ചീത്തവ്യക്തികൾ മാത്രം ‘വിജയിക്കുന്നു’ ?
text_fieldsപ്രതീകാത്മക ചിത്രം
എന്താണീ ലോകത്ത് നടക്കുന്നതെന്ന് പലപ്പോഴും തോന്നാറില്ലേ? ലോകവും ജീവിതവും അന്യായമാണെന്നും ചതിയും കള്ളവും ക്രൂരതയും കാപട്യവും കൊണ്ടുനടക്കുന്നവരാണ് പലപ്പോഴും ഉയർച്ച കൈവരിക്കുന്നതെന്നും നമുക്കെല്ലാം തോന്നാറുണ്ട്. അതേസമയം, സത്യസന്ധരും കരുണയുള്ളവരും കഠിനാധ്വാനികളും പിന്തള്ളപ്പെടുകയും ചെയ്യുന്നു. തൊഴിലിടങ്ങൾ മുതൽ രാഷ്ട്രീയരംഗങ്ങളിലും വ്യക്തിജീവിതത്തിലുമെല്ലാം ഇതിന്റെ ഉദാഹരണങ്ങൾ നിരവധിയാണ്.
എന്തുകൊണ്ടാണ് “ദുഷ്ടർ” എന്നും ജയിക്കുന്നത്, നല്ലവർ പലപ്പോഴും പോരാട്ടത്തിൽ തോറ്റുപോകുന്നത്? ഇതിനുത്തരം തേടിയാൽ എത്തുക, മനുഷ്യ മനഃശാസ്ത്രത്തിലും അധികാരത്തോടുള്ള കാഴ്ചപ്പാടിലും, കരുണയേക്കാൾ ക്രൂരതയെ പ്രോത്സാഹിപ്പിക്കുന്ന ആധുനിക സാമൂഹികഘടനയിലുമാണ്.
‘ചീത്ത’ ആളുകൾ വിജയിക്കുന്നതായി തോന്നുന്നതെന്തുകൊണ്ട് ?
- ശരിയോ തെറ്റോ എന്നു നോക്കാതെ, ഏതു നിയമവും മറികടന്ന് അതിവേഗത്തിൽ പ്രവർത്തിക്കുന്നവർക്ക് മുന്നേറാൻ കഴിയുമെന്നത് സ്വഭാവികമാണ്. നൈതിക ചിന്തകൾ അത്തരക്കാർക്ക് തടസ്സമാകുന്നില്ല.
- അതിരുകടന്ന ആത്മവിശ്വാസം പലയിടത്തും കഴിവായി തെറ്റിദ്ധരിക്കാറുണ്ട്. അതുകൊണ്ടുതന്നെ ചില ‘ചീത്ത മനസ്സുകൾ’ ആത്മവിശ്വാസം വാരി വിതറി അംഗീകാരങ്ങൾ നേടിയെടുക്കാൻ ശ്രമിക്കുന്നു. അതേസമയം, പല ‘നേരെ വാ നേരെ പോ’ ചിന്താഗതിക്കാരാവട്ടെ, സ്വന്തം കഴിവ് വെളിപ്പെടുത്തുന്നതിൽ അൽപം സംശയിക്കുന്നത് കാണാം.
- സ്വാർഥമായ ആവശ്യങ്ങളും അംഗീകാരങ്ങളും ഉറക്കെ ആവശ്യപ്പെട്ട് ചോദിച്ചു വാങ്ങുന്നതിൽ ലജ്ജയില്ലാത്തവർക്ക് പലപ്പോഴും അത് അനുവദിച്ചു കിട്ടുന്നു. അർഹരായവരാകട്ടെ, ഇങ്ങനെ പരസ്യമായി ചോദിക്കുന്നത് മോശമല്ലേ എന്ന് ചിന്തിച്ചിരിക്കും.
- ഇന്ന് ബിസിനസിലും രാഷ്ട്രീയത്തിലുമെല്ലാം ഫലം മാത്രമാണ് വിലമതിക്കപ്പെടുന്നത്. അതെങ്ങനെ നേടി എന്നു നോക്കാറില്ല.
- സ്വാർഥർക്ക്, എന്തും പറഞ്ഞും ചെയ്തും ബന്ധങ്ങൾ സ്ഥാപിക്കാൻ മനഃസാക്ഷിക്കുത്തുണ്ടാവാറില്ല. സഹായം ചോദിക്കാനും മടിയില്ല. മറ്റു ചിലരാകട്ടെ, തങ്ങളുടെ പ്രവൃത്തി സംസാരിക്കുന്നുണ്ടല്ലോ, കാണേണ്ടവർ അതു കണ്ടുകൊള്ളും എന്നു കരുതി നിശ്ശബ്ദരായിരിക്കും.
- വലിയ ബഹളവും മറ്റുംഇഷ്ടമില്ലാത്ത ശാന്തചിത്തർ പലപ്പോഴും റിസ്ക് ഒഴിവാക്കും. എന്നാൽ, ധൈര്യത്തോടെ റിസ്ക് എടുത്തവർക്ക് വേഗത്തിൽ നേട്ടമുണ്ടാക്കാം.
- പ്രഫഷനൽ ജീവിതത്തിൽ വിനയവും സൗമ്യതയും പലപ്പോഴും “ബലഹീനത” എന്നു കരുതപ്പെടുന്നു.
നീണ്ടുനിൽക്കില്ല, ഈ വിജയം
- അധാർമികമായി ഉയർന്നുവന്നവരുടെ നേട്ടങ്ങൾ പലപ്പോഴും പെട്ടെന്ന് തകർന്നുവീഴും. നല്ലവർ നല്ല പാരമ്പര്യം ബാക്കിയാക്കുന്നു. വൈകിയാണെങ്കിലും വിജയം അവരെ തേടിയെത്തും.
നല്ലവരേ, നിങ്ങൾ ചെയ്യേണ്ടത്
- നിങ്ങൾ കൈവരിച്ചതിനെ കുറിച്ച് ഉറക്കെ പറയുക. അംഗീകാരം വന്നു ചേരാൻ കാത്തിരിക്കേണ്ടതില്ല, നിങ്ങൾ ചെയ്തത് തെളിച്ചു പറയുക.
- അലിവുള്ളവരാകണം, അതേസമയം നിങ്ങളൊരു ദുർബലനാണെന്നു കരുതി മുതലെടുക്കാൻ നിന്നുകൊടുക്കരുത്.
- ബന്ധങ്ങൾ പടുത്തുയർത്താൻ ബോധപൂർവം പ്രവർത്തിക്കുക. പരസ്പരം അങ്ങോട്ടുമിങ്ങോട്ടും ഗുണമുള്ള കാര്യങ്ങൾക്കായി ബന്ധങ്ങൾ സൃഷ്ടിക്കാൻ മടിക്കേണ്ടതില്ല. വെളിച്ചത്തു വരുന്നതിൽ നാണം വിചാരിക്കേണ്ടതില്ല.
ആലോചിച്ചുറപ്പിച്ച റിസ്ക് എടുക്കുക. ഒരു റിസ്കും എടുത്തില്ലെങ്കിൽ ഒന്നും നടക്കില്ല. ആത്മവിശ്വാസം പ്രകടിപ്പിക്കാൻ കൂടിയുള്ളതാണ്. നിങ്ങൾ പൂർണമായും പെർഫെക്ട് അല്ലായിരിക്കാം. പക്ഷേ, നിങ്ങളുടെ മൂല്യങ്ങളിൽ ഉറച്ചുനിന്നുകൊണ്ട് പ്രവർത്തിക്കുക.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.