അതിജീവിതകൾക്ക് ആശ്വാസമേകി ‘സ്നേഹിത’
text_fieldsതൊടുപുഴ: അതിക്രമങ്ങൾക്കിരയാകുന്നവർക്ക് മാനസിക പിന്തുണയേകി ‘സ്നേഹിത’ എക്സ്റ്റെൻഷൻ കേന്ദ്രങ്ങൾ. പ്രവർത്തനം ആരംഭിച്ച് മൂന്നര മാസം പിന്നിടുമ്പോൾ ജില്ലയിൽ 87 പേർക്കാണ് ആശ്വാസമേകിയത്. വിവിധ തരത്തിലുളള അതിക്രമങ്ങൾക്കിരയായി പൊലീസ് സ്റ്റേഷനുകളിലെത്തുന്ന സ്ത്രീകൾക്കും കുട്ടികൾക്കും പൊലീസ് നിർദേശ പ്രകാരം കൗൺസലിങ് അടക്കമുളള മനസിക പിന്തുണയാണ് ഇവിടെയുറപ്പാക്കുന്നത്.
അഞ്ച് കേന്ദ്രങ്ങൾ; 87 കേസുകൾ
ഗാർഹിക പീഡനമുൾപ്പെടെ വിവിധ അതിക്രമങ്ങൾക്കിരയാകുന്ന സ്തീകൾക്കും കുട്ടികൾക്കും ആശ്രയമേകാൻ കുടുംബശ്രീ മിഷന് കീഴിൽ ജില്ല തലങ്ങളിൽ പ്രവർത്തിക്കുന്ന സ്നേഹിത ജെൻഡർ ഹെൽപ് ഡെസ്കിന്റെ നേതൃത്വത്തിലാണ് പൊലീസ് എക്സ്റ്റെൻഷൻ കേന്ദ്രങ്ങളുടെ പ്രവർത്തനം. ആഭ്യന്തര വകുപ്പുമായി ചേർന്ന് ഡി.വൈ.എസ്.പി ഓഫിസുകളോടനുബന്ധിച്ചാണ് മാർച്ച് 15 മുതൽ കേന്ദ്രങ്ങൾ പ്രവർത്തനമാരംഭിച്ചത്. ഇടുക്കി,തൊടുപുഴ,പീരുമേട്,കട്ടപ്പന,മൂന്നാർ ഡി.വൈ.എസ്.പി ഓഫിസുകളിലാണ് ജില്ലയിൽ സെൻററിന്റെ പ്രവർത്തനം. മൂന്നരമാസത്തിനിടെ 87 പേരാണ് സഹായം തേടിയെത്തിയത്.
കൂടുതൽ പേരെത്തിയത് കട്ടപ്പനയിൽ
മൂന്നരമാസത്തിനിടെ കൂടുതൽ പേർ കൗൺസലിങ് അടക്കമുളള പിന്തുണ തേടിയെത്തിയത് കട്ടപ്പനയിലാണ്. 54 പേരാണ് ഇവിടെയെത്തിയത്. മൂന്നാറിൽ 12 പേരും പീരുമേട്ടിൽ 11 പേരും തൊടുപുഴയിൽ എട്ടുപേരും ഇടുക്കിയിൽ രണ്ടുപേരും എക്സ്റ്റെൻഷൻ കേന്ദ്രങ്ങളിലെത്തി. പരിശീലനം ലഭിച്ച കമ്യൂണിറ്റി കൗൺസലർമാരാണ് ബുധൻ, വെള്ളി ദിവസങ്ങളിൽ ഇവിടങ്ങളിൽ അതിജീവിതകൾക്ക് ആശ്വാസമേകുന്നത്.
അതിജീവനത്തിന് കൈത്താങ്ങ്
അതിക്രമങ്ങൾക്കിരയാകുന്ന സ്ത്രീകൾക്കും കുട്ടികൾക്കും സൗജന്യ നിയമ-വൈദ്യ-താമസ-ഭക്ഷണ സൗകര്യങ്ങളൊരുക്കിയാണ് സ്നേഹിത ജെൻഡർ ഹെൽപ് ഡെസ്ക് പ്രവർത്തനം. നായരുപാറയിൽ പ്രവർത്തിക്കുന്ന ജില്ലാ കേന്ദ്രത്തിൽ ഇത്തരത്തിൽ ആയിരങ്ങൾക്കാണ് പിന്തുണയേകുന്നത്.ഇതിനായി പ്രത്യക പരിശീലനം ലഭിച്ച കൗൺസലർമാർ, സർവിസ് പ്രൊവൈഡർമാർ അടക്കം 11 ജീവനക്കാരും ഇവിടെയുണ്ട്. ഇതോടൊപ്പം രാത്രി തനിയെ യാത്രചെയ്യുന്ന സ്ത്രീകൾക്കായി താമസ സൗകര്യവും ഇവിടെയുണ്ട്.
മൂന്നരമാസത്തിനിടെ സ്നേഹിത എക്സ്റ്റൻഷൻകേന്ദ്രങ്ങളിലെത്തിയവർ
- കട്ടപ്പന-54
- മൂന്നാർ-12
- പീരുമേട്-11
- തൊടുപുഴ-08
- ഇടുക്കി-02--

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.