ഉറക്കമില്ലായ്മ കണ്ണിനടിയിലെ കറുത്ത പാടുകൾക്ക് മാത്രമല്ല കാഴ്ചക്കുറവിനും കാരണമാകും, എങ്ങനെ?
text_fieldsഉറക്കം ചില്ലറക്കാരനല്ല. ഒരുപാട് ശാരീരിക മാറ്റങ്ങൾക്ക് കാരണമാകുന്ന ഒന്നാണ്. നമ്മൾ അത്ര ഗൗരവത്തിലെടുക്കാത്ത ഉറക്കത്തിന് ശാരീരിക ആരോഗ്യത്തെയും അവയവയങ്ങളുടെ പ്രവർത്തനങ്ങളെയും സ്വാധീനിക്കാനുള്ള ശേഷിയുണ്ട്. ഒരു രാത്രി ഉറങ്ങാതിരുന്നാൽ തന്നെ വലിയ ശാരീരിക മാറ്റങ്ങൾ ഉണ്ടാക്കും.
ഒന്ന് വെളിച്ചം കെടുത്തി പുതപ്പിനുള്ളിൽ കണ്ണടച്ച് കിടക്കുമ്പോൾ കിട്ടുന്ന ആ സുഖ നിദ്രക്ക് ശരീരത്തിൽ വലിയ മാറ്റം കൊണ്ടു വരാൻ സാധിക്കുമെന്നാണ് പറയുന്നത്. ശരീര ഭാരം നിയന്ത്രിക്കൽ, തലച്ചോറിനെ ശുദ്ധീകരിക്കൽ, ശരീരത്തെ ഡീടോക്സിഫിക്കേഷൻ ചെയ്യൽ എന്നത് മാത്രമല്ല ഉറക്കം ശരീരത്തിന് വേണ്ടി ചെയ്യുന്നത്. കണ്ണുകളുടെ ആരോഗ്യത്തിലും അവ സ്വാധീനം ചെലുത്തുന്നുണ്ട്.
ഉറക്കം കുറഞ്ഞാൽ കണ്ണുകൾ കലങ്ങി ചുവപ്പ് നിറമാകാനും ക്ഷീണം അനുഭവപ്പെടാനും കാരണമാകും. ഒരുപക്ഷേ ഇത് കണ്ണിനെ ബാധിക്കുന്ന മറ്റുപല പ്രശ്നങ്ങളുടെയും സൂചനയാകുമെന്ന് ആരോഗ്യ വിഗഗ്ദർ പറയുന്നു. തുടർച്ചയായി ഉറക്കമൊഴിയുന്നത് മെറ്റബോളിസത്തെ മാത്രമല്ല കണ്ണിനെയും ബാധിക്കും.
പലരും കരുതുന്നത് ഉറക്കം തലച്ചോറിനും ശരീരത്തിനും മാത്രം അനിവാര്യമായ ഒന്നാണെന്നാണ്. എന്നാൽ കണ്ണുകളുടെ ആരോഗ്യത്തിനും ഇത് ആവശ്യമാണെന്നാണ് ഒഫ്താൽമോളജിസ്റ്റ് ഡോ. മുസ്തഫ പരേഖ് പറയുന്നത്. ഉറക്കം കണ്ണിന് ഭക്ഷണം പോലെയാണെന്നാണ് അദ്ദേഹം പറയുന്നു. ഉറങ്ങുന്ന സമയത്ത് കോർണിയ കണ്ണീർ ദ്രാവകത്തിൽ മുങ്ങുകയും ഇതുവഴി ഇതിന് ആവശ്യമായ ഓക്സിജനും മറ്റ് പോഷകങ്ങളും ലഭിക്കുകയും ചെയ്യും. ആറു മുതൽ ഏഴു മണിക്കൂർ വരെ ഉറക്കമാണ് സാധാരണയായി നിർദേശിക്കുന്നത്. എന്നാൽ തുടർച്ചയായ 4 മണിക്കൂർ ഉറക്കമാണ് കണ്ണിന്‍റെ ആരോഗ്യത്തിന് വേണ്ടത്.
ഉറക്ക കുറവുള്ളവരിൽ കോർണിയയുടെ ഉപരിതലത്തിൽ പൊട്ടലും വേദനയും ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ഡോക്ടർമാർ പറയുന്നു. ഉറക്കത്തിൽ നിന്ന് എഴുന്നേൽക്കുമ്പോൾ കണ്ണിൽ പുകച്ചിലോ വെളിച്ചം തട്ടുമ്പോൾ ബുദ്ധിമുട്ടോ ഉണ്ടാകുന്നുണ്ടെങ്കിൽ അവ അവഗണിക്കാൻ പാടില്ലെന്നും കോർണിയൽ അൾസർ പോലുള്ള അസുഖങ്ങൾക്ക് കാരണമാകുമെന്നും അദ്ദേഹം പറയുന്നു. ഇത്തരം പ്രശ്നങ്ങൾക്ക് ലൂബ്രിക്കന്‍റുകൾ ഉപയോഗിക്കാമെങ്കിലും നിശ്ചിത സമയം കൃത്യമായി ഉറങ്ങുകയെന്നതാണ് ഏക പരിഹാരം എന്ന് ഡോക്ടർ നിർദേശിക്കുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.