അമീബിക് മസ്തിഷ്‍കജ്വരം: ഒരു മാസത്തിനിടെ മരിച്ചത് മൂന്നുപേർ; കുട്ടികളടക്കം 10 പേർ ചികിത്സയിൽ
text_fieldsകോഴിക്കോട്: ഒരു മാസത്തിനിടെ അമീബിക് മെനിഞ്ചൈറ്റിസ് ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്നായി. നിലവിൽ മാതൃശിശു സംരക്ഷണകേന്ദ്രത്തിൽ രണ്ട് കുട്ടികളടക്കം 10 പേരാണ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ രോഗം ബാധിച്ച് ചികിത്സയിലുള്ളത്. ഇതിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ ഒരു കുട്ടി നിരീക്ഷണത്തിലുമുണ്ട്.
നിരന്തരം രോഗം റിപ്പോർട്ട് ചെയ്യപ്പെടുന്നത് ആശങ്കക്കിടയാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് ഈ വർഷം അമീബിക് മസ്തിഷ്‍കജ്വരം ബാധിച്ച് ചകിത്സക്കിടെ മരിച്ചവരുടെ എണ്ണം 11 ആയി. 47 പേരാണ് ഈ വർഷം ഈ അസുഖത്തിന് ചികിത്സ തേടിയത്.
അതേസമയം, അമീബിക് മസ്തിഷ്‍കജ്വരം ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന മൂന്നു മാസം പ്രായമുള്ള കുഞ്ഞാണ് ഇന്ന് പുലർച്ചെ മരിച്ചത്. ഓമശ്ശേരി അമ്പലക്കണ്ടി കനിയംപുറം വീട്ടിൽ അബൂബക്കർ സിദ്ദീഖ് -മൈമൂന ദമ്പതികളുടെ മകനാണ് മരിച്ച മുഹമ്മദ് ആഹിൽ.
ആഗസ്റ്റ് നാല് മുതൽ മെഡിക്കൽ കോളജ് മാതൃശിശുസംരക്ഷണ കേന്ദ്രത്തിൽ അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്നു. പനിയുമായി മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിയ കുട്ടിയുടെ ശ്രവം വിശദപരിശോധനക്ക് അയക്കുകയും അമീബിക് മസ്തിഷ്‍കജ്വരം സ്ഥിരീകരിക്കുകയുമായിരുന്നു.
ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയിൽ വീട്ടിലെ കിണറ്റിലെ വെള്ളത്തിൽ നിന്നാണ് കുട്ടിക്ക് രോഗം വന്നതെന്ന് കണ്ടെത്തിയിരുന്നു. കുട്ടിയുടെ കുടുംബത്തിലെ മറ്റാർക്കും രോഗലക്ഷണങ്ങളില്ല. അതേസമയം, ഞായറാഴ്ച വേങ്ങര സ്വദേശിയായ 52കാരിയും മരിച്ചിരുന്നു.
അമീബിക് മസ്തിഷ്‌കജ്വരം പകരുന്നത് എങ്ങനെ?
സാധാരണ കാണപ്പെടുന്ന മസ്തിഷ്‌ക ജ്വരങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഏറെ ഗുരുതരവും മരണസാധ്യത കൂടുതലുള്ളതുമായ രോഗമാണ് പ്രൈമറി അമീബിക് മെനിഞ്ചോ എന്‍സഫലൈറ്റിസ് എന്ന അമീബിക് മസ്തിഷ്‌ക ജ്വരം. ജലാശയങ്ങളില്‍ കാണപ്പെടുന്ന നഗ്ലേറിയ ഫൗലേറി വിഭാഗത്തില്‍ പെടുന്ന അമീബയാണ് ഇതുണ്ടാക്കുന്നത്.
അമീബയുടെ സാന്നിധ്യമുള്ള വെള്ളത്തില്‍ മുങ്ങിക്കുളിക്കുമ്പോള്‍ മൂക്കിലൂടെയാണ് രോഗാണു തലച്ചോറില്‍ പ്രവേശിക്കുന്നത്. മുങ്ങിയും ചാടിയും കുളിക്കുമ്പോഴുണ്ടാകുന്ന സമ്മര്‍ദത്തില്‍ ജലാശയങ്ങളിലെ വെള്ളം മൂക്കിലൂടെ നെയ്‌സല്‍ മ്യൂകോസ വഴി മൂക്കിനും തലച്ചോറിനും ഇടയിലെ നേര്‍ത്ത ക്രിബ്രിഫോം പ്ലേറ്റിലെ ചെറിയ വിള്ളലിലൂടെ തലച്ചോറിലേക്ക് കടക്കുന്നു.
കുട്ടികളില്‍ ക്രിബ്രിഫോം പ്ലേറ്റ് വളരെ നേര്‍ത്തതും പൂര്‍ണമായും അടയാത്തതുമാവാം കൂടുതലും കുട്ടികളെ ബാധിക്കാന്‍ കാരണം. തലച്ചോറിനെ നേരിട്ട് ബാധിക്കുന്നതു കൊണ്ട് നേരത്തെ ഇത് ബ്രെയിന്‍ ഈറ്റിങ് അമീബ എന്നാണ് അറിയപ്പെട്ടിരുന്നത്. ഈ രോഗം മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പകരില്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.