് സാധാരണയായി മുതിർന്നവരിലാണ് കാണുന്നത്. തെറ്റായ ഭക്ഷണരീതി, വ്യായാമമില്ലായ്മ, അമിതവണ്ണം, ജനിതകപരമായ കാരണങ്ങൾ എന്നിവ ഈ രോഗത്തിന് കാരണമാകാറുണ്ട്. ഭക്ഷണക്രമീകരണത്തിലൂടെയും മരുന്നുകളിലൂടെയും ഇത് നിയന്ത്രിക്കാൻ സാധിക്കും.
നിയന്ത്രിക്കാതെ വന്നാൽ, ഇത് ദീർഘകാലാടിസ്ഥാനത്തിൽ ഗുരുതരമായ സങ്കീർണതകൾക്ക് കാരണമാകും. ഹൃദ്രോഗം, പക്ഷാഘാതം, വൃക്ക തകരാർ, കാഴ്ച മങ്ങൽ, നാഡീരോഗം എന്നിവ ഇതിൽ ഉൾപ്പെടുന്നു. ടൈപ്പ് 2 പ്രമേഹം വളരെ സാവധാനമാണ് വികസിക്കുന്നത്. ഉയർന്ന രക്തത്തിലെ പഞ്ചസാരയുടെ അളവ് വർഷങ്ങളോളം തുടരുമ്പോൾ, അത് ശരീരത്തിലെ പ്രധാനപ്പെട്ട അവയവങ്ങൾക്കും രക്തക്കുഴലുകൾക്കും നാഡികൾക്കും കേടുവരുത്തുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

