ആയുഷ് വിഭാഗങ്ങൾക്കും മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകാം
text_fieldsതിരുവനന്തപുരം: കനത്ത പ്രതിഷേധങ്ങൾക്കൊടുവിൽ രോഗമുക്തി സർട്ടിഫിക്കറ്റ് നൽകാൻ ആയുഷ് വിഭാഗങ്ങൾക്കും അനുവാദം നൽകി പൊതുജനാരോഗ്യ ബില്‍ നിയമസഭ പാസാക്കി. ആയുഷ് വിഭാഗങ്ങളെ അപ്രസക്തമാക്കുംവിധം അലോപ്പതി വിഭാഗത്തിന് പ്രാമുഖ്യം നൽകുന്ന പരാമർശങ്ങളും വ്യവസ്ഥകളുമായിരുന്നു കരട് ബില്ലിലുണ്ടായിരുന്നത്.
ആയുഷ് വിഭാഗങ്ങളിൽനിന്ന് കടുത്ത പ്രതിഷേധമുയർന്ന സാഹചര്യത്തിലാണ് കരട് ബില്ലിലെ പരാമർശങ്ങൾ മാറ്റി സർക്കാർ വിശാല സമീപനം സ്വീകരിച്ചത്. സെലക്ട് കമ്മിറ്റി അംഗങ്ങളുടെ വിയോജിപ്പും വിവിധ സംഘടനകളുടെ എതിർപ്പും പരിഗണിച്ച് മാർച്ച് 13ന് ചേർന്ന അവസാന സെലക്ട് കമ്മിറ്റി യോഗം ആയുഷിനുമേൽ അലോപ്പതിക്ക് അധികാരം നൽകുന്ന വിവാദ നിർദേശങ്ങൾ ഒഴിവാക്കുകയായിരുന്നു.
ഇതോടെ, ഏത് വ്യക്തിക്കും ഏത് അംഗീകൃത ചികിത്സ രീതിയും സ്വീകരിക്കാം. ചികിത്സിക്കുന്ന ഡോക്ടർക്കുതന്നെ രോഗമമുക്തി സംബന്ധിച്ച മെഡിക്കൽ സർട്ടിഫിക്കറ്റും നൽകാമെന്ന് ബില്ലിലുണ്ട്. കരട് ബില്ലിൽ മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകാനുള്ള അധികാരം അലോപ്പതി ഡോക്ടർമാർക്കായി പരിമിതപ്പെടുത്തിയിരുന്നു. ഒപ്പം സാംക്രമിക രോഗങ്ങൾ കണ്ടെത്തിയാൽ അലോപ്പതി വിഭാഗത്തിന് റിപ്പോർട്ട് ചെയ്ത് കൈമാറണമെന്നുമുണ്ടായിരുന്നു. ഇതാണ് വിവാദങ്ങൾക്ക് കാരണമായത്.
സംസ്ഥാനത്ത് 1955ലെ ട്രാവന്‍കൂര്‍ കൊച്ചിന്‍ ആക്ടും 1939ലെ മദ്രാസ് ഹോസ്പിറ്റല്‍ ആക്ടുമാണുണ്ടായിരുന്നത്. ഇവ രണ്ടും ഉൾപ്പെടുന്ന ഏകീകൃത നിയമം വേണമെന്ന തീരുമാനത്തിന്‍റെ ഭാഗമായാണ് 2021 ഫെബ്രുവരിയില്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചത്. 2021 ഒക്‌ടോബര്‍ നാലിന് അസാധാരണ ഗസറ്റായി കേരള പൊതുജനാരോഗ്യ ബില്‍ പ്രസിദ്ധീകരിച്ചു. ഒക്‌ടോബര്‍ 27ന് ബില്‍ സഭയില്‍ അവതരിപ്പിക്കുകയും അന്നുതന്നെ സെലക്ട് കമ്മിറ്റിയുടെ പരിഗണനക്ക് അയക്കുകയും ചെയ്തു. ബില്ലിൽ ഗവർണർ ഒപ്പിടുന്നതോടെ 2023ലെ പൊതുജനാരോഗ്യ നിയമം നിലവിൽവരും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.