മസ്തിഷ്കാഘാതത്തിന്റെ പ്രധാന കാരണങ്ങൾ
text_fieldsതലച്ചോറിലെ രക്തക്കുഴലിൽ രക്തം കട്ടപിടിച്ച് തടസ്സമുണ്ടാകുകയോ പൊട്ടുകയോ ചെയ്യുമ്പോളാണ് സ്ട്രോക്ക് ഉണ്ടാകുന്നത്. പ്രധാനമായും മൂന്ന് തരം സ്ട്രോക്കുകളുണ്ട്
എംബോളിക് സ്ട്രോക്ക്
ശരീരത്തിന്റെ മറ്റേതെങ്കിലും ഭാഗത്ത് രൂപപ്പെടുന്ന രക്തക്കട്ട തലച്ചോറിലെ രക്തക്കുഴലുകളിലേക്ക് എത്തുകയും അവിടെ തടസ്സമുണ്ടാക്കുകയും ചെയ്യുമ്പോൾ സംഭവിക്കുന്നു.
ത്രോംബോട്ടിക് സ്ട്രോക്ക്
തലച്ചോറിലെ രക്തക്കുഴലുകളിൽ തന്നെ കൊഴുപ്പ് അടിഞ്ഞുകൂടി രക്തക്കട്ട രൂപപ്പെടുകയും രക്തയോട്ടം തടസ്സപ്പെടുത്തുകയും ചെയ്യുമ്പോൾ ഉണ്ടാകുന്നു.
ഹെമറാജിക് സ്ട്രോക്ക്
തലച്ചോറിലെ രക്തക്കുഴലുകൾ പൊട്ടി രക്തസ്രാവം ഉണ്ടാകുമ്പോൾ സംഭവിക്കുന്നു. രക്തക്കുഴലുകളിൽ ഉണ്ടാകുന്ന ബലൂൺ പോലുള്ള വീക്കം പൊട്ടുന്നത് ഇതിന് ഒരു പ്രധാന കാരണമാണ്.
മസ്തിഷ്കാഘാതത്തിനുള്ള മറ്റ് കാരണങ്ങൾ
- തലച്ചോറിലെ രക്തക്കുഴലുകളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത്
- ഉയർന്ന രക്തസമ്മർദം അല്ലെങ്കിൽ കുറഞ്ഞ രക്തസമ്മർദം
- ഗർഭനിരോധന ഗുളികകൾ ഉപയോഗിക്കുന്നത്
മസ്തിഷ്കാഘാതം എങ്ങനെ തിരിച്ചറിയാം?
ബോധക്ഷയത്തിന് പല കാരണങ്ങളുണ്ടാകാം (മരുന്നുകൾ, മദ്യപാനം, മറ്റ് രോഗങ്ങൾ). എന്നാൽ സ്ട്രോക്ക് തിരിച്ചറിയാൻ "FAST" എന്ന ചുരുക്കെഴുത്ത് ഓർക്കുക:
F = Facial Weakness (മുഖത്ത് ബലഹീനത): മുഖത്തിന്റെ ഒരു വശം കോടിപ്പോകുകയോ ബലഹീനത അനുഭവപ്പെടുകയോ ചെയ്യുക. പുഞ്ചിരിക്കാൻ പറയുമ്പോൾ ഒരു വശം മാത്രം അനങ്ങുക.
A = Arm Weakness (കൈക്ക് ബലഹീനത): ഒരു കൈക്ക് ബലമില്ലായ്മ അനുഭവപ്പെടുക. രണ്ട് കൈകളും ഉയർത്താൻ പറയുമ്പോൾ ഒരു കൈ താഴ്ന്നുപോകുക.
S = Slurring of Speech (സംസാരത്തിൽ അവ്യക്തത): സംസാരം കുഴയുകയോ വാക്കുകൾ വ്യക്തമല്ലാതിരിക്കുകയോ ചെയ്യുക. ഒരു ലളിതമായ വാചകം ആവർത്തിക്കാൻ പറയുമ്പോൾ ബുദ്ധിമുട്ട് അനുഭവപ്പെടുക.
T = Time (സമയം): ഇത് വളരെ പ്രധാനമാണ്. മസ്തിഷ്കാഘാതം സംഭവിച്ചതിന്റെ ആദ്യ 2.5 മണിക്കൂറിനുള്ളിൽ, പരമാവധി നാല് മണിക്കൂറിനുള്ളിൽ, ന്യൂറോ ഐ.സി.യു അല്ലെങ്കിൽ ന്യൂറോ സർജിക്കൽ ടീം ഉള്ള ഒരു മെഡിക്കൽ സൗകര്യത്തിൽ എത്തേണ്ടത് അത്യാവശ്യമാണ്. എത്രയും വേഗം ചികിത്സ ലഭിക്കുന്നുവോ അത്രയും അപകടം കുറക്കാം.
സാധാരണ ലക്ഷണങ്ങൾ;
ബോധക്ഷയം
മാനസികപ്രവർത്തനങ്ങൾ താളംതെറ്റൽ
അപസ്മാരം
ശ്രദ്ധിക്കുക:
- ഉയർന്ന രക്തസമ്മർദം തലച്ചോറിന് കേടുപാടുകൾ വരുത്താൻ സാധ്യതയുള്ള "ടാർഗെറ്റ് ഓർഗനുകളിൽ" ഒന്നാണ്. അതിനാൽ, രക്തസമ്മർദവും രക്തത്തിലെ പഞ്ചസാരയുടെ അളവും ഒപ്റ്റിമൽ നിലയിൽ നിലനിർത്തുക.
- മസ്തിഷ്കാഘാതം സംഭവിച്ചതായി സംശയിച്ചാൽ ഉടൻതന്നെ നാഷനൽ ആംബുലൻസിന്റെ 999 എന്ന നമ്പറിൽ വിളിക്കുകയും സർക്കാർ ആശുപത്രികളിലെ "4444" എന്ന സ്ട്രോക്ക് ടീമിനെ വിവരമറിയിക്കുകയും ചെയ്യുക.
- ആംബുലൻസ് എത്തുന്നതുവരെ രോഗിയുടെ ശ്വാസമെടുക്കാനുള്ള വഴി തടസ്സമില്ലാതെ തുറന്നിടുക. ആവശ്യമെങ്കിൽ സി.പി.ആർ നൽകുക.
- നേരത്തേയുള്ള രോഗനിർണയവും ശരിയായ ചികിത്സയും ജീവൻ രക്ഷിക്കുകയും വൈകല്യങ്ങൾ കുറക്കുകയും ചെയ്യും. ‘സമയം നിർണായക അവയവങ്ങളെ സംരക്ഷിക്കും’.
- എപ്പോഴും ആരോഗ്യകരമായ ജീവിതശൈലി നിലനിർത്തുക-നല്ല ഭക്ഷണം, വ്യായാമം, മതിയായ ഉറക്കം, രോഗങ്ങൾക്ക് ശരിയായ മരുന്നുകൾ കഴിക്കുക, മാനസികാരോഗ്യം നിലനിർത്താൻ വിശ്രമിക്കുക.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.