തുടർക്കഥയാകുന്ന പീഡനങ്ങൾ; മൗനമാക്കപ്പെടുന്ന ഇരകൾ
text_fieldsവർധിച്ചുവരുന്ന ഗാർഹിക പീഡനങ്ങളും അതിനെ തുടർന്നുണ്ടാകുന്ന ആത്മഹത്യകളും വെറും സ്വകാര്യവിഷയങ്ങളായി തള്ളിക്കളയേണ്ട ഒന്നല്ല. അത് ലോകമെമ്പാടുമുള്ള വ്യക്തികളെയും സമൂഹങ്ങളെയും ബാധിക്കുന്ന ഗുരുതരമായൊരു സാമൂഹിക വിപത്താണ്. സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരായ അതിക്രമങ്ങൾ ആഗോളതലത്തിൽതന്നെ വർധിച്ചുവരുന്നതായാണ് റിപ്പോർട്ട് ചെയ്യപ്പെടുന്ന കേസുകളുടെ എണ്ണം സൂചിപ്പിക്കുന്നത്. രാജ്യം ദ്രുതഗതിയിൽ സാമൂഹിക നിയമ പരിഷ്കരണങ്ങളിലൂടെ മുന്നോട്ട് പോകുമ്പോഴും പരാതികളിലേക്കോ നിയമനടപടികളിലേക്കോ എത്താതെ ഒട്ടനവധി സ്ത്രീകൾ ഇന്നും നമുക്ക് ചുറ്റും സ്വന്തം വീടുകളിൽത്തന്നെ മർദനങ്ങൾക്കും അതിക്രമങ്ങൾക്കും ഇരകളായിത്തീരുന്നു. ശക്തമായ നിയമങ്ങൾ സ്ത്രീകൾക്കെതിരായ അതിക്രമങ്ങള്‍ തടയാന്‍ നിലവിലുള്ള ഇക്കാലത്ത്, ആ നിയമ സംവിധാനങ്ങളെ ആശ്രയിക്കാന്‍ സ്ത്രീകള്‍ മടിക്കുന്നത് എന്തുകൊണ്ടാണെന്ന ചോദ്യമാണ് ഇവിടെ പ്രസക്തമാകുന്നത്.
അവകാശങ്ങളെക്കുറിച്ചുള്ള അറിവില്ലായ്മയും നിയമങ്ങളെക്കുറിച്ച് അജ്ഞതയും പലരെയും പരാതിപ്പെടുന്നതിൽനിന്ന് തടയുന്നുണ്ട്, പ്രത്യേകിച്ച് വിദ്യാഭ്യാസപരമായും സാമൂഹികമായും പിന്നാക്കം നിൽക്കുന്ന മേഖലകളിൽ. പങ്കാളിയിൽ നിന്നുണ്ടായേക്കാവുന്ന പ്രതികാരഭയവും, പുറത്തറിഞ്ഞാൽ കുടുംബവും സമൂഹവുംതന്നെ എങ്ങനെ വിലയിരുത്തും, തന്റെ സോഷ്യൽ സ്റ്റാറ്റസിനും സ്ഥാനമാനങ്ങൾക്കും മങ്ങലേൽക്കുമോ എന്നീ ദുരഭിമാനം കലർന്ന ആശങ്കകളും ഇത്തരം കുറ്റകൃത്യങ്ങളെ പുറംലോകത്തിൽനിന്നും മൂടിവെക്കുന്നതിൽ മുഖ്യ പങ്കുവഹിക്കുന്നുണ്ട്. നീണ്ടുനിൽക്കുന്ന തുടരത്തുടരെയുള്ള ഇത്തരം മാനസിക, ശാരീരിക പീഡനങ്ങൾ ഇരകളുടെ ആത്മവിശ്വാസത്തെ തളർത്തുന്നതിനൊപ്പം അവരെ നിസ്സഹായതയിലേക്കും നൈരാശ്യത്തിലേക്കും തള്ളിയിടുന്നു. സ്വന്തം ബന്ധുക്കളിൽനിന്നോ സമൂഹത്തിൽനിന്നോ കൂടി മതിയായ സഹായം ലഭിക്കാതെ വരുമ്പോൾ അതവരെ തീവ്രനൈരാശ്യത്തിലേക്കും തുടർന്നുള്ള ആത്മഹത്യയിലേക്കും നയിക്കുന്നു. ഈ കഴിഞ്ഞ നാളുകളിൽ റിപ്പോർട്ട് ചെയ്യപ്പെട്ട ഇത്തരത്തിലുള്ള എതാനും സംഭവ വികാസങ്ങൾ പ്രവാസ ലോകത്തെയാകമാനം ഞെട്ടിക്കുന്നതാണ്. സ്ത്രീധനത്തിന്റെ പേരില്‍, ഭർതൃവീട്ടിലെ പീഡനങ്ങളുടെ പേരില്‍ പെൺകുട്ടികളുടെ മരണങ്ങൾ തുടർക്കഥയാവുകയാണ്. മലയാളികളാണ് പ്രവാസികളിൽ ഏറ്റവുമധികം സമൂഹവുമായി ഇടകലർന്ന് ജീവിക്കുന്നത്. ഇതേ മലയാളികളിൽ തന്നെയാണ് ഏറ്റവുമധികം ആത്മഹത്യ പ്രവണതയും കാണപ്പെടുന്നത്. വീട്ടകങ്ങളിൽ സ്ത്രീകൾക്കോ, കുട്ടികൾക്കോ വയോജനങ്ങൾക്കോ നേരിടേണ്ടിവന്നേക്കാനിടയുള്ള എല്ലാ തരത്തിലുമുള്ള അതിക്രമങ്ങളിൽനിന്നും ചൂഷണങ്ങളിൽനിന്നും ശക്തമായ രീതിയിലുള്ള നിയമസംരക്ഷണം ഈ രാജ്യം നൽകുന്നുണ്ട്. സാമൂഹിക സേവന വകുപ്പ്/ശിശു കുടുംബസംരക്ഷണ കേന്ദ്രം പോലുള്ള ഒട്ടനവധി സർക്കാർ സംവിധാനങ്ങൾ ഗാർഹിക പീഡനം, കുടുംബ തർക്കങ്ങൾ, കുട്ടികളെ ദുരുപയോഗം ചെയ്യൽ എന്നീ കുറ്റകൃത്യങ്ങളിലെ ഇരകൾക്ക് സൗജന്യ കൗൺസലിങ്ങുകളും ഷെൽട്ടറുകളും മറ്റു നിയമസഹായങ്ങളും നൽകിവരുന്നു.
സമൂഹം ഒറ്റക്കെട്ടായി നിശ്ശബ്ദത വെടിഞ്ഞ് ഓരോ വീടും സുരക്ഷിതത്വത്തിന്റെയും അന്തസ്സിന്റെയും ഇടമാണെന്ന് ഉറപ്പാക്കുന്നതിനായി ശബ്ദമുയർത്തേണ്ടതാണ്. സമൂഹത്തിലെ ഈ അവബോധം വളരുന്നതിനോടൊപ്പം ഇത്തരം വിഷയങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിലും വർധനയുണ്ടാകുന്നുണ്ട്. ആത്മഹത്യ ഒന്നിനും ഒരു പരിഹാരമാർഗം അല്ല. ഒരിക്കലും അതിനുള്ള സാഹചര്യം ഉണ്ടാകാൻ അനുവദിച്ചുകൂടാ. ഈ റിപ്പോർട്ട് ചെയ്യപ്പെടുന്ന മരണങ്ങളുടെ പലമടങ്ങ് യുവതികൾ ആത്മഹത്യക്ക് ശ്രമിച്ചവരാണെന്നും അതിലുമധികം പേർ മരണം എന്ന ആശയം മനസ്സിലിട്ടു കഴിയുന്നവരാണെന്നും തിരിച്ചറിയേണ്ടതാണ്. ദീർഘകാല പീഡനത്തിന് ഇരകളായവരിൽ ഉണ്ടാകുന്ന വിഷാദരോഗങ്ങളെയും ആത്മഹത്യ ചിന്തകളെയും ഒരേ പ്രാധാന്യത്തോടെ, മാനസികാരോഗ്യ പരിപാലനം, സാമൂഹിക പിന്തുണ ഉറപ്പുവരുത്തൽ, നിയമസംരക്ഷണം, പൊതുവിദ്യാഭ്യാസം എന്നീ മാർഗങ്ങളിലൂടെ കൈകാര്യം ചെയ്യുന്ന ഒരു സംയോജിത സമീപനമാണ് ഏറ്റവും ഫലപ്രദമായ പ്രതിവിധി.
ഗാർഹിക അതിക്രമങ്ങളുടെ പരിഹാരമാർഗങ്ങൾ
1. നിയമപരമായ സംരക്ഷണം
ഇരകളെ അവരുടെ അവകാശങ്ങളെക്കുറിച്ചും ലഭ്യമായ നിയമ പിന്തുണകളെക്കുറിച്ചും ബോധവത്കരിക്കുന്നതിന് ആവശ്യമായ നിയമ അവബോധ കാമ്പയിനുകൾ സംഘടിപ്പിക്കുക.
ഇരകൾക്ക് സംരക്ഷണം നൽകുന്നതിന് ആവശ്യമായ ശക്തമായ നിയമവ്യവസ്ഥകൾ രൂപവത്കരിക്കുകയും, അത് ദുരുപയോഗം ചെയ്യുന്നവരുടെ അറസ്റ്റ്, തടങ്കൽ, മുതലായവ വഴി ടി നിയമങ്ങൾ കർശനമായി നടപ്പാക്കുക
മെഡിക്കൽ പ്രഫഷനലുകൾ, സാമൂഹിക സേവന പ്രഫഷനലുകൾ എന്നിവർ ഇത്തരത്തിലുള്ള അതിക്രമങ്ങളും ചൂഷണങ്ങളും കൃത്യവും സമയബന്ധിതവുമായ രീതിയിൽ റിപ്പോർട്ട് ചെയ്യുക.
ഇരകൾക്ക് ഹെൽപ്ലൈനുകളും നിയമ സഹായ കേന്ദ്രങ്ങളും ഷെൽട്ടറുകളും സുരക്ഷിത ഭവനങ്ങളും ഒരുക്കുക
സർക്കാർ അല്ലെങ്കിൽ എൻ.ജി.ഒകൾ വഴി നടത്തുന്ന വനിത അഭയകേന്ദ്രങ്ങൾ/സുരക്ഷിത ഭവനങ്ങൾ, കൗൺസലിങ്, വൈദ്യസഹായം, നിയമ സേവനങ്ങൾ എന്നിവ ഒരുക്കുക.
2. മനഃശാസ്ത്രപരമായ സംരക്ഷണം
മാനസികാരോഗ്യത്തിന് പ്രാഥമികാരോഗ്യത്തിന്റെ അതേ പ്രാധാന്യം നൽകിക്കൊണ്ട് ഇരകൾക്ക് സൗജന്യമോ കുറഞ്ഞ ചെലവിലുള്ളതോ ആയ കൗൺസലിങ് സേവനങ്ങൾ ലഭ്യമാക്കുക
അക്രമകാരികളുടെ കോപനിയന്ത്രണവും പെരുമാറ്റ ചികിത്സയും ഉറപ്പുവരുത്തുക.
3. സാമൂഹിക ഇടപെടലുകൾ
ലിംഗ സമത്വം/ലിംഗ നീതി ഉറപ്പുവരുത്താൻ ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കുക
സൗഹൃദപരവും സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതുമായ അയൽപക്ക ബന്ധങ്ങൾ പ്രോത്സാഹിപ്പിക്കുക.
കമ്യൂണിറ്റി പൊലീസിങ് വഴി സംശയകരമായ സാഹചര്യങ്ങൾ നിരീക്ഷിക്കുന്നതിനുള്ള മാർഗങ്ങൾ സൃഷ്ടിക്കുക.
മത, സാമൂഹിക, രാഷ്ട്രീയ നേതാക്കൾ, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്സ് വഴി, ഗാർഹികപീഡനത്തിനെതിരെയുള്ള പ്രതികരണ മനോഭാവം പ്രോത്സാഹിപ്പിക്കുക.
4. ഇരകളുടെ ശാക്തീകരണം
സ്ത്രീകൾക്കായുള്ള തൊഴിൽ പരിശീലനം, സാമൂഹിക സംരംഭങ്ങൾ, സമൂഹ വിദ്യാഭ്യാസ, വിനോദ പരിപാടികൾ, സമൂഹ യാത്രകൾ തുടങ്ങിയ സാമ്പത്തിക ശാക്തീകരണ പരിപാടികൾ സംഘടിപ്പിക്കുക.
ഒറ്റപ്പെടൽ കുറക്കുന്നതിനാവശ്യമായ സാമൂഹിക ഇടപെടലുകളും പിന്തുണയും ഉറപ്പുവരുത്തുക
ആത്മഹത്യപ്രവണതക്കെതിരായ പരിഹാരമാർഗങ്ങൾ
1. മാനസികാരോഗ്യ പരിപാലനം ഉറപ്പുവരുത്തൽ
സൗജന്യ ഹെൽപ് ലൈനുകൾ, തെറപ്പികൾ, മാനസിക പരിചരണം തുടങ്ങിയ മാനസികാരോഗ്യ സേവനങ്ങളുടെ അവബോധവും ലഭ്യതയും കുറിച്ച് ഇരകളെ ബോധവാന്മാരാക്കുക. മാനസികാരോഗ്യത്തെ പ്രാഥമിക ആരോഗ്യത്തോടൊപ്പം സംയോജിപ്പിക്കുകയും സംരക്ഷിക്കുകയും ചെയ്യുക.
2. വിദ്യാഭ്യാസവും അവബോധവും
സ്കൂളുകളിലും സർവകലാശാലകളിലും ജോലിസ്ഥലങ്ങളിലും ആത്മഹത്യ പ്രതിരോധ പരിപാടികൾ സംഘടിപ്പിക്കുക. ഇതുവഴി ആവശ്യ ഘട്ടങ്ങളിൽ മാനസികാരോഗ്യ സുരക്ഷക്കായി സഹായം തേടാനുള്ള മനഃസ്ഥിതി പൊതുസമൂഹത്തിൽ ഉണ്ടാക്കിയെടുക്കുക.
3. പിന്തുണ സംവിധാനങ്ങൾ
വിഷാദം, ഏകാന്തത, മറ്റു വൈകാരിക പ്രശ്നങ്ങൾ അനുഭവിക്കുന്നവർക്കുള്ള പിയർ സപ്പോർട്ട് ഗ്രൂപ്പുകൾ നിലനിർത്തുക.
ആത്മഹത്യ പ്രവണതയുടെ ലക്ഷണങ്ങൾ നേരത്തേ തിരിച്ചറിയുന്നതിനും സഹാനുഭൂതിയോടെ ഇടപെടുന്നതിനും കുടുംബങ്ങളെയും സമൂഹങ്ങളെയും പ്രാപ്തരാക്കുക.
ആത്മഹത്യ പ്രതിരോധ ഹെൽപ് ലൈനുകളും മൊബൈൽ പ്രതിസന്ധി യൂനിറ്റുകളും കാര്യക്ഷമമായി കാലാനുസൃതമായ aമാറ്റങ്ങളോടെ പ്രവർത്തിക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്തുക.
ആത്മഹത്യ സാധ്യതകൾ തിരിച്ചറിയുന്നതിലും അതിനെ പ്രതിരോധിക്കുന്നതിലും അധ്യാപകർ, പൊലീസ്, ആരോഗ്യ പ്രവർത്തകർ എന്നിവർക്ക് മതിയായ രീതിയിലുള്ള പരിശീലനം നൽകുക.
മാനസിക-ശാരീരിക ആരോഗ്യത്തിന് ഹാനികരമായ പദാർഥങ്ങൾ, മരുന്നുകൾ, അപകടകരമായ ആയുധങ്ങൾ എന്നിവയുടെ നിയന്ത്രണം.
ആത്മഹത്യ പ്രവണതകൾ മഹത്ത്വവത്കരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർക്കും മറ്റു മാധ്യമങ്ങൾക്കും കർശനമായ മാർഗനിർദേശങ്ങൾ നൽകുക.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.