അമീബിക് മസ്തിഷ്ക ജ്വരം ആകെ മരണമെത്ര?
text_fieldsകോഴിക്കോട്: ആശങ്കയുയർത്തി അമീബിക് മസ്തിഷ്ക ജ്വരം വ്യാപകമാകുമ്പോഴും ഔദ്യോഗിക രോഗ സ്ഥിരീകരണത്തിനുള്ള പി.സി.ആർ ലാബുകളുടെ കുറവ് പ്രതിസന്ധിക്കിടയാക്കുന്നു. ഇതുകാരണം രോഗികളുടെ എണ്ണത്തിലും അവ്യക്ത തുടരുകയാണ്. സംസ്ഥാനത്ത് തിരുവനന്തപുരം പബ്ലിക് ഹെൽത്ത് ലാബിൽ മാത്രമാണ് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിക്കുന്നതിനുള്ള പി.സി.ആർ പരിശോധന സൗകര്യമുള്ളത്. ഇവിടെനിന്ന് ഫലം വൈകുന്നത് ഓദ്യോഗികമായി രോഗം സ്ഥിരീകരിക്കുന്നതിന് തടസ്സമാകുകയാണ്.
കണക്കിൽ അവ്യക്തത
2025 സെപ്റ്റംബർ ഏഴുവരെ സംസ്ഥാനത്ത് 49 പേർക്കാണ് വെറ്റ്മൗണ്ട് പരിശോധനയിൽ അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ ചികിത്സ ആരംഭിക്കുകയും ചെയ്തു. എന്നാൽ, ഔദ്യോഗികമായി 18 പേർക്ക് മാത്രമായിരുന്നു രോഗ സ്ഥിരീകരണം. ബാക്കി 31 പേർ ആരോഗ്യവകുപ്പിന്റെ കണക്ക് പ്രകാരം രോഗം സംശയിക്കുന്നവർ മാത്രമാണ്. ഇക്കാലയളവിൽ ചികിത്സക്കിടെ 13 പേർ മരിച്ചെങ്കിലും രണ്ടുമരണങ്ങളാണ് ഓദ്യോഗികമായി സ്ഥിരീകരിച്ചത്. ഇതിനു പുറമേയാണ് തിങ്കളാഴ്ച കോഴിക്കോട് ഗവ. മെഡിക്കൽ കോളജിൽ നടന്ന മരണം. കോഴിക്കോട് മെഡിക്കൽ കോളജിൽ മാത്രം ഒരു മാസത്തിനിടെ അഞ്ചുപേർ മരിച്ചു.
കഴിഞ്ഞവർഷവും ഈ വർഷവുമായി സംസ്ഥാനത്ത് 88 പേർക്കാണ് രോഗം പിടിപെട്ടത്. 23 പേർ മരിക്കുകയും ചെയ്തു. 2024ൽ 36 പേർക്ക് രോഗം സ്ഥിരീകരിക്കുകയും ഒമ്പതുപേർ മരണത്തിന് കീഴടങ്ങുകയും ചെയ്തിരുന്നു. ഔദ്യോഗികമായി രോഗം സ്ഥിരീകരിക്കാത്ത മൂന്ന് കേസുകളും 2024ൽ റിപ്പോർട്ട് ചെയ്തു. 2023ൽ സംസ്ഥാനത്ത് രണ്ടുപേർക്ക് രോഗം സ്ഥിരീകരിക്കുകയും രണ്ടുപേരും മരിക്കുകയും ചെയ്തിരുന്നു.
സ്ഥിരീകരണം ഇങ്ങനെ
രോഗിയുടെ നട്ടെല്ലിൽനിന്ന് കുത്തിയെടുക്കുന്ന സെറിബ്രോ സ്പൈനൽ ഫ്ലൂയിഡിന്റെ പി.സി.ആർ ഫലം പോസിറ്റിവായാൽ മാത്രമാണ് ഔദ്യോഗികമായി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിക്കുന്നത്. എന്നാൽ, കോഴിക്കോട് ഗവ. മെഡിക്കൽ കോളജിൽ നിന്നടക്കം മാസങ്ങൾക്കു മുമ്പ് തിരുവനന്തപുരത്തേക്കയച്ച പല സ്രവങ്ങളുടെയും പി.സി.ആർ ഫലം ഇതുവരെ ലഭിച്ചിട്ടില്ലെന്ന് ആക്ഷേപമുണ്ട്. ചില സാമ്പിളുകൾ നെഗറ്റിവാകുകയും ചെയ്യും.
തണുപ്പ് ഇഷ്ടപ്പെടാത്തതും കടുത്ത ചൂടിനെ അതിജീവിക്കാൻ കഴിവുള്ളതുമായ അമീബകളാണ് അമീബിക് മെനിഞ്ചൈറ്റിസ് ഉണ്ടാക്കുന്നത്. സാമ്പിളുകൾ ശേഖരിക്കുന്നതിനും പരിശോധനക്കും ഇടയിലെ കാലതാമസവും വിദൂരങ്ങളിലേക്ക് കയറ്റിയയക്കുന്ന സമയത്തെ അന്തരീക്ഷത്തിലെ മാറ്റങ്ങളും അമീബയുടെ ഘടനയിൽ കാര്യമായ മാറ്റം വരുത്തുമെന്നും പരിശോധനയെ ബാധിക്കുമെന്നും വിദഗ്ധർ പറയുന്നു. ഫ്ലൂയിഡ് കുത്തിയെടുത്ത് ഉടൻ പരിശോധിച്ചാൽ മാത്രമേ രോഗം കൃത്യമായി നിർണയിക്കാൻ കഴിയുകയുള്ളൂ. രോഗിയുടെ ശരീരത്തിൽ നിന്നെടുക്കുന്ന അതേ ഊഷ്മാവിൽ തന്നെ ലാബിൽ പരിശോധനക്ക് വിധേയമാക്കണം.
പരിശോധന സങ്കീർണം
നെഗ്ലേറിയ ഫൗളേരി പോലുള്ള അമീബകൾ തണുപ്പ് അതിജീവിക്കില്ല. സാമ്പിളെടുത്ത് തണുത്ത പ്രതലത്തിലോ ഫ്രീസറിലോ സൂക്ഷിച്ചാൽ പിന്നീട് വെറ്റ്മൗണ്ട് പരിശോധനയിൽ അമീബയെ കണ്ടെത്താൻ കഴിയില്ല. സ്രവം കയറ്റിയയച്ച് ദിവസങ്ങൾക്ക് ശേഷം പി.സി.ആർ പരിശോധന നടത്തുമ്പോഴേക്കും സാമ്പിളുകളിൽ അമീബയുടെ സാന്നിധ്യം കാണാൻ കഴിയില്ലെന്നും ഫലം കൃത്യമാവില്ലെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. സാമ്പിൾ ശേഖരിക്കുന്നതിനും പരിശോധന നടത്തുന്നതിനും ഇടയിലെ സമയം അമീബയെ കണ്ടെത്തുന്നതിൽ സുപ്രധാനമാണ്. മറ്റ് രോഗാണുക്കളിൽനിന്ന് വ്യത്യസ്തമായി അമീബ ചലിച്ചുകൊണ്ടിരിക്കുന്ന ജീവിയാണ്.
സാമ്പിളെടുത്ത ഉടൻ പരിശോധന പ്രധാനമാണ്. സംസ്ഥാനത്ത് രോഗം വർധിച്ചുവരുന്ന സാഹചര്യത്തിൽ കോഴിക്കോട് ഗവ. മെഡിക്കൽ കോളജിൽ അടക്കം സംസ്ഥാനത്ത് കൂടുതൽ മെഡിക്കൽ കോളജുകളിൽ അമീബിക് മസ്തിഷ്കജ്വര പി.സി.ആർ പിശോധന സൗകര്യം ഏർപ്പെടുത്തണമെന്ന ആവശ്യം ശക്തമാണ്. രോഗ വ്യാപനത്തിന്റെ ഗൗരവം പരിഗണിച്ച് ലാബ് അടക്കമുള്ള സൗകര്യങ്ങൾ ഒരുക്കുന്നതിന് സർക്കാർ ജാഗ്രത പാലിക്കണമെന്നും ആരോഗ്യ പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.