ലൈറ്റിട്ട് ഉറങ്ങല്ലേ... വെളിച്ചത്തിലെ ഉറക്കം ആരോഗ്യത്തിന് ഹാനികരമെന്ന് പഠനം
text_fieldsരാത്രിയിലും വെളിച്ചത്തിൽ ഉറങ്ങുന്നവർ നമുക്ക് ചുറ്റിലുമുണ്ട്. അതൊരു പക്ഷെ റൂമിലെ നൈറ്റ് ലാമ്പ് ആവാം അല്ലെങ്കിൽ അടുത്ത വീട്ടിലെയോ തെരുവ് വിളക്കിന്‍റെയോ വെളിച്ചമാവാം. പ്രത്യക്ഷത്തിൽ ഈ വെളിച്ചത്തിലുള്ള ഉറക്കം കുഴപ്പമൊന്നും ഉണ്ടാക്കുന്നില്ലെന്ന് തോന്നുമെങ്കിലും അൽഷിമേഴ്സിന് വരെ കാരണമായേക്കാവുന്ന
അതിലെ മറഞ്ഞിരിക്കുന്ന അപകടം തുറന്നുകാട്ടിയിരിക്കുകയാണ് ഹാർവാർഡ് സർവ്വകലാശാലയിലെ ശാസ്ത്രജ്ഞർ. മങ്ങിയ വെളിച്ചത്തിൽ പോലും ഉറങ്ങുന്നത് തലച്ചോറിന് സമ്മർദ്ദം സൃഷ്ടിക്കും. ഇത് രക്തക്കുഴലുകളിലെ വീക്കത്തിനും കാലക്രമേണ ഗുരുതര ഹൃദ്രോഗങ്ങൾക്കും കാരണമാകുന്നു. മാത്രമല്ല തലച്ചോറിന്‍റെ ആരോഗ്യത്തെയും ഗുണനിലവാരമുള്ള ഉറക്കത്തെയും തകരാറിലാക്കുന്നത് വഴി അൽഷിമേഴ്സ് പോലുള്ള രോഗങ്ങൾക്കും വഴിവെക്കുന്നു.
466 മുതിർന്നവരിൽ പത്ത് വർഷങ്ങളോളം നടത്തിയ പഠനത്തിൽ നിന്നാണ് കണ്ടെത്തൽ. പ്രകാശ മലിനീകരണം പൊതുജനാരോഗ്യത്തന് വെല്ലുവിളിയാണ്. ലോകത്തെമ്പാടും പ്രകാശ മലിനീകരണം വ്യാപകമാണെങ്കിലും ഹൃദയാരോഗ്യത്തിന് ഭീഷണിയാണെന്ന കണ്ടെത്തൽ ഇതാദ്യമായാണെന്ന് ഹാർവാർഡ് മെഡിക്കൽ സ്കൂളിലെ ഡോ. ഷാഡി അബോഹാഷെം പറയുന്നു. ഇത് വളരെ അപൂർവമായി മാത്രമേ ചർച്ച ചെയ്യപ്പെടുന്നുള്ളൂ.
രാത്രികാല വെളിച്ചം, ശബ്ദ മലിനീകരണം, വായു മലിനീകരണം തുടങ്ങിയ പാരിസ്ഥിതിക പ്രശ്നങ്ങളുടെ പ്രത്യാഘാതങ്ങളും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. ശരീരത്തിന്‍റെ ജൈവശാസ്ത്ര ക്ലോക്കായ സർക്കാഡിയൻ റിഥം തകരാറിലാവുന്നത് ഉറക്കമില്ലായ്മ, ഹോർമോൺ അസുന്തലിതാവസ്ഥ, ഉറക്കക്കുറവ്, വൈജ്ഞാനിക ശേഷി നഷ്ടപ്പെടൽ എന്നിവയ്ക്ക് കാരണമാകുന്നു. അതിനാൽ ഉറങ്ങുന്ന സമയങ്ങളിൽ നിങ്ങളുടെ കിടപ്പുമുറി കഴിയുന്നത്ര ഇരുട്ടാക്കാൻ വിദഗ്ദ്ധർ ശുപാർശ ചെയ്യുന്നു. ഇതിനായി താഴെ പറയുന്ന മാർഗങ്ങൾ പരീക്ഷിക്കാം.
- തെരുവുവിളക്കിന്‍റെ വെളിച്ചവും പുറത്തെ മലിനീകരണവും തടയാൻ ഇരുണ്ടതും കട്ടിയുള്ളതുമായ കർട്ടനുകൾ ഉപയോഗിക്കുക.
- ഉറങ്ങുന്നതിന് മുമ്പ് ഫോൺ, ടി.വി സ്‌ക്രീനുകൾ ഒഴിവാക്കുക.
- അനാവശ്യമായ നൈറ്റ് ലാമ്പുകൾ ഓഫ് ചെയ്യുക.
- ബാഹ്യ വെളിച്ചം നിയന്ത്രിക്കാൻ കഴിയുന്നില്ലെങ്കിൽ ഒരു സ്ലീപ്പ് മാസ്ക് ഉപയോഗിക്കുക.
- വെള്ള, നീല ലൈറ്റുകൾക്ക് പകരം ചൂടുള്ളതും മങ്ങിയതുമായ ലൈറ്റിംഗ് തിരഞ്ഞെടുക്കുക.
- വീടുകൾക്ക് ചുറ്റും മോഷൻ-സെൻസർ ലൈറ്റുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക.
- അമിതമായ തെരുവ് വിളക്കുകൾ കുറയ്ക്കുന്നതിനായി സാമൂഹിക കൂട്ടായ്മകളുമായി ചേർന്ന് പ്രവർത്തിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

