കുട്ടികൾക്കായി ആരോഗ്യകരമായ ദിനചര്യകൾ; പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ നിർദേശങ്ങൾ
text_fieldsദോഹ: പുതിയ അധ്യയനവർഷം ആരംഭിച്ച് വിദ്യാർഥികൾ സ്കൂളുകളിലേക്ക് മടങ്ങിയെത്തിയതോടെ, കുട്ടികളുടെ വളർച്ച, പഠനം, ആരോഗ്യം തുടങ്ങിയ ആരോഗ്യകരമായ ദിനചര്യകൾ പാലിക്കണ്ടതിന്റെ പ്രാധാന്യം ഓർമിപ്പിച്ച് പൊതുജനാരോഗ്യ മന്ത്രാലയം. കുട്ടികളിൽ നല്ലശീലങ്ങൾ പ്രോത്സാഹിപ്പിച്ച് ആത്മവിശ്വാസത്തോടെ പഠനത്തെ സമീപിക്കാൻ സന്നദ്ധമാക്കണം.
പോഷകസമൃദ്ധവും സമീകൃതവുമായ പ്രഭാതഭക്ഷണം കഴിക്കണമെന്നും ആരോഗ്യകരമായ ഭക്ഷണരീതി പിന്തുടരണമെന്നും മന്ത്രാലയം ഒരു സോഷ്യൽ മീഡിയ പോസ്റ്റിൽ വ്യക്തമാക്കി. പുതിയ അധ്യയനവർഷത്തിന് തുടക്കമാകുമ്പോൾ സ്കൂൾ പ്രവൃത്തിദിവസങ്ങളിലെ ദൈനംദിന ചര്യകൾ ശ്രദ്ധിക്കേണ്ടതുണ്ട്. ഇതിൽ വളരെ പ്രധാനപ്പെട്ടതാണ് സ്കൂളിൽനിന്ന് കഴിക്കുന്ന പ്രഭാത ഭക്ഷണം. ഇത് ഊർജവും ഉന്മേഷവും നൽകുന്നതോടൊപ്പം ക്ഷീണം, അമിതവണ്ണം, ഡയബറ്റിസ് എന്നിവ തടയുന്നതിലും പ്രധാന പങ്ക് വഹിക്കുന്നു. വിദ്യാർഥികൾക്ക് അവരുടെ ശാരീരികവും മാനസികവുമായ ആരോഗ്യം നിലനിർത്താനും അക്കാദമികമായി മികച്ച പ്രകടനം കാഴ്ചവെക്കാൻ സഹായിക്കുന്ന വിവിധ നിർദേശങ്ങളും മന്ത്രാലയം നൽകുന്നു.
പൊതുജനാരോഗ്യ മന്ത്രാലയം പങ്കുവെച്ച ചില നിർദേശങ്ങൾ...
- പോഷകസമൃദ്ധവും സമീകൃതവുമായ ഭക്ഷണത്തിന്റെ ഗുണങ്ങൾ കുട്ടികൾക്ക് വിശദീകരിച്ചു നൽകുക. ലഞ്ച് ബോക്സ് തയാറാക്കുമ്പോൾ കുട്ടികളുടെ സാന്നിധ്യം ഉറപ്പാക്കുക.
- ഊർജവും ഏകാഗ്രതയും നിലനിർത്താൻ പച്ചക്കറികൾ, പഴങ്ങൾ, കൊഴുപ്പ് കുറഞ്ഞ തൈര് തുടങ്ങിയ ലഘുഭക്ഷണങ്ങൾ നൽകുക.
- ഏകാഗ്രതയും ഓർമശക്തിയും വർധിപ്പിക്കുന്നതിന് ആഴ്ചയിൽ രണ്ടുതവണയെങ്കിലും വിവിധതരം മത്സ്യങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.
- എല്ലുകൾ ബലപ്പെടുത്തുന്നതിന് കൊഴുപ്പ് കുറഞ്ഞ പാലും പാലുൽപന്നങ്ങളും കഴിക്കുന്നത് പ്രോത്സാഹിപ്പിക്കുക.
- മാതാപിതാക്കൾ ആരോഗ്യകരമായ ശീലങ്ങൾ സ്വീകരിച്ച് മാതൃക കാണിക്കുകയും ഭക്ഷണം കുടുംബ സമേതം ഒരുമിച്ച് കഴിക്കുകയും ചെയ്യുക.
കുടിവെള്ളം കരുതാം
കുട്ടികൾക്ക് ലോഞ്ച്ബോക്സിനൊപ്പം കുടിവെള്ളം കൂടി കൊടുത്തുവിടണം. മികച്ച ശാരീരിക ആരോഗ്യത്തിനും നിർജലീകരണം തടയാനും നന്നായി വെള്ളം കുടിക്കേണ്ടത് അനിവാര്യമാണ്. നിർജലീകരണം ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നതോടൊപ്പം പഠനത്തെയും സാരമായി ബാധിക്കുന്നു.
ഒഴിവാക്കേണ്ട ശീലങ്ങൾ
സ്കൂളിലേക്ക് സോഫ്റ്റ് ഡ്രിങ്കുകൾ, മധുരപലഹാരങ്ങൾ, മിഠായി, ചോക്ലേറ്റ് , ചിപ്സ് തുടങ്ങിയവ കൊടുത്തുവിടുന്നത് ഒഴിവാക്കുക. കലോറി കൂടുതലുള്ളതും എന്നാൽ പോഷകമൂല്യം വളരെ കുറഞ്ഞതുമായ ഇത്തരം ആഹാരശീലങ്ങൾ കുട്ടികളുടെ ആരോഗ്യത്തെയും ഊർജസ്വലതയെ ബാധിക്കും.
കുട്ടികളുടെ ലഞ്ച്ബോക്സ് പോഷകമൂല്യമുള്ളതാണോ
കുട്ടികൾ കഴിക്കുന്ന ഭക്ഷണം സമീകൃതവും പോഷകമൂല്യമുള്ളതുമായിരിക്കണം. പഴങ്ങളും പച്ചക്കറികളും, ധാന്യങ്ങൾ, പയറുവർഗങ്ങൾ, പാൽ ഉൽപന്നങ്ങൾ, മുട്ടയും ചീസും പോലുള്ള പ്രോട്ടീനുകൾ, ഡ്രൈ ഫ്രൂട്ട്സ്, നട്സ് എന്നിവ ആഹാരത്തിൽ ഉൾപ്പെടുത്തണം. ഇവ ആരോഗ്യവും ഉന്മേഷവും നൽകുന്നതോടൊപ്പം തലച്ചോറിന്റെ പ്രവർത്തനക്ഷമത വർധിപ്പിച്ച് പഠനത്തിൽ മികവ് പുലർത്താനും സഹായിക്കുന്നു. കൂടാതെ കുട്ടികൾക്ക് ഭക്ഷണം കൊടുത്തുവിടാൻ തിരഞ്ഞെടുക്കുന്ന ലോഞ്ച്ബോക്സിലിമുണ്ട് കാര്യം. ഭക്ഷണം ശരിയായ താപനിലയും കേടുകൂടാതെയും പുറത്തുപോകാതെയും സൂക്ഷിക്കാൻ അടച്ചുറപ്പുള്ളതും ഗുണമേന്മയുള്ളതുമായ പാത്രം തിരഞ്ഞെടുക്കണം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.