ഇന്ന് ലോക ഹൃദയദിനം; എന്തുകൊണ്ട് ഹൃദയദിനം ആചരിക്കുന്നു?
text_fieldsഡോ. മധു ശ്രീധരൻ
ഹൃദ്രോഗത്തെക്കുറിച്ച് (CVD) അവബോധം സൃഷ്ടിക്കുന്നതിനായി എല്ലാ വർഷവും സെപ്റ്റംബർ 29നാണ് ലോക ഹൃദ്രോഗ ദിനം ആചരിക്കുന്നത്. ഹൃദയാഘാതവും പക്ഷാഘാതവും ഉൾപ്പെടെയുള്ള ഹൃദ്രോഗങ്ങൾ മൂലം പ്രതിവർഷം 2 കോടിയിലധികം ആളുകൾ മരണപ്പെടുന്നു. ആഗോളതലത്തിലുള്ള മരണങ്ങളിൽ മൂന്നിലൊന്ന് ഭാഗവും ഹൃദ്രോഗം മൂലമാണ് സംഭവിക്കുന്നത്. ഇത് കാൻസർ, ടി.ബി, എയ്ഡ്സ് തുടങ്ങിയവയെല്ലാം ചേർന്നുള്ളതിനേക്കാൾ കൂടുതലാണ്. നമ്മുടെ ജീവിതശൈലിയിൽ വരുത്തുന്ന ചെറിയ മാറ്റങ്ങളിലൂടെ ഈ മരണങ്ങളിൽ ഭൂരിഭാഗവും തടയാൻ സാധിക്കും. എന്നിട്ടും അവയെ നാം അവഗണിക്കുന്നു.
2026ലെ ലോക ഹൃദ്രോഗ ദിനത്തിന്റെ പ്രമേയം എന്താണ്?
'ഒരു ഹൃദയതാളം പോലും പാഴാക്കരുത് - ഹൃദ്രോഗം കൺമുന്നിൽ തന്നെ ഒളിച്ചിരിക്കാം' (DON'T MISS A BEAT - HEART DISEASE CAN HIDE IN PLAIN SIGHT) എന്നതാണ് ഈ വർഷത്തെ പ്രമേയം. ഹൃദ്രോഗത്തോടെ ജനിക്കുന്ന കുഞ്ഞുങ്ങളിൽ 50% പേർക്കും ജനനസമയത്ത് രോഗനിർണയം നടത്താനാകാറില്ല. ഹൃദയാഘാതമോ പക്ഷാഘാതമോ ഉണ്ടാകുന്ന സമയത്ത് കണ്ടെത്തുന്നതുവരെ ഉയർന്ന രക്തസമ്മർദ്ദത്തിന് (High BP) ലക്ഷണങ്ങൾ ഒന്നും ഉണ്ടാകണമെന്നില്ല. ഹൃദ്രോഗം മൂലം 20% ആളുകൾ അകാലമരണത്തിന് ഇരയാകുന്നു. അതിനാൽ, ലക്ഷണങ്ങൾ തിരിച്ചറിയാനും നമ്മുടെ ഹൃദയത്തെ സംരക്ഷിക്കാനും, ഹൃദ്രോഗത്തെ നേരിടാൻ ദേശീയതലത്തിലുള്ള ഒരു പദ്ധതി ആവശ്യപ്പെടാനും ഈ വർഷം നമ്മെ ഓർമ്മിപ്പിക്കുന്നു.
'ലക്ഷണങ്ങൾ തിരിച്ചറിയുക' എന്നാൽ എന്താണ് അർത്ഥമാക്കുന്നത്?
നമ്മുടെ ശരീരം നൽകുന്ന സൂചനകൾ ശ്രദ്ധിക്കുകയും അവഗണിക്കരുതാത്ത ലക്ഷണങ്ങൾ തിരിച്ചറിയുകയും ചെയ്യുക എന്നാണ് ഇതിലൂടെ അർത്ഥമാക്കുന്നത്. പെട്ടന്നുള്ള ക്ഷീണം, ശ്വാസതടസ്സം, ആയാസപ്പെടുമ്പോൾ നെഞ്ചിൽ അസ്വസ്ഥത, താടിയെല്ലിലെ വേദന, ആഹാരത്തിന് ശേഷം നടക്കുമ്പോൾ അസ്വസ്ഥത എന്നിവ ഗൗരവമായി എടുക്കുകയും ഒരു ഡോക്ടറെ കാണുകയും വേണം.
ഹൃദ്രോഗത്തിനുള്ള അപകട സാധ്യത എന്തൊക്കെയാണ് ?
- പുകവലി: ഹൃദ്രോഗം വരുന്നതിന് ഏറ്റവും പ്രധാനപ്പെട്ട കാരണം പുകവലിയാണ്.
- നിശബ്ദ കൊലയാളികൾ: പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം, ഉയർന്ന കൊളസ്ട്രോൾ എന്നിവ നിശബ്ദ കൊലയാളികളാണ്. പരിശോധിച്ചാൽ മാത്രമേ ഇവ ഉണ്ടോ എന്ന് അറിയാൻ കഴിയൂ. ഇവ പൂർണ്ണമായി ഭേദമാക്കാൻ കഴിയില്ല, നിയന്ത്രിച്ചു നിർത്താൻ മാത്രമേ സാധിക്കൂ. ഹൃദയാഘാതമോ പക്ഷാഘാതമോ ഉണ്ടാകില്ലെന്ന് ഉറപ്പാക്കാൻ ഡോക്ടറുടെ നിർദ്ദേശപ്രകാരം മരുന്നുകൾ കൃത്യമായും ജീവിതകാലം മുഴുവൻ കഴിക്കേണ്ടതാണ്.
- മലിനീകരണം: അന്തരീക്ഷ മലിനീകരണം പ്രതിവർഷം ഏഴ് ദശലക്ഷത്തിലധികം ആളുകളുടെ ജീവനെടുക്കുന്നു.
- മാനസികാരോഗ്യം: നിലവിലെ കടുത്ത സമ്മർദ്ദം നിറഞ്ഞ ലോകത്ത് മാനസികാരോഗ്യവും ഹൃദ്രോഗത്തിന് കാരണമാകുന്ന മറ്റൊരു പ്രധാന ഘടകമാണ്.
ഹൃദ്രോഗം എങ്ങനെ തടയാം?
'ചികിത്സയേക്കാൾ നല്ലത് പ്രതിരോധമാണ്'. ഹൃദ്രോഗം തടയാനായി നമ്മളിൽ ഓരോരുത്തരും ചെയ്യേണ്ട അഞ്ച് കാര്യങ്ങൾ താഴെ പറയുന്നവയാണ്:
- സമീകൃത ആഹാരം: കാർബോഹൈഡ്രേറ്റ് കുറക്കുക, വറുത്ത ഭക്ഷണങ്ങളോ മധുരപലഹാരങ്ങളോ കഴിക്കാതിരിക്കുക.
- കൃത്യമായ വ്യായാമം: ആഴ്ചയിൽ അഞ്ച് ദിവസം, ദിവസവും കുറഞ്ഞത് 30 മുതൽ 45 മിനിറ്റ് വരെ വ്യായാമം ചെയ്യുക.
- ശരിയായ ഭാരം: അനുയോജ്യമായ ഭാരം നിലനിർത്തുക, അമിതവണ്ണം അപകടകരമാണ്.
- ശീലങ്ങൾ: പുകയില ഉപേക്ഷിക്കുകയും മദ്യപാനം മിതമായ അളവിലാക്കുകയും ചെയ്യുക.
- നിയന്ത്രണം: രക്തസമ്മർദ്ദം, പ്രമേഹം, കൊളസ്ട്രോൾ എന്നിവ നിയന്ത്രണ വിധേയമായി സൂക്ഷിക്കുക. ഒപ്പം മതിയായ ഉറക്കം ലഭിക്കുകയും മാനസിക സമ്മർദ്ദം ഒഴിവാക്കുകയും ചെയ്യുക.
എനിക്ക് ഹൃദയാഘാതം ഉണ്ടായാൽ ഞാൻ എന്തുചെയ്യണം?
ഉടൻ തന്നെ നടപടിയെടുക്കുക. ഓരോ മിന്നിട്ടും പ്രധാനമാണ്. പെട്ടെന്നുണ്ടാകുന്ന കഠിനമായ നെഞ്ചിലെ അസ്വസ്ഥത ഹൃദയാഘാതത്തിന്റെ ലക്ഷണമായി കണക്കാക്കണം. പ്രത്യേകിച്ചും പ്രായമായവരിലോ പ്രമേഹമുള്ളവരിലോ ഇത് 'വേദന' എന്നതിലുപരി നെഞ്ചിൽ ഭാരമുള്ളതായിട്ടോ, ശ്വാസതടസ്സമായിട്ടോ, വിയർപ്പായിട്ടോ ആണ് അനുഭവപ്പെടുക. കഴിയുന്നത്ര വേഗം ആശുപത്രിയിൽ എത്തണം. വൈകിയാൽ ഹൃദയപേശികൾക്ക് മാറ്റാനാകാത്ത തരത്തിലുള്ള തകരാറുകൾ സംഭവിക്കും. അടഞ്ഞുപോയ രക്തക്കുഴലുകൾ തുറക്കുന്നതിനുള്ള ആ സമയത്തെ ആഞ്ചിയോപ്ലാസ്റ്റി (Primary Angioplasty) ആണ് ഇതിൽ പ്രധാനം. ഇത് എല്ലാ മെഡിക്കൽ ചികിത്സാ നടപടികളിലും വെച്ച് ജീവൻ രക്ഷിക്കാൻ ഉതകുന്നു ഏറ്റവും ഫലപ്രദമായ മാർഗ്ഗമാണ്.
ഹൃദ്രോഗം ഭേദമാക്കാൻ കഴിയുന്ന ഒന്നാണോ?
പലതരം ഹൃദ്രോഗങ്ങളും ദീർഘകാലം നീണ്ടുനിൽക്കുന്ന അവസ്ഥകളാണ്. ഹാർട്ട് അറ്റാക്ക് ഉണ്ടായ ഒരാൾക്ക് മുൻപ് അത് വരാത്ത ഒരാളെ അപേക്ഷിച്ച് വീണ്ടും വരാനുള്ള സാധ്യത ഇരട്ടിയാണ്. ദീർഘകാലത്തേക്കുള്ള കൃത്യമായ മരുന്നുകൾ, പതിവ് പരിശോധനകൾ, ജീവിതശൈലിയിലെ മാറ്റങ്ങൾ എന്നിവയിലൂടെ രോഗം വീണ്ടും വരുന്നത് തടയുക എന്നതാണ് ലക്ഷ്യം. ഈ കാര്യങ്ങൾ വളരെ കർശനമായി പാലിക്കേണ്ടതുണ്ട്.
ആഞ്ചിയോപ്ലാസ്റ്റി അല്ലെങ്കിൽ ബൈപാസ് സർജറിക്ക് ശേഷം മരുന്നുകൾ നിർത്താമോ?
സ്വയം മരുന്നുകൾ നിർത്തരുത്. പല മരുന്നുകളും ദീർഘകാലത്തേക്ക് ആവശ്യമാണ്. വാർദ്ധക്യം തടയാൻ കഴിയാത്തതുപോലെ, ആഞ്ചിയോപ്ലാസ്റ്റി അല്ലെങ്കിൽ ബൈപാസ് സർജറിക്ക് ശേഷവും ഹൃദയത്തിലെ ധമനികളിൽ ബ്ലോക്കുകൾ വീണ്ടും ഉണ്ടാകാം. രോഗം വഷളാകുന്നത് മന്ദഗതിയിലാക്കാനാണ് മരുന്നുകൾ സഹായിക്കുന്നത്. നിർദ്ദേശിക്കപ്പെട്ട മരുന്നുകൾ നിർത്തുന്നത്, പ്രത്യേകിച്ച് സ്റ്റെന്റിംഗിന് ശേഷം കഴിക്കുന്ന ആന്റിപ്ലേറ്റ്ലെറ്റ് മരുന്നുകൾ, സ്റ്റെന്റിൽ രക്തം കട്ടപിടിക്കുന്നതിനും (stent thrombosis), ഹൃദയാഘാതത്തിനും മരണത്തിനും കാരണമാകും.
ഹൃദ്രോഗ ചികിത്സയിലെ പുതിയ പുരോഗതികൾ എന്തൊക്കെയാണ്?
ഇൻട്രാ കൊറോണറി ഇമേജിങ്: സ്റ്റെന്റുകൾ കൃത്യമായി സ്ഥാപിക്കുന്നതിനുള്ള IVUS/OCT, ആവശ്യമില്ലാത്ത സ്റ്റെന്റ് പ്രക്രിയകൾ ഒഴിവാക്കാനുള്ള FFR എന്നിവ പ്രധാന പുരോഗതികളാണ്.
- റോടബ്ലേഷൻ/ഓർബിറ്റൽ അതരെക്ടമി: രോഗികൾ പ്രായമാകുമ്പോൾ, രക്തക്കുഴലുകളിൽ കാൽസ്യം അടിഞ്ഞുകൂടി രോഗം കൂടുതൽ സങ്കീർണ്ണമാകുന്നു. സ്റ്റെന്റ് സ്ഥാപിക്കുന്നതിന് മുന്നോടിയായി കാൽസ്യം അടങ്ങിയ തടസ്സങ്ങളെ പാകപ്പെടുത്താൻ ഇവ സഹായിക്കുന്നു.
- ലേസർ ചികിത്സ: തീവ്രമായ സങ്കീർണ്ണതകളുള്ള രോഗാവസ്ഥകളെയും സ്റ്റെന്റുകൾക്കുള്ളിലെയും ബ്ലോക്കുകളെയും മാറ്റുന്ന ലേസർ ആഞ്ചിയോപ്ലാസ്റ്റിയാണ് ഏറ്റവും ന്യൂതനമായ ചികിത്സാ രീതി. ഇതാണ് ഈ ഹൃദയ ദിനത്തിൽ നിംസ് ആരംഭിക്കുന്നത്.
ഈ ലോക ഹൃദ്രോഗ ദിനത്തിന്റെ സന്ദേശം എന്താണ്?
ആരോഗ്യകരമായ ജീവിതശൈലി നയിക്കാമെന്നും, രക്തസമ്മർദ്ദം, പ്രമേഹം, കൊളസ്ട്രോൾ എന്നിവ നിയന്ത്രിക്കാൻ പതിവായി പരിശോധനകൾ നടത്താമെന്നും, ശരീരം പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുകയും ഹൃദ്രോഗത്തിന്റെ ലക്ഷണങ്ങൾ തിരിച്ചറിയുകയും ചെയ്യാമെന്നും, നെഞ്ചിൽ അസ്വസ്ഥത അനുഭവപ്പെട്ടാൽ ഉടൻ തന്നെ നടപടിയെടുക്കാമെന്നും നമുക്ക് പ്രതിജ്ഞ ചെയ്യാം. അതുവഴി 'നമ്മുടെ ഹൃദയ താളം ഒന്നുപോലും തെറ്റാതെ കാത്ത് സൂക്ഷിക്കാം' ( Don't Miss a Beat).
തയ്യാറാക്കിയത്: ഡോ. മധു ശ്രീധരൻ (MD, DM, MRCP (UK), FRCP, FACC, FESC) - ഡയറക്ടർ, നിംസ് ഹാർട്ട് ഫൗണ്ടേഷൻ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

