പുറത്തുപറയാൻ മടികാണും; പക്ഷേ, അവഗണിച്ചാൽ ജീവിതകാലം മുഴുവൻ ദുഃഖിക്കേണ്ടിവന്നേക്കാം!
text_fieldsനടുവേദന സാധാരണമാണ്. എന്നാൽ നടുവേദനക്കൊപ്പം മൂത്രമൊഴിക്കാൻ ബുദ്ധിമുട്ടോ കാലുകൾക്ക് ബലക്കുറവോ സ്വകാര്യഭാഗങ്ങളിൽ മരവിപ്പോ അനുഭവപ്പെടുന്നുണ്ടെങ്കിൽ അത് അടിയന്തര ചികിത്സ ആവശ്യമായ ഒരു നാഡീരോഗത്തിന്റെ മുന്നറിയിപ്പാകാം! ഈ ഗുരുതരാവസ്ഥയാണ് കൗഡ ഇക്വിന സിൻഡ്രോം (Cauda Equina Syndrome).
എന്താണ് കൗഡ ഇക്വിന സിൻഡ്രോം?
നട്ടെല്ലിന്റെ താഴ്ഭാഗത്ത് സുഷുമ്നാനാഡിയുടെ അറ്റത്തുനിന്ന് താഴേക്ക് നീളുന്ന നാഡികളുടെ കൂട്ടമാണ് കൗഡ ഇക്വിന (Cauda Equina). കാലുകളുടെ ചലനം, സ്പർശനശേഷി, മൂത്രമല നിയന്ത്രണം, ലൈംഗികപ്രവർത്തനങ്ങൾ എന്നിവയിൽ ഈ നാഡികൾക്ക് നിർണായക പങ്കുണ്ട്. ഇവ ശക്തമായി ഞെരുങ്ങി പ്രവർത്തനം തകരാറിലാകുന്ന അവസ്ഥയാണ് കൗഡ ഇക്വിന സിൻഡ്രോം.
എന്തുകൊണ്ടാണ് ഈ രോഗമുണ്ടാകുന്നത്?
പ്രധാന കാരണം നട്ടെല്ലിലെ ഡിസ്ക് പുറത്തേക്ക് തള്ളിവന്ന് നാഡികളെ അമർത്തുന്നതാണ് (Lumbar Disc Herniation).
മറ്റു കാരണങ്ങൾ: നട്ടെല്ലിലെ നാഡീപാത ചുരുങ്ങുന്നത് (Spinal Stenosis), നട്ടെല്ലിലെ മുഴകൾ (Spinal Tumours),അണുബാധയും പഴുപ്പ് അടിഞ്ഞുകൂടലും (Spinal Epidural Abscess), നട്ടെല്ലിനുണ്ടാകുന്ന ഗുരുതര പരിക്കുകളും രക്തസ്രാവവും.
ഏഴ് അപകടസൂചനകൾ
1. നടുവേദന, പ്രത്യേകിച്ച് കാലുകളിലേക്ക് പടരുന്ന വേദന.
2. ഒന്നോ രണ്ടോ കാലുകളിൽ മരവിപ്പ്, ബലക്കുറവ്, നടക്കാനുള്ള ബുദ്ധിമുട്ട്.
3. മൂത്രമൊഴിക്കാൻ തുടങ്ങാൻ ബുദ്ധിമുട്ട്, മൂത്രമൊഴിക്കുമ്പോഴുള്ള സാധാരണ അനുഭവം കുറയുക.
4. മൂത്രാശയം നിറഞ്ഞിട്ടും അറിയാതിരിക്കുക, മൂത്രം പൂർണമായി ഒഴിയാതിരിക്കുക.
5. മൂത്രമോ മലമോ നിയന്ത്രിക്കാനാകാതാകുക.
6. തുടകളുടെ ഉൾഭാഗം, ജനനേന്ദ്രിയങ്ങൾ, മലദ്വാരത്തിന് ചുറ്റുമുള്ള പ്രദേശങ്ങൾ എന്നിവിടങ്ങളിൽ സ്പർശനശേഷി കുറയുക (Saddle Anaesthesia). ശുചിമുറിയിൽ കഴുകുമ്പോൾ വെള്ളത്തിന്റെ സ്പർശം പഴയതുപോലെ അറിയാതിരിക്കുന്നതും ലക്ഷണമാകാം.
7. ലൈംഗികശേഷിയിലോ ലൈംഗികാനുഭവത്തിലോ പെട്ടെന്നുണ്ടാകുന്ന മാറ്റങ്ങൾ.
ഈ ലക്ഷണങ്ങളെല്ലാം ഒരുമിച്ച് ഉണ്ടാകണമെന്നില്ല. മൂത്രം അറിയാതെ പോകുന്നതുമാത്രമല്ല അപകടസൂചന. മൂത്രമൊഴിക്കാൻ തുടങ്ങാനുള്ള ബുദ്ധിമുട്ടും മൂത്രാശയം നിറഞ്ഞിട്ടും അറിയാതിരിക്കുന്നതും ആദ്യ മുന്നറിയിപ്പുകളാകാം. മൂത്രനിയന്ത്രണം പൂർണമായി നഷ്ടപ്പെടുന്നതുവരെ കാത്തിരിക്കുന്നത് അപകടകരമാണ്.
ലക്ഷണങ്ങൾ ഉണ്ടായാൽ എന്തുചെയ്യണം?
ഉടൻ ആശുപത്രിയിലെ അടിയന്തര ചികിത്സാവിഭാഗത്തിലെത്തുക. മൂത്രമൊഴിക്കുന്നതിലെ പുതിയ മാറ്റങ്ങൾ, സ്വകാര്യഭാഗങ്ങളിലെ മരവിപ്പ്, കാലുകളുടെ ബലക്കുറവ് എന്നിവ ഡോക്ടറോട് വ്യക്തമായി പറയുക. പഴയ എം.ആർ.ഐ.( MRI) റിപ്പോർട്ട് സാധാരണമായിരുന്നാലും പുതിയ ലക്ഷണങ്ങളെ അവഗണിക്കരുത്. അടുത്ത ദിവസത്തെ പരിശോധനയ്ക്കായി കാത്തിരിക്കരുത്.
എങ്ങനെ രോഗം സ്ഥിരീകരിക്കാം?
നാഡീവ്യവസ്ഥയുടെ പരിശോധനയ്ക്കൊപ്പം അടിയന്തരമായി നട്ടെല്ലിന്റെ എം.ആർ.ഐ. പരിശോധന (MRI Scan) നടത്തണം. മൂത്രാശയത്തിൽ മൂത്രം കെട്ടിക്കിടക്കുന്നുണ്ടോ എന്നും പരിശോധിക്കാം. എന്നാൽ മൂത്രം കെട്ടിനിൽക്കുന്നില്ലെന്നതുകൊണ്ടുമാത്രം രോഗമില്ലെന്ന് ഉറപ്പിക്കാനാവില്ല.
എല്ലാവിധ നടുവേദനയും അപകടകരമാണോ?
അല്ല, ഭൂരിഭാഗം നടുവേദനകളും ഈ രോഗം മൂലമല്ല. എന്നാൽ മേൽപ്പറഞ്ഞ പുതിയ മുന്നറിയിപ്പുകൾ പ്രത്യക്ഷപ്പെട്ടാൽ അവഗണിക്കരുത്.ഡിസ്ക് തള്ളുന്നത് സാധാരണമായി കാണപ്പെടുന്ന പ്രശ്നമാണ്. എന്നാൽ പുറത്തേക്ക് തള്ളിയ ഡിസ്ക് ഒന്നിലധികം നാഡികളെ ശക്തമായി അമർത്തുമ്പോൾ ഈ ഗുരുതരാവസ്ഥ ഉണ്ടാകാം. ചിലരിൽ നടുവേദന വളരെ കുറവായിരിക്കാം. അതിനാൽ വേദനയുടെ തീവ്രത മാത്രം നോക്കി അപകടസാധ്യത വിലയിരുത്തരുത്.
എന്താണ് ചികിത്സ?
നാഡികൾ ഗുരുതരമായി ഞെരുങ്ങിയതായി സ്ഥിരീകരിച്ചാൽ സാധാരണയായി അടിയന്തര ശസ്ത്രക്രിയയിലൂടെ സമ്മർദം ഒഴിവാക്കണം. നാഡികൾക്ക് സ്ഥിരമായ കേടുപാടുകൾ (Permanent Damage) സംഭവിക്കാനുള്ള സാധ്യത കുറയ്ക്കാൻ എത്രയും വേഗം ചികിത്സ നൽകണം. 24–48 മണിക്കൂർ കാത്തിരിക്കാമെന്ന ധാരണ തെറ്റാണ്! ശസ്ത്രക്രിയ ആവശ്യമായ രോഗികളിൽ അനാവശ്യമായ കാലതാമസം ഒഴിവാക്കണം. നേരത്തെയുള്ള ചികിത്സ മികച്ച വീണ്ടെടുപ്പിനുള്ള സാധ്യത വർധിപ്പിക്കും. വൈകിയെത്തിയാലും ചികിത്സയ്ക്ക് പ്രയോജനമുണ്ടാകാം.
ചികിത്സ വൈകിയാൽ ?
സ്ഥിരമായ കാലുകളുടെ ബലക്കുറവ്, നടക്കാനുള്ള വൈകല്യം, മൂത്രമല നിയന്ത്രണനഷ്ടം, ലൈംഗികപ്രശ്നങ്ങൾ എന്നിവ ഉണ്ടാകാം. ശസ്ത്രക്രിയയ്ക്കുശേഷവും നാഡികളുടെ പ്രവർത്തനം പൂർണമായി തിരിച്ചുകിട്ടണമെന്നില്ല. ചിലർക്ക് ദീർഘകാല പുനരധിവാസവും ആവശ്യമായി വരാം.
ശ്രദ്ധിക്കുക
നടുവേദനയ്ക്കൊപ്പം മൂത്രമൊഴിക്കുന്നതിൽ പുതിയ ബുദ്ധിമുട്ടോ സ്വകാര്യഭാഗങ്ങളിൽ മരവിപ്പോ കാലുകൾക്ക് വർധിച്ചുവരുന്ന ബലക്കുറവോ ഉണ്ടെങ്കിൽ മസാജ്, വീട്ടുചികിത്സ, വേദനസംഹാരികൾ എന്നിവയിൽ സമയം കളയരുത്. ഉടൻതന്നെ അടിയന്തര എം.ആർ.ഐ സൗകര്യമുള്ള ആശുപത്രിയിലെത്തുക. ഓർക്കുക. നടുവേദനയ്ക്കൊപ്പം അനുഭവപ്പെടുന്ന ചെറിയൊരു മരവിപ്പോ മൂത്രമൊഴിക്കുന്നതിലെ മാറ്റമോ ഗുരുതരമായ മുന്നറിയിപ്പാകാം. അത് അവഗണിച്ചാൽ നഷ്ടപ്പെടുന്നത് നടക്കാനും സ്വന്തം ശരീരത്തെ നിയന്ത്രിക്കാനുമുള്ള കഴിവായിരിക്കാം. സമയോചിതമായ തിരിച്ചറിവും ചികിത്സയും ജീവിതകാലത്തെ വൈകല്യങ്ങളിൽനിന്ന് രക്ഷിച്ചേക്കാം.

