'ഒരാൾ കുഴഞ്ഞുവീണാൽ, എണീറ്റ് നിർത്താനോ ഇരുത്താനോ ശ്രമിക്കരുത്, വെള്ളം കുടിപ്പിക്കരുത്, നെഞ്ചുതടവരുത്'; ആത്മാർത്ഥത കൊണ്ട് നമ്മൾ ഈ ചെയ്യുന്നതെല്ലാം തെറ്റായ കാര്യങ്ങളെന്ന് മുരളി തുമ്മാരുകുടി
text_fieldsതിരുവനന്തപുരം: ആൾക്കൂട്ടം നോക്കിനിൽക്കെ പൊടുന്നനെ ആരോഗ്യമുള്ളവരെന്ന് കരുതുന്ന മനുഷ്യർ കുഴഞ്ഞുവീഴുന്നതും മരണപ്പെടുന്നതും കേരളത്തിൽ അടുത്തിടെയായി തുടർച്ചയായി കേൾക്കുന്ന വാർത്തകളാണ്. ചിലപ്പോഴെങ്കിലും കൂടെയുണ്ടായിരുന്ന മനുഷ്യരുടെ അറിവില്ലായ്മ രക്ഷപ്പെടാൻ സാധ്യതയുള്ള മനുഷ്യരെ മരണത്തിലേക്ക് തള്ളിവിടുന്നുവെന്നുവെന്ന് പറയുകയാണ് ദുരന്ത നിവാരണ വിദഗ്ധൻ മുരളി തുമ്മാരുകുടി.
കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നിയമസഭയില്‍ ഓണാഘോഷത്തിനിടെ ജീവനക്കാരൻ കുഴഞ്ഞുവീണ് മരിച്ചതിന്റെ പശ്ചാത്തലത്തിൽ സമൂഹമാധ്യമങ്ങളിലായിരുന്നു മുരളി തുമ്മാരുകുടിയുടെ കുറിപ്പ്.
ഒരാൾ പെട്ടെന്ന് കുഴഞ്ഞു വീണാൽ, എണീറ്റ് നിർത്താനോ ഇരുത്താനോ ശ്രമിക്കരുത്. വെള്ളം കുടിക്കാനോ, വെള്ളം മുഖത്ത് തളിക്കാനോ നെഞ്ച് തടവിക്കൊടുക്കാനോ ശ്രമിക്കരുത്. ആത്മാർത്ഥത കൊണ്ട് നമ്മൾ ഈ ചെയ്യുന്നതെല്ലാം തെറ്റായ കാര്യങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു.
'പെട്ടെന്ന് കുഴഞ്ഞു വീഴുന്നവർക്കുള്ള പ്രഥമ ശുശ്രൂഷ എളുപ്പമാക്കാനുള്ള ഉപകരണമാണ് എ.ഇ.ഡി. സ്വിറ്റ്സർലാൻഡിലെ എല്ലാ ഓഫീസുകളിലും പൊതുസ്ഥലങ്ങളിലും ബസുകൾ ഉൾപ്പെടെയുള്ള പൊതുഗതാഗത സംവിധാനങ്ങളിലും ഇപ്പോൾ എ.ഇ.ഡി ഉപകരണങ്ങൾ നിർബസമാക്കിയിട്ടുണ്ട്. രണ്ടു ലക്ഷം രൂപയാണ് ആമസോണിൽ വിലയായി കാണുന്നത്. ജീവന്റെ വില വച്ചു നോക്കുമ്പോൾ ഇതൊരു ആഡംബരമല്ല. നിങ്ങളുടെ ഓഫീസിലും വീട്ടിലും ഉള്ളവരെ ബേസിക് ലൈഫ് സപ്പോർട്ട് നിർബന്ധമായും പഠിപ്പിക്കണം. ഓഫീസിൽ പണം പിരിവിട്ടാണെങ്കിലും എ.ഇ.ഡി വാങ്ങാൻ ശ്രമിക്കണം'-മുരളീ തുമ്മാരുകുടി കൂട്ടിച്ചേർത്തു.
മുരളി തുമ്മാരുകുടിയുടെ ഫേസ്ബുക്ക് പോസ്റ്റ്
"കുഴഞ്ഞു വീഴുമ്പോൾ, കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി രണ്ടുപേർ കുഴഞ്ഞു വീഴുന്ന വാർത്തയും വീഡിയോയും കണ്ടു. ഒന്നാമത്തേത് ഒരു ബസിൽ യാത്ര ചെയ്യുന്ന സ്ത്രീ ആണ്. പെട്ടെന്ന് കുഴഞ്ഞ് സൈഡിലേക്ക് തിരിയുന്നു. പെട്ടെന്ന് അടുത്തുള്ളവർ ശ്രദ്ധിക്കുന്നു, തൊട്ടു മുന്നിലുള്ള സ്ത്രിയുടെ കയ്യിൽ ഒരു കുപ്പിയിൽ വെള്ളമുണ്ട് അത് കുട്ടിപ്പിക്കാൻ ശ്രമിക്കുന്നു.
ഇതാണ് വീഡിയോ. ആൾ പിന്നെ മരിച്ചു എന്നതാണ് വാർത്ത. രണ്ടാമത്തേത് ഒരാൾ ഡാൻസ് ചെയ്യുന്നതിനിടെ കുഴഞ്ഞു വീഴുന്നു. കൂടെ ഡാൻസ് ചെയ്യുന്നവർ കുറച്ചു സെക്കൻഡ് ശ്രദ്ധിക്കുന്നില്ല. പിന്നെ അദ്ദേഹത്തെ ചേർത്ത് എടുത്തുകൊണ്ടു പോകുന്നു. ഇതാണ് വീഡിയോ. ആൾ പിന്നെ മരിച്ചു എന്നതാണ് വാർത്ത
ഒരാൾ പെട്ടെന്ന് കുഴഞ്ഞു വീണാൽ, അല്ലെങ്കിൽ അപകടത്തിൽ പെട്ടു കിടക്കുന്ന കണ്ടാൽ ഒക്കെ സാധാരണക്കാർ ചെയ്യുന്ന കാര്യങ്ങളുണ്ട്
എണീറ്റ് നിർത്താനോ ഇരുത്താനോ ശ്രമിക്കുക. വെള്ളം മുഖത്ത് കളിക്കുക. വെള്ളം കുടിപ്പിക്കാൻ ശ്രമിക്കുക. നെഞ്ച് തടവിക്കൊടുക്കുക. ആത്മാർത്ഥത കൊണ്ടു ചെയ്യുന്നതാണെങ്കിലും തെറ്റായ കാര്യങ്ങളാണ്.
ഒരാൾ കുഴഞ്ഞു വീണാൽ വെള്ളം കൊടുക്കുകയോ നെഞ്ചു തിരുമ്മി കൊടുക്കുകയോ അല്ല വേണ്ടത്. "ബേസിക്ക് ലൈഫ് സപ്പോർട്ട്" എന്ന ഒരു പ്രോട്ടോക്കോൾ ഉണ്ട്.
ഇത് കുട്ടികൾ ഉൾപ്പടെ എല്ലാവരേയും നിർബന്ധമായി പഠിപ്പിക്കേണ്ടതാണ്. പ്രൊഫഷണൽ ഡ്രൈവർമാർ, അദ്ധ്യാപകർ, ഫ്ലാറ്റുകളിലെ ഉൾപ്പെടെ സുരക്ഷാ ജീവനക്കാർ ഇവരുടെ ഒക്കെ പരിശീലനത്തിന്റെ ഭാഗമാക്കണം. Lifesaver എന്ന ആപ്പ് ഇത് പരിശീലിപ്പിക്കുന്നുണ്ട്.
ഒരു പടി കൂടി കടന്നതാണ് AED stands for automated external defibrillator. പെട്ടെന്ന് കുഴഞ്ഞു വീഴുന്നവർക്കുള്ള പ്രഥമ ശുശ്രൂഷ എളുപ്പമാക്കാനുള്ള ഉപകരണമാണ്.
സ്വിറ്റ്സർലാൻഡിലെ എല്ലാ ഓഫീസുകളിലും പൊതുസ്ഥലങ്ങളിലും ബസുകൾ ഉൾപ്പെടെയുള്ള പൊതുഗതാഗത സംവിധാനങ്ങളിലും ഇപ്പോൾ AED ഉപകരണങ്ങൾ നിർബസമാക്കിയിട്ടുണ്ട്. രണ്ടു ലക്ഷം രൂപയാണ് ആമസോണിൽ വിലയായി കാണുന്നത്. ജീവന്റെ വില നോക്കുമ്പോൾ ഇതൊരു ആഡംബരമല്ല. നിങ്ങളുടെ ഓഫീസിലും വീട്ടിലും ഉള്ളവരെ BLS നിർബന്ധമായും പഠിപ്പിക്കണം. ഓഫീസിൽ പണം പിരിവിട്ടാണെങ്കിലും AED വാങ്ങാൻ ശ്രമിക്കണം. സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട."

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.