ആശങ്കയായി അമീബിക് മസ്തിഷ്ക ജ്വരം; പ്രതിരോധം ഊർജിതമാക്കുന്നു
text_fieldsകോഴിക്കോട്: തുടർച്ചയായി അമീബിക് മസ്തിഷ്ക ജ്വരം റിപ്പോർട്ട് ചെയ്യപ്പെടുന്നതിനാൽ ജില്ലയിൽ ആരോഗ്യവകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നു. ഇതിന്റെ ഭാഗമായി ഈ മാസം 30, 31 തീയതികളിൽ പ്രാദേശിക ജലസ്രോതസ്സുകൾ ക്ലോറിനേഷൻ നടത്തുന്നതിനായി ആരോഗ്യവകുപ്പും തദ്ദേശ സ്ഥാപനങ്ങളും സംയുക്തമായി സ്പെഷൽ ഡ്രൈവ് നടത്തും.
സംസ്ഥാനത്ത് പലയിടത്തും അമീബിക് മസ്തിഷ്ക ജ്വരം റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ സംഘടിപ്പിക്കണമെന്ന് തദ്ദേശ സ്ഥാപനങ്ങൾക്ക് സർക്കാർ നിർദേശം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സ്പെഷൽ ഡ്രൈവ് തീരുമാനിച്ചത്. ജില്ലയിൽ മൂന്നു പേർ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലുണ്ട്. താമരശ്ശേരി, ഓമശ്ശേരി, അന്നശ്ശേരി എന്നിവിടങ്ങളിലാണ് രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
ഈ മാസം 14ന് താമരശ്ശേരിയിൽ ഒമ്പതു വയസ്സുകാരി അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ചിരുന്നു. ഈ കുട്ടിയുടെ ഏഴു വയസ്സുകാരനായ സഹോദരൻ രോഗം ബാധിച്ച് ചികിത്സയിലാണ്. കുട്ടികൾ കുളിച്ച വീടിനു സമീപത്തെ കുളത്തിലെ വെള്ളത്തിലും അമീബയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. കിണറുകളിലെ വെള്ളത്തിൽ പോലും അമീബ സാന്നിധ്യം കണ്ടെത്തിയത് ജനങ്ങളെ ആശങ്കയിലാക്കിയിരിക്കുകയാണ്. സാധാരണ വെള്ളത്തിൽ പോലും അമീബയുടെ സാന്നിധ്യം ഉണ്ടാവാമെന്നിരിക്കെ, സമീപകാലത്ത് രോഗം കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെടുന്നത് ആരോഗ്യ വകുപ്പിനെയും ആശങ്കയിലാക്കിയിട്ടുണ്ട്.
ബ്ലീച്ചിങ് പൗഡർ ക്ഷാമം വെല്ലുവിളി
അമീബിക് മെനിഞ്ചൈറ്റിസ്, മഞ്ഞപ്പിത്തം, കോളറ എന്നിവ വ്യാപിക്കുന്ന സാഹചര്യത്തിൽ എല്ലാ കുടിവെള്ള സ്രോതസ്സുകളും പൊതു കിണറുകളും കുളങ്ങളും ക്ലോറിനേറ്റ് ചെയ്യാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് നിർദേശമുണ്ടെങ്കിലും ബ്ലീച്ചിങ് പൗഡർ ക്ഷാമം വെല്ലുവിളിയാവുന്നു. കെ.എം.എസ്.സി.എൽ വഴി ബ്ലീച്ചിങ് പൗഡർ ആവശ്യത്തിന് ലഭ്യമല്ലാതായതോടെ ആവശ്യമായ ബ്ലീച്ചിങ് പൗഡർ ലോക്കൽ പർച്ചേസ് വഴി വാങ്ങി ക്ലോറിനേഷൻ നടത്താനാണ് തദ്ദേശ സ്ഥാപനങ്ങൾക്ക് നിർദേശം നൽകിയത്.
ജാഗ്രത വേണം
വെള്ളത്തില്‍ സ്വതന്ത്രമായി ജീവിക്കുന്ന അമീബ വിഭാഗത്തില്‍പ്പെട്ട രോഗാണുക്കള്‍ തലച്ചോറിനെ ബാധിക്കുമ്പോഴാണ് അമീബിക് മസ്തിഷ്ക ജ്വരം (അമീബിക് എൻസെഫലൈറ്റിസ്) ഉണ്ടാകുന്നത്. കെട്ടിക്കിടക്കുന്ന വെള്ളത്തിലാണ് അമീബയുടെ സാന്നിധ്യത്തിന് സാധ്യത കൂടുതൽ.
45 ഡിഗ്രി ചൂടിനെ വരെ അമീബകൾക്ക് അതിജീവിക്കാൻ കഴിയും. കിണറുകളിലും കുളത്തിലും അമീബയുടെ സാന്നിധ്യമുണ്ടാവും. മൂക്കിലെ നേര്‍ത്ത പാളിയിലെ സുഷിരങ്ങള്‍ വഴിയോ കര്‍ണപടത്തിലുണ്ടാകുന്ന സുഷിരങ്ങള്‍ വഴിയോ ആണ് അമീബ തലച്ചോറിലേക്ക് കടക്കുന്നത്. അതിനാൽ കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കുളിക്കുന്നത് പരമാവധി ഒഴിവാക്കണം.
കടുത്ത തലവേദന, പനി, ഓക്കാനം, ഛർദി, കഴുത്ത് തിരിക്കാനും വെളിച്ചത്തിലേക്ക് നോക്കാനും ബുദ്ധിമുട്ട് എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. ഇവ അനുഭവപ്പെടുന്നവർ ചികിത്സ തേടണമെന്ന് ആരോഗ്യ വകുപ്പ് നിർദേശിച്ചു. വാട്ടര്‍ തീം പാര്‍ക്കുകളിലെയും സ്വിമ്മിങ് പൂളുകളിലെയും വെള്ളം കൃത്യമായി ക്ലോറിനേറ്റ് ചെയ്ത് രജിസ്റ്റർ സൂക്ഷിക്കാനും ആരോഗ്യവകുപ്പ് നിർദേശിച്ചിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.