Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightHealth Articlechevron_rightപക്ഷാഘാതം: ഓരോ...

പക്ഷാഘാതം: ഓരോ നിമിഷവും വിലപ്പെട്ടതാണ് - അസാധാരണ ലക്ഷണങ്ങൾ തിരിച്ചറിയുക, അതിജീവിക്കുക!

text_fields
bookmark_border
stroke
cancel

പക്ഷാഘാതം അഥവാ സ്ട്രോക്ക് എന്നത് നമ്മുടെ തലച്ചോറിലേക്കുള്ള രക്തയോട്ടം നിലക്കുന്നതുമൂലം സംഭവിക്കുന്ന അതീവ ഗുരുതരമായ ഒരു മസ്തിഷ്കാഘാതമാണ്. ലോകത്ത് ഓരോ 3 സെക്കൻഡിലും ഒരാൾക്ക് പക്ഷാഘാതം സംഭവിക്കുന്നുണ്ടെന്നും, 24 വയസ്സിന് മുകളിലുള്ള നാലിൽ ഒരാൾക്ക് ജീവിതത്തിൽ ഒരിക്കലെങ്കിലും ഇത് വരാൻ സാധ്യതയുണ്ടെന്നുമുള്ള കണക്കുകൾ ഇതിന്റെ ഗൗരവം വ്യക്തമാക്കുന്നു. ഈ കണക്കുകൾ ഭയപ്പെടുത്തുന്നതാണെങ്കിലും കൃത്യസമയത്ത് ലക്ഷണങ്ങൾ തിരിച്ചറിഞ്ഞ് ചികിത്സ തേടാനായാൽ പക്ഷാഘാതത്തെ അതിജീവിക്കാൻ സാധിക്കും. കാരണം ഈ രോഗത്തെ സംബന്ധിച്ചിടത്തോളം സമയമാണ് ഏറ്റവും വലിയ ജീവൻ രക്ഷാ മാർഗം.

സ്ട്രോക്കുകൾ പ്രധാനമായും രണ്ട് തരത്തിലുണ്ട്:

ഇസ്കെമിക് സ്ട്രോക്ക് (Ischemic Stroke - 70-80%): രക്തക്കുഴലുകളിൽ ബ്ലോക്ക് ഉണ്ടാകുന്നതു കാരണം രക്തപ്രവാഹം കുറയുന്നത്.

ഹെമറാജിക് സ്ട്രോക്ക് (Hemorrhagic Stroke - 20%): മസ്തിഷ്കത്തിലെ രക്തക്കുഴലുകൾ പൊട്ടി രക്തസ്രാവം ഉണ്ടാകുന്നത്.

ട്രാൻസിയന്റ് ഇസ്കെമിക് അറ്റാക്ക് (TIA)

വലിയൊരു സ്ട്രോക്ക് വരുന്നതിന് മുമ്പ് ശരീരം നൽകുന്ന അവസാനത്തെ മുന്നറിയിപ്പാണ് TIA. താത്കാലികമായി രക്തയോട്ടം കുറയുന്ന ഈ അവസ്ഥയിൽ കൈകാലുകൾക്ക് തളർച്ച, മരവിപ്പ്, സംസാരത്തിന് നേരിയ ബുദ്ധിമുട്ട് എന്നിവ അൽപനേരം നീണ്ടുനിൽക്കാം. ഈ ചെറിയ ലക്ഷണങ്ങൾ പലരും നിസ്സാരമായി കാണുന്നതാണ് വലിയ ദുരന്തത്തിലേക്ക് വഴിതെളിക്കുന്നത്. TIA കണ്ട ഉടനെ ചികിത്സ തേടിയാൽ ഭാവിയിൽ വരാനിടയുള്ള വലിയ സ്ട്രോക്ക് ഒഴിവാക്കാം.

അവഗണിക്കാൻ പാടില്ലാത്ത അസാധാരണ ലക്ഷണങ്ങൾ

പരിചയമുള്ള ലക്ഷണങ്ങൾ കൂടാതെ സ്ട്രോക്കിന്റെ സൂചനയായി വരാവുന്ന ചില അസാധാരണമായ ലക്ഷണങ്ങൾ ഇവയാണ്. ഇവ കണ്ടാൽ ഉടൻ തന്നെ വൈദ്യസഹായം തേടണം.

  • നിൽക്കുമ്പോഴോ നടക്കുമ്പോഴോ പെട്ടെന്ന് ശരീരത്തിന് ബാലൻസ് കിട്ടാതെ വരിക.
  • ഒരു കാരണവുമില്ലാതെ ഭയങ്കരമായ കഠിനമായ തലവേദന (Thunderclap Headache) ഉണ്ടാവുക. ഇത് പലപ്പോഴും ഹെമറാജിക് സ്ട്രോക്കിന്റെ ലക്ഷണമാകാം.
  • അപ്രതീക്ഷിതമായ വിക്ക്/സംസാരത്തിലെ അവ്യക്തത: വാക്കുകൾ ഉച്ചരിക്കാൻ പെട്ടെന്ന് ബുദ്ധിമുട്ട് അനുഭവപ്പെടുക.
  • ഒരു ഭാഗത്തെ ആശയക്കുഴപ്പം : ശരീരത്തിന്റെ ഒരു ഭാഗം ഇല്ല എന്ന് തോന്നുകയോ, ആ ഭാഗത്തെ വസ്ത്രധാരണം, വൃത്തിയാക്കൽ എന്നിവ ശ്രദ്ധിക്കാതെ പോവുകയോ ചെയ്യുക.
  • പെരുമാറ്റത്തിലെ മാറ്റം: പ്രത്യേകിച്ച് പ്രായമായവരിൽ, പെട്ടെന്നുണ്ടാകുന്ന അകാരണമായ ദേഷ്യം, അമിതമായ ഉറക്കം, അല്ലെങ്കിൽ കടുത്ത ആശയക്കുഴപ്പം.
  • ശരീരം മുഴുവൻ പെട്ടെന്ന് മരവിപ്പ്, തരിപ്പ്, അല്ലെങ്കിൽ വേദന അനുഭവപ്പെടുക.
  • വഴങ്ങാത്ത കഴുത്ത് : കടുത്ത തലവേദനക്കൊപ്പം കഴുത്ത് വഴങ്ങാതെ വരുന്നത്.

പെട്ടെന്നുള്ള പ്രതികരണവും അടിയന്തര പരിചരണവും

സ്ട്രോക്ക് ചികിത്സയിൽ ഏറ്റവും നിർണായകമായ ഘടകം സമയമാണ്. സ്ട്രോക്ക് എന്ന അവസ്ഥ മൂലം തലച്ചോറിന്റെ കോശങ്ങൾ ഓരോ മിനിറ്റിലും നശിച്ചുകൊണ്ടിരിക്കും . അതിനാൽ സ്ട്രോക്കിന്റെ ലക്ഷണങ്ങൾ തിരിച്ചറിയാനും വേഗത്തിൽ പ്രതികരിക്കാനും BE FAST രീതി ഉപയോഗിക്കാം:

B - ബാലൻസ് (Balance): പെട്ടെന്നുണ്ടാകുന്ന ബാലൻസ് നഷ്ടപ്പെടൽ, തലകറക്കം.

E - കണ്ണ് (Eyes): പെട്ടെന്നുണ്ടാകുന്ന കാഴ്ചമങ്ങൽ, അല്ലെങ്കിൽ രണ്ടായി കാണുക.

F - മുഖം (Face): മുഖം ഒരു വശത്തേക്ക് കോടിപ്പോവുക.

A - കൈ (Arms): ഒരു കൈക്കോ കാലിനോ ബലക്കുറവ്/തളർച്ച.

S - സംസാരം (Speech): സംസാരത്തിൽ വ്യക്തത കുറവ് അല്ലെങ്കിൽ സംസാരിക്കാൻ കഴിയാതെ വരിക.

T - സമയം (TIME): ഒരു നിമിഷം പോലും കളയാതെ ഉടൻ ആംബുലൻസ് വിളിച്ച് വിദഗ്ദ്ധ ചികിത്സക്ക് എത്തിക്കുക.

നിർണ്ണായക ചികിത്സാ മാർഗ്ഗങ്ങൾ

സ്ട്രോക്ക് സംഭവിച്ചാൽ കൃത്യസമയത്ത് നൽകുന്ന ചികിത്സ തലച്ചോറിനുണ്ടാകുന്ന നാശനഷ്ടങ്ങൾ കുറക്കാൻ സഹായിക്കും. ന്യൂറോളജിസ്റ്റ് ലഭ്യമായ, 24 മണിക്കൂറും പ്രവർത്തിക്കുന്ന CT/MRI സ്കാൻ സൗകര്യങ്ങളുള്ള ആശുപത്രികളിൽ രോഗിയെ എത്തിക്കാൻ ശ്രമിക്കുക.

ക്ലോട്ട് ബസ്റ്റർ ഇഞ്ചക്ഷൻ : ഇസ്കെമിക് സ്ട്രോക്ക് സംഭവിച്ച് നാലര മണിക്കൂറിനുള്ളിൽ ഈ മരുന്ന് നൽകിയാൽ രക്തക്കട്ടകളെ അലിയിപ്പിച്ച് രക്തയോട്ടം പുനസ്ഥാപിക്കാൻ സാധിക്കും. ഈ സമയപരിധി കഴിഞ്ഞാൽ ഇഞ്ചക്ഷൻ ഫലപ്രദമല്ലാതാകും.

മെക്കാനിക്കൽ ത്രോംബെക്ടമി : വലിയ രക്തക്കട്ടകൾ നീക്കം ചെയ്യുന്നതിനായി, കത്തീറ്റർ ഉപയോഗിച്ച് തലച്ചോറിലെ രക്തക്കുഴലിൽ നിന്ന് രക്തകട്ട നീക്കം ചെയ്യുന്ന നൂതന ചികിത്സാ രീതിയാണിത്. ഇത് സാധാരണയായി ആറ് മണിക്കൂറിനുള്ളിൽ ചെയ്യേണ്ടതാണ്. (ചില പ്രത്യേക സാഹചര്യങ്ങളിൽ 24 മണിക്കൂറുകൾ വരെ ഇത് വിജയകരമായി ചെയ്യാൻ സാധിക്കും.)

പ്രതിരോധമാണ് ഏറ്റവും നല്ല ചികിത്സ

സ്ട്രോക്കിന്റെ സാധ്യത കുറക്കാൻ ജീവിതശൈലിയിൽ മാറ്റങ്ങൾ വരുത്തേണ്ടത് അത്യാവശ്യമാണ്.

അപകട ഘടകങ്ങൾ നിയന്ത്രിക്കുക: രക്തസമ്മർദ്ദം (BP), പ്രമേഹം, ഉയർന്ന കൊളസ്ട്രോൾ എന്നിവ കൃത്യമായി നിയന്ത്രിക്കുക. ഉയർന്ന രക്തസമ്മർദ്ദം രക്തക്കുഴലുകൾ പൊട്ടാൻ കാരണമായേക്കാം.

പുകവലി, മദ്യപാനം ഒഴിവാക്കുക: പുകവലി നിക്കോട്ടിന്റെ അളവ് വർദ്ധിപ്പിച്ച് സ്ട്രോക്ക് സാധ്യത വളരെയധികം കൂട്ടുന്നു.

ചിട്ടയായ വ്യായാമം: ദിവസവും കുറഞ്ഞത് 30 മിനിറ്റെങ്കിലും നടക്കുന്നത് ശീലമാക്കുക. ശാരീരിക വ്യായാമമില്ലായ്മ രക്തക്കുഴലുകളിൽ കൊഴുപ്പടിയാൻ കാരണമാകും.

ആരോഗ്യകരമായ ഭക്ഷണം: പഴങ്ങളും പച്ചക്കറികളും ധാരാളമായി ഉൾപ്പെടുത്തുക.

സമ്മർദം അകറ്റി നിർത്തുക: അമിതമായ മാനസിക സമ്മർദം ബി.പി കൂട്ടാനും അത് സ്ട്രോക്കിന് കാരണമാവാനും സാധ്യതയുണ്ട്.

സ്ട്രോക്ക് എന്നത് തടയാൻ കഴിയുന്ന ഒരവസ്ഥയാണ്. അതിന്റെ ലക്ഷണങ്ങളെക്കുറിച്ച് ബോധവാന്മാരായിരിക്കുക. പ്രത്യേകിച്ച് അപൂർവ്വമായി കാണുന്ന ലക്ഷണങ്ങളെ അവഗണിക്കാതെ, സമയബന്ധിതമായ ചികിത്സ ഉറപ്പാക്കുക, ഒരു ജീവിതം രക്ഷിക്കാൻ നിങ്ങളെ സഹായിക്കും.


തയ്യാറാക്കിയത്- ഡോ: ജോസഫ് ഷിബു

(കൺസൾട്ടന്റ്, അപ്പോളോ അഡ്‌ലക്സ് ഹോസ്പിറ്റൽ, അങ്കമാലി)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:strokeSymptoms
News Summary - Stroke: Every moment is precious, recognize unusual symptoms and survive!
Next Story