അടുപ്പം കൂടട്ടെ; വൈകാരിക ബന്ധങ്ങളുടെ ആവശ്യകത
text_fields(തുടർച്ച)
വൈകാരിക നിക്ഷേപം ഉണ്ടാകുന്നതിന്റെ ഗുണങ്ങൾ
ആത്മധൈര്യവും ആത്മവിശ്വാസവും- മനസ്സിന്റെ ശക്തി നിങ്ങൾക്ക് ധൈര്യവും വിശ്വാസവും നൽകുന്നു.
എനർജിയും വർക് ലൈഫ് ബാലൻസും - ഇമോഷണൽ അക്കൗണ്ട് ഒരാളെ ഊർജ്ജസ്വലതയോടെ ഇരിക്കാനും തൊഴിൽ ജീവിതവും വ്യക്തിജീവിതവും സന്തുലിതമായി നിലനിർത്താനും സഹായിക്കുന്നു.
മികച്ച വ്യക്തി- കുടുംബ ബന്ധങ്ങൾ- ബന്ധങ്ങളുടെ ശക്തിയാണ് ഒരാളുടെ സന്തോഷവും സമാധാനവും നിർണ്ണയിക്കുന്നത്. കെട്ടുറപ്പുള്ള, ശക്തമായ ബന്ധങ്ങളുള്ള ഒരാൾക്ക് ജീവിതം ആയാസരഹിതവും സൗഖ്യവും നിറഞ്ഞതായിരിക്കും.
വൈകാരിക നിക്ഷേപം കുറവാണെന്നതിന്റെ ലക്ഷണങ്ങൾ
● സംഭാഷണങ്ങൾ മടുപ്പിക്കുന്നതായി തോന്നുക
● തെറ്റിദ്ധരിക്കപ്പെടുമോ എന്ന ഭയത്താൽ
വികാരങ്ങൾ പങ്കുവെക്കാൻ മടിക്കുക.
● അഭിനന്ദനത്തെക്കാൾ കൂടുതലായി വിമർശനം നടത്തുക.
നിങ്ങൾക്ക് നടത്താവുന്ന ആറ് ശക്തമായ നിക്ഷേപങ്ങൾ
1. പൂർണമായ സാന്നിധ്യം - സാന്നിധ്യം ഒരു അപൂർവ സമ്മാനമാണ്. ആരെങ്കിലും സംസാരിക്കുമ്പോൾ, നിങ്ങൾ സ്വന്തം ഫോണിലേക്കല്ല, അവരുടെ മുഖത്തേക്ക് നോക്കുക. നിങ്ങൾ പ്രതീക്ഷിക്കുന്ന അതേ ശ്രദ്ധ അവർക്കും നൽകുക. ഇത്, നിന്നെ ഞാൻ ശ്രദ്ധിക്കുന്നു, പരിഗണിക്കുന്നു, ഞാൻ നിന്നോടൊപ്പമുണ്ട് എന്ന തോന്നൽ അവർക്ക് നൽകുന്നു.
2. വാഗ്ദാനങ്ങൾ പാലിക്കുക (ചെറിയ കാര്യങ്ങളാങ്കിലും)
വിശ്വാസം സ്ഥിരതയിലാണ് നിലനിൽക്കുന്നത്. ഏഴു മണിക്ക് വിളിക്കാമെന്ന് പറഞ്ഞാൽ, അത് ചെയ്യുക. പാൽ വാങ്ങാമെന്ന് വാഗ്ദാനം ചെയ്താൽ, അത് ചെയ്യാൻ ശ്രദ്ധിക്കുക. ഈ ചെറിയ പ്രതിബദ്ധതകൾ ശക്തമായ ബന്ധങ്ങൾ നെയ്യുന്നു. നിനക്ക് എന്നെ വിശ്വസിക്കാം എന്ന ഉറപ്പ് നൽകുന്നു.
3. ഉച്ചത്തിൽ അഭിനന്ദിക്കുക
പലർക്കും അഭിനന്ദിക്കപ്പെടാത്തതായി തോന്നുന്നത്, അവരുടെ പ്രിയപ്പെട്ടവർ അവരെ വിലമതിക്കുന്നില്ല എന്നതുകൊണ്ടല്ല, മറിച്ച് അത് ഒരിക്കലും പറയാത്തതിനാലാണ്. ഒരു ഭക്ഷണം പാചകം ചെയ്തതിനോ ക്ഷമയോടെ കേട്ടതിനോ അല്ലെങ്കിൽ അവിടെ ഉണ്ടായിരുന്നതിനോ ഒരു മടിയും കൂടാതെ നന്ദി പ്രകടിപ്പിക്കുക. നിന്നെയും നിന്റെ പ്രവൃത്തികളെയും ഞാൻ വിലമതിക്കുന്നു എന്ന വിശ്വാസമാണ് അത് വളർത്തുന്നത്.
4. പ്രതികരിക്കാനല്ല, മനസ്സിലാക്കാൻ വേണ്ടി കേൾക്കുക
നമ്മൾ പ്രതികരിക്കാൻ വേണ്ടി മാത്രം കേൾക്കാൻ തയ്യാറാകുമ്പോൾ, വാക്കുകൾക്ക് പിന്നിലെ വികാരങ്ങൾ നഷ്ടപ്പെടുത്തുന്നു. യഥാർത്ഥ കേൾവി ബന്ധങ്ങളിൽ ആഴം വർധിപ്പിക്കുന്ന ഒരു സമ്മാനമാണ്. നിന്റെ ശബ്ദവും വികാരങ്ങളും എനിക്ക് പ്രധാനമാണ് എന്ന സൂചന അത് നൽകുന്നു.
5. വേഗത്തിൽ ക്ഷമിക്കുക
ദേഷ്യം പിടിച്ചുവെക്കുന്നത് മറ്റൊരാളുടെ അക്കൗണ്ടിൽ നിന്ന് പലിശ ഈടാക്കുന്നതിന് തുല്യമാണ്. അത് അവരെ എന്നേക്കും കടക്കാരാക്കി നിർത്തുന്നു. ക്ഷമിക്കുന്നത് രണ്ട് ഹൃദയങ്ങളെയും വീണ്ടും ബന്ധിപ്പിക്കുന്നു. നമ്മുടെ ബന്ധം എന്റെ ഈഗോയെക്കാൻ പ്രധാനമാണ് എന്ന സന്ദേശമാണ് ഇത് നൽകുന്നത്.
6. താരതമ്യം ചെയ്യാതെ ആഘോഷിക്കുക
നിങ്ങളുടെ വിജയങ്ങളെ കുറയ്ക്കാതെ തന്നെ അവരുടെ വിജയങ്ങളിൽ സന്തോഷിക്കുക. ഒരു ജോലി പ്രമോഷനോ, പുതിയ ഹോബിയോ, വ്യക്തിഗത വളർച്ചയോ എന്തുമാകട്ടെ, അവരുടെ വിജയം നിങ്ങളുടേതാണെന്ന മട്ടിൽ ആഘോഷിക്കുക. നിന്റെ സന്തോഷത്തിൽ ഞാൻ ആത്മാർത്ഥമായി സന്തോഷിക്കുന്നു എന്നതിലും വലിയ നിസ്വാർത്ഥ ചിന്ത വേറെയില്ല.
ഈ ആഴ്ച പരീക്ഷിക്കാവുന്ന ഒരു ലളിതമായ വ്യായാമം: ബന്ധങ്ങളുടെ ബാലൻസ് ഷീറ്റ്
1. ഒരു പ്രധാന ബന്ധം തിരഞ്ഞെടുക്കുക.
2. അതിൽ അവസാനമായി നടത്തിയ അഞ്ച് നിക്ഷേപങ്ങൾ എഴുതുക.
3. അവസാനമായി നടത്തിയ അഞ്ച് പിൻവലിക്കലുകൾ എഴുതുക.
4. ഈ രണ്ട് ലിസ്റ്റുകൾ താരതമ്യം ചെയ്യുക - അക്കൗണ്ട് സർപ്ലസിലാണോ, ഡെഫിസിറ്റിലാണോ എന്ന് പരിശോധിക്കുക.
5. ഈ ആഴ്ച മൂന്ന് പുതിയ നിക്ഷേപങ്ങൾക്കുള്ള ചെറിയ പദ്ധതി തയ്യാറാക്കുക.
ബന്ധങ്ങൾ ഒരു ബാങ്ക് അക്കൗണ്ട് അല്ലെങ്കിൽ നിക്ഷേപം പോലെയാണ് . അത് പരിപാലിക്കുകയും നിക്ഷേപിക്കുകയും വേണം. വൈകാരികബന്ധം കുറയുമ്പോൾ, ബന്ധങ്ങൾ ക്ഷയിക്കുകയും അതേസമയം ശക്തമായ വൈകാരികബന്ധം സന്തോഷവും സ്ഥിരതയും നൽകുകയും ചെയ്യുന്നു. നമ്മുടെ ബന്ധങ്ങളെ ഒരു വലിയ നിക്ഷേപമായി കാണുകയും ദിവസവും ചെറിയ ചെറിയ നിക്ഷേപങ്ങൾ നടത്തുകയും ചെയ്യുക. അങ്ങനെ നമ്മുടെ വൈകാരിക അക്കൗണ്ട് എപ്പോഴും പോസിറ്റീവ് ആയിരിക്കട്ടെ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.